ജിം പരിശീലനമില്ല, ശ്രദ്ധിച്ചത് ഭക്ഷണക്രമം; 26 കിലോ ശരീരഭാരം കുറച്ച് ബോണി കപൂർ, ചിത്രം വൈറൽ

ബോണി കപൂർ | Photo: AFP, X: @rikki48693
ബോണി കപൂർ | Photo: AFP, X: @rikki48693

സെലിബ്രിറ്റികളും അവരുടെ ജീവിതചര്യയും ഡയറ്റുമെല്ലാം എപ്പോഴും ചർച്ചാവിഷയമാണ്. ഇപ്പോഴിതാ, മുതിർന്ന നിർമാതാവ് ബോണി കപൂർ അടുത്തിടെ നടത്തിയ രൂപമാറ്റം സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ബോണി  26 കിലോ ശരീരഭാരം കുറച്ചതായാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

ജിം പരിശീലനത്തിന് പകരം ചിട്ടയായ ഭക്ഷണക്രമം പാലിച്ചാണ് ബോണി ശരീരഭാരം കുറച്ചത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അമിതമായി സംസ്കരിച്ച ഭക്ഷണങ്ങളും കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ വിഭവങ്ങളും ഒഴിവാക്കി. അത്താഴം ഒഴിവാക്കുകയും പകരം വൈകീട്ട് ലഘുവായ സൂപ്പ് ഭക്ഷണമാക്കുകയും ചെയ്തു. പഴങ്ങളും ജ്യൂസും റൊട്ടിയുമായിരുന്നു അദ്ദേഹത്തിന്റെ പ്രഭാതഭക്ഷണമെന്നും റിപ്പോർട്ടിൽ പറയുന്നു. 

നേരത്തെ, സമാനമായ രീതിയിൽ 14 കിലോ ശരീരഭാരം കുറച്ചുകൊണ്ട് ശ്രദ്ധേയനായ വ്യക്തിയാണ് ബോണി. ഫിറ്റ്നെസിനോടുള്ള താത്പര്യത്തിന് കാര്യം അന്തരിച്ച ഭാര്യ ശ്രീദേവിയാണെന്ന് പിന്നീട് ബോണി വെളിപ്പെടുത്തിയിരുന്നു. മുടിയുടെ ആരോ​ഗ്യം ശരിയാകണമെങ്കിൽ ആദ്യം ഭാരം കുറയ്ക്കണമെന്ന് ശ്രീദേവി പറയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 

Content Highlights: Boney Kapoor's Impressive 26 kg Weight Loss: Diet Secrets Revealed