അപൂർവ ജനിതകവ്യതിയാനമുള്ള ബീജദാതാവ്: ജനിച്ചത് 67-ൽ അധികം കുട്ടികൾ; 10 പേർക്ക് അർബുദം,സംഭവം യൂറോപ്പിൽ

യൂറോപ്പില്‍, അപൂര്‍വ ജനിതക വ്യതിയാനമുള്ള ബീജദാതാവില്‍നിന്ന് പിറന്ന കുട്ടികളില്‍ അര്‍ബുദബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അറുപത്തേഴിലധികം കുഞ്ഞുങ്ങളാണ് ഇദ്ദേഹത്തിന്റെ ബീജം ഉപയോഗിച്ച് ജന്മംകൊണ്ടത്. ഇതില്‍ പത്തുകുട്ടികള്‍ക്ക് അര്‍ബുദം സ്ഥിരീകരിച്ചുവെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2008-നും 2015-നും ഇടയിലാണ് ഇദ്ദേഹത്തിൻറെ ബീജം ഉപയോഗിച്ചുള്ള കുഞ്ഞുങ്ങൾ ജനിച്ചത്. ഇങ്ങനെ ജനിച്ച 23 കുഞ്ഞുങ്ങളിലും ബീജദാതാവിലെ അപൂര്‍വ ജനിതകം കണ്ടെത്തിയിട്ടുണ്ട്. ഇതിലെ തന്നെ പത്ത് കുട്ടികള്‍ക്കാണ് രക്താര്‍ബുദം സ്ഥിരീകരിച്ചത്.
അര്‍ബുദം സ്ഥിരീകരിക്കപ്പെട്ട രണ്ട് കുഞ്ഞുങ്ങളുടെ കുടുംബങ്ങള്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിനെ സമീപിച്ചതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായത്. കുട്ടികളിൽ സ്ഥിരീകരിച്ച അര്‍ബുദം അപൂര്‍വ ജനിതക വ്യതിയാനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അറിഞ്ഞതോടെയാണ് കുടുംബങ്ങള്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിനെ സമീപിച്ചത്.
TP53 എന്ന ജനിതകമാറ്റം സംഭവിച്ച ജീന്‍, ഒരു ബീജദാതാവിന്റെ ജനിതകത്തില്‍ ഉണ്ടായിരുന്നതായി ബീജവിതരണം നടത്തിയ യൂറോപ്യന്‍ സ്പേം ബാങ്ക് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ 2008-ല്‍ ബീജദാനം ചെയ്യുമ്പോൾ ബീജദാതാവ് ആരോഗ്യവാനാണെന്നാണ് കണ്ടെത്തിയിരുന്നത്. ഒരു ബീജദാതാവിന് 75 കുടുംബങ്ങള്‍ക്ക് ബീജം നല്‍കാനുള്ള അനുമതിയാണ് ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് നല്‍കുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ ബീജമുപയോഗിച്ചുള്ള ഗര്‍ഭധാരണത്തിലൂടെ എത്ര കുട്ടികള്‍ ജനിച്ചിട്ടുണ്ടെന്ന് ക്ലിനിക്ക് വെളിപ്പെടുത്തിയിട്ടില്ല.
ബീജദാനത്തിന് അന്താരാഷ്ട്ര തലത്തില്‍ ഏകീകൃത നിയമങ്ങള്‍ ഇല്ലാത്തതിനെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നതാണ് ഇത്തരം സംഭവങ്ങള്‍. വാടക ഗര്‍ഭ ധാരണത്തിനായി ഒരു ദാതാവിന്റെ ബീജം തന്നെ പല രാജ്യങ്ങളിലായി ഉപയോഗിക്കുന്നതിന്റെ സാമൂഹികവും മനഃശാസ്ത്രപരവുമായ അപകടങ്ങളെ പറ്റി വിദഗ്ധര്‍ ആശങ്ക പലപ്പോഴും ആശങ്ക ഉന്നയിച്ചിട്ടുണ്ട്.
Content Highlights: Genetic Defect in Sperm Donor Linked to Cancer in Multiple Children