എൺപത്തിയേഴിലും ചുറുചുറുക്കോടെ വ്യയാമം ചെയ്ത് നടി ഹെലൻ, വീഡിയോ പങ്കുവെച്ച് ട്രെയിനർ

പലവിധ രോഗങ്ങളേയും പ്രതിരോധിക്കുന്നതിൽ വ്യായാമത്തിന്റെ പങ്ക് വളരെവലുതാണ്. ജോലിത്തിരക്കുകളും മറ്റ് ഒഴിവുകഴിവുകളുമൊക്കെ പറഞ്ഞാണ് മിക്കവരും വ്യായാമം മുടക്കുന്നത്. എൺപത്തിയേഴാം വയസ്സിലും ചുറുചുറുക്കോടെ വ്യായാമം ചെയ്യുന്ന വിഖ്യാത ബോളിവുഡ‍് നടി ഹെലന്റെ വീഡിയോ ശ്രദ്ധനേടുകയാണ്. ഫിറ്റ്നസ് ട്രെയിനറായ യാസ്മിൻ കറാച്ചിവാലയാണ് ഹെലന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് ഹെലന്റെ ഫിറ്റ്നസ് രഹസ്യം വ്യായാമമാണെന്ന് യാസ്മിൻ പറഞ്ഞിരിക്കുന്നത്. ദിവസവും വ്യായാമം ഹെലൻ മുടക്കാറില്ലെന്ന് യാസ്മിൻ പറയുന്നു. ഹെലൻ ആന്റിക്കൊപ്പം വർക്കൗട്ട് ചെയ്യുന്ന ഓരോസമയവും പ്രായത്തിന് പരിധികളില്ലെന്ന് ഞാൻ എന്നെ ഓർമിപ്പിക്കും. അവർക്ക് എൺപത്തിയേഴ് വയസ്സ് തികയുകയാണ്. ഇപ്പോഴും നമ്മളിൽ മിക്കവരേക്കാളും ഉത്സാഹത്തോടെയും അച്ചടക്കത്തോടെയും സന്തോഷത്തോടെയും നിലകൊള്ളുന്നു. ഫിറ്റ് ആയിരിക്കാനും ആരോഗ്യം കാത്തുസൂക്ഷിക്കാനും പ്രായം ഒരിക്കലും ഒരു തടസ്സമാവില്ലെന്നും അതിന്റെ കൃത്യമായ ഉദാഹരണമാണ് ഹെലൻ എന്നും യാസ്മിൻ കുറിക്കുന്നു.
ജിമ്മിലെത്തുമ്പോൾ ഹെലനെക്കൊണ്ട് ചെയ്യിക്കാറുള്ള വ്യായാമങ്ങൾ ഏതൊക്കെയാണെന്നും യാസ്മിൻ വീഡിയോയിൽ പറയുന്നുണ്ട്.
വ്യായാമം ചെയ്യുംമുമ്പ് ശ്രദ്ധിക്കേണ്ടത്
- ഹൃദയത്തിന്റെയും മസ്തിഷ്‌കത്തിന്റെയുമൊക്കെ ചില പ്രശ്‌നങ്ങൾ ലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ നമുക്കുണ്ടായേക്കാം. ഡോക്ടറുടെ, വിദഗ്ധപരിശീലകരുടെ നിർദേശത്തോടെയാവാം വ്യായാമങ്ങൾ.
- എല്ലാവരുടേയും ശരീരം ഒരുപോലെയല്ല. ഒന്നും ചെയ്യാതെയിരുന്ന് പെട്ടന്നൊരു ദിവസം കഠിനവ്യായാമത്തിലേക്ക് കടക്കുന്നത് അനാരോഗ്യം ഉണ്ടാക്കിയേക്കും. മാനസികമായുള്ള തയ്യാറെടുപ്പും ഇതിന് പ്രധാനമാണ്.
- ഏതുതരം വ്യായാമമാണെങ്കിലും പതിയെ ചെയ്യാൻ തുടങ്ങാം. നടത്തം, ഓട്ടം, നീന്തൽ, വിവിധതരം കളികൾ, ജിമ്മിലെ വ്യായാമങ്ങൾ തുടങ്ങിയവയെല്ലാം ഘട്ടംഘട്ടമായി ചെയ്യാം. മാംസപേശികളെയും സന്ധികളെയും ചെറിയ വ്യായാമത്തിലൂടെ ശക്തിപ്പെടുത്തിക്കൊണ്ടുവരികയാണ് ആദ്യം വേണ്ടത്.
- ജിമ്മിലാണെങ്കിൽ ശരീരത്തെ ചെറിയ വ്യായാമങ്ങളിലൂടെ ഒരുക്കിയെടുത്ത ശേഷമേ സൈക്കിൾ, ട്രെഡ് മിൽ തുടങ്ങിയവയിലേക്ക് കടക്കാവൂ.
- പ്രഷർ, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ തുടങ്ങിയവയെല്ലാം ഉണ്ടാകാം. സ്ത്രീകളിലാണെങ്കിൽ കൂടുതലായി ഫൈബ്രോയിഡ്, പി.സി.ഒ.ഡി., തൈറോയിഡ് പ്രശ്‌നം ഒക്കെയുണ്ട്. ഡോക്ടറോടോ ട്രെയിനറോടോ ഫിസിയോതെറാപ്പിസ്റ്റിനോടോ സംസാരിച്ചശേഷം അനുയോജ്യമായ വ്യായാമത്തിലേക്ക് കടക്കാം.
- നടുവേദന, മുട്ടുവേദന ഒക്കെ ഉള്ളവർ ഭാരമെടുക്കുന്നതുപോലുള്ള വ്യായാമങ്ങളിലേക്ക് കടക്കരുത്.
വ്യായാമത്തിന് മുമ്പ് ശ്രദ്ധിക്കാം ഇവ
- വ്യായാമത്തിന് മുൻപ് വാം അപ് നിർബന്ധമാണ്. കൈകാലുകൾക്ക് സ്ട്രെച്ചിങ് നൽകണം. അഞ്ചുമിനിറ്റ് വാംഅപ് ചെയ്തശേഷം വ്യായാമത്തിലേക്ക് കടക്കാം.
- വർക്ക്ഔട്ടിന് മുൻപ് പ്രീവർക്ക് ഔട്ട് മീൽസ് കഴിക്കാം.
- മധുരമില്ലാത്ത പഴമോ ജ്യൂസോ മതിയാകും.
- ആദ്യഘട്ടത്തിൽ ശരീരത്തെ വഴക്കമുള്ളതാക്കുന്ന വ്യായാമങ്ങളാണ് ചെയ്യേണ്ടത്. തുടർന്ന് ശരീരഭാരം കുറയ്ക്കുന്ന തീവ്രതയേറിയ വ്യായാമങ്ങൾ ചെയ്തുതുടങ്ങാം.
- അമിതഭാരമുള്ളവർ ഒരു പേഴ്സണൽ ട്രെയിനറുടെ കീഴിൽ പരിശീലനം ചെയ്യുന്നതാണ് നല്ലത്. വര്‍ക്ക്ഔട്ട്, ഭക്ഷണം എന്നിവയെക്കുറിച്ച് കൃത്യമായ നിർദേശം ലഭിക്കാൻ അത് നല്ലതാണ്.
- വ്യായാമത്തിനിടെ ക്ഷീണം തോന്നിയാൽ വിശ്രമിക്കുകയും ദാഹിക്കുമ്പോൾ ആവശ്യത്തിന് വെള്ളംകുടിക്കുകയും വേണം.
Content Highlights: Discover Bollywood legend Helen`s inspiring fitness routine at 87