ഒന്ന് നടന്നാലോ സ്റ്റെപ്പ് കയറിയാലോ ശ്വാസംമുട്ടും കിതപ്പുമാണോ?; കാരണങ്ങൾ ഇവയാകാം, ചികിത്സ വൈകരുത്

ശ്വാസമെടുക്കുന്നതിലുണ്ടാകുന്ന ബുദ്ധിമുട്ടിനെയോ അസ്വസ്ഥതയേയോ dyspnoea എന്നാണ് പറയുന്നത്. കുറഞ്ഞ ദൂരം നടന്നതിന് ശേഷമോ ഒന്ന് സ്റ്റെപ്പ് കയറിയാലോ ശ്വാസംമുട്ടുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, അപ്പോഴത്തെ അസ്വസ്ഥത സൗകര്യപൂർവം മറന്ന് ഇവരിൽ പലരും കൃത്യമായ ചികിത്സ തേടാൻ തയ്യാറാകില്ല. കുറഞ്ഞ ദൂരം നടന്നതിന് ശേഷം ശ്വാസംമുട്ടൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഗൗരവതരമായി എടുക്കേണ്ടതാണ്. പെട്ടെന്നോ ഇടയ്ക്കിടെയ്ക്കോ ആണ് ഈ വിഷയമുണ്ടാകുന്നതെങ്കിലും ശ്രദ്ധ വേണം.
വ്യായാമത്തിന് ശേഷമോ, ചൂടുള്ള കാലാവസ്ഥയിലോ, മാനസിക പിരിമുറുക്ക സമയത്തോ ശ്വാസംമുട്ടലുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ, ഇത് അടിക്കടി സംഭവിക്കുകയാണെങ്കിലോ വ്യക്തമായ കാരണമില്ലാതെ ഉണ്ടാവുകയാണെങ്കിലോ അത് ചില ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാം. ശ്വാസകോശത്തെയോ ഹൃദയത്തെയോ ബാധിക്കുന്ന പ്രശ്നങ്ങളോ, ഉത്കണ്ഠ പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളോ ഇതിന് കാരണമാകാം. കായികക്ഷമത കുറയുന്നതും ആവശ്യത്തിന് വ്യായാമം ചെയ്യാതിരിക്കുന്നതും ഈ ശ്വാസംമുട്ടലിന് കാരണമാകും. ശ്വാസംമുട്ടൽ ആവർത്തിച്ച് വരികയോ കൂടുതൽ വഷളാവുകയോ ചെയ്യുകയാണെങ്കിൽ അത് ഒരുകാരണവശാലും അവഗണിക്കരുത്.
കാരണങ്ങൾ പരിശോധിക്കാം
പൊണ്ണത്തടി
ബിഎംഐ (BMI) 30 അല്ലെങ്കിൽ അതിൽ കൂടുതലാണെങ്കിൽ ശ്രദ്ധവേണം. വയറിനും നെഞ്ചിനും ചുറ്റുമുള്ള അധിക കൊഴുപ്പ് ശ്വാസകോശത്തിന്റെ വികാസത്തെ തടസ്സപ്പെടുത്തുന്നു.
പൊണ്ണത്തടി ദൈനംദിന ജീവിതത്തിൽ ശ്വാസംമുട്ടലിന് കാരണമാകുമെന്ന് ബിഎംസി പൾമണറി മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തിയിരുന്നു.
സമീകൃതാഹാരം, വ്യായാമം, വൈദ്യോപദേശം എന്നിവയിലൂടെ ഭാരം നിയന്ത്രിക്കുന്നത് ശ്വാസോച്ഛ്വാസം എളുപ്പമാക്കാൻ സഹായിക്കും.
ഉത്കണ്ഠാ രോഗങ്ങൾ
- ശാരീരിക കാരണങ്ങളില്ലാതെയും ഉത്കണ്ഠാ രോഗങ്ങുണ്ടെങ്കിൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ടേക്കാം.
- സമ്മർദ്ദ സാഹചര്യങ്ങളിലെ അഡ്രിനാലിൻ ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും വർധിപ്പിക്കുന്നു.
- പാനിക് അറ്റാക്ക് കഠിനമായ ശ്വാസംമുട്ടൽ, നെഞ്ചുവേദന, എന്നിവയ്ക്ക് കാരണമായേക്കും.
- റിലാക്സേഷൻ ടെക്നിക്കുകൾ, ശ്രദ്ധയോടെയുള്ള ശ്വാസോച്ഛ്വാസം, തെറാപ്പി എന്നിവ ഉത്കണ്ഠയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
ആസ്ത്മ
- ശ്വാസനാളങ്ങളിൽ നീർവീക്കമുണ്ടാവുകയും അവ ഇടുങ്ങിയതാവുകയും ചെയ്യുന്ന അവസ്ഥയാണ് ആസ്ത്മ. വലിവ്, ചുമ, ശ്വാസംമുട്ടൽ. വ്യായാമം, അലർജി, തണുത്ത കാലാവസ്ഥ എന്നിവ രോഗത്തെ വഷളാക്കുന്നു.
- ഇൻഹേലറുകൾ ഉപയോഗിക്കുന്നത് ശ്വാസനാളങ്ങൾ തുറക്കാൻ സഹായിക്കും.
- രോഗകാരണമാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതും പതിവായ പരിശോധനകളും അത്യാവശ്യമാണ്.
ഹൃദയസ്തംഭനം
- ഹൃദയത്തിന് കാര്യക്ഷമമായി രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുന്ന അവസ്ഥയെ ശ്രദ്ധിക്കണം. ഇത് ശ്വാസകോശത്തിൽ ദ്രാവകം കെട്ടിക്കിടക്കുന്നതിനും, വിശ്രമിക്കുമ്പോഴോ കിടക്കുമ്പോഴോ പോലും ശ്വാസംമുട്ടലിനും കാരണമാകുന്നു.
- ക്ഷീണം, കാലുകളിലും കണങ്കാലുകളിലും നീര്, വിട്ടുമാറാത്ത ചുമ എന്നിവ ഹൃദയസ്തംഭനത്തിന്റെ ലക്ഷണമാണ്.
- നേരത്തെയുള്ള രോഗനിർണയം, മരുന്നുകൾ, ജീവിതശൈലിയിലെ മാറ്റങ്ങൾ, അല്ലെങ്കിൽ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശസ്ത്രക്രിയ എന്നിങ്ങനെയുള്ള ചികിത്സാ സാധ്യതയകളുണ്ട്.
ഹൃദയാഘാതം
- ഹൃദയത്തിന്റെ ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നതാണ് ഹൃദയാഘാതത്തിന് കാരണമാകുന്നത്.
- ഇത് നെഞ്ചുവേദന, ശ്വാസംമുട്ടൽ, തലകറക്കം, ഓക്കാനം എന്നിവയ്ക്ക് കാരണമാകുന്നു.
- ചിലപ്പോൾ, ശ്വാസംമുട്ടൽ മാത്രമായിരിക്കും ഒരേയൊരു ലക്ഷണം.
- അടിയന്തര വൈദ്യസഹായം ആവശ്യമുള്ള അവസ്ഥയാണ് ഹൃദയാഘാതം. ലക്ഷണങ്ങളുണ്ടായാൽ ഉടൻ വൈദ്യസഹായം തേടാം.
Chronic obstructive pulmonary disease (സിഒപിഡി)
- ക്രമേണ വഷളാകുന്ന ഒരു ശ്വാസകോശ രോഗമാണ് സിഒപിഡി. പുകവലിയോ മലിനീകരണോ ആകാം സാധാരണയായി രോഗത്തിന് കാരണമാകുന്നത്.
- രോഗം ശ്വാസനാളങ്ങൾ ഇടുങ്ങിയതാക്കും. ഇത്, നിരന്തരമായ ശ്വാസംമുട്ടലിനും വിട്ടുമാറാത്ത ചുമയ്ക്കും കാരണമാകുകയും ചെയ്യുന്നു.
- സിഒപിഡി നെഞ്ചിലെ അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു.
- പുകവലി നിർത്തുക, സ്റ്റിറോയിഡ് ഇൻഹേലറുകൾ ഉപയോഗിക്കുക, ശ്വസന വ്യായാമങ്ങൾ ചെയ്യുക എന്നിവയിലൂടെ രോഗത്തെ നിയന്ത്രിക്കാം.
ന്യുമോണിയ
- ബാക്ടീരിയ, വൈറസുകൾ അല്ലെങ്കിൽ ഫംഗസുകൾ മൂലമുണ്ടാകുന്ന ശ്വാസകോശത്തിലെ അണുബാധയാണ് ന്യൂമോണിയ.
- രോഗബാധ നീർവീക്കത്തിനും ദ്രാവകം കെട്ടിക്കിടക്കുന്നതിനും കാരണമാകുന്നു.
- ശ്വാസംമുട്ടൽ, നെഞ്ചുവേദന, പനി, കഫത്തോടുകൂടിയ ചുമ എന്നിവയാണ് ലക്ഷണങ്ങൾ.
- തീവ്രത കുറഞ്ഞതോ ജീവന് ഭീഷണിയാകുന്ന തലത്തിലോ രോഗം വന്നേക്കാം. തീവ്രത അനുസരിച്ച് ആൻറിബയോട്ടിക്കുകൾ, ആൻറിവൈറലുകൾ എന്നിങ്ങനെ വൈദ്യോപദേശത്തോടെ അടിയന്തര ചികിത്സ ആവശ്യമാണ്.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Experiencing breathlessness after walking or climbing stairs? Discover potential causes like obesity, anxiety, asthma, heart issues, COPD, & pneumonia. Get timely treatment.