വയര്‍ വീർത്തതുപോലുള്ള തോന്നൽ എപ്പോഴുമുണ്ടോ? നീണ്ടുനിൽക്കുന്നത് ശ്രദ്ധിക്കണം, എല്ലാത്തിനും കാരണം ഭക്ഷണമല്ല

ഭക്ഷണം കഴിച്ചാലുടൻ വയര്‍ സ്തംഭിച്ചതുപോലെയും വീർത്തതുപോലെയുമൊക്കെ അനുഭവപ്പെടുന്നുവെന്ന് പരാതിപ്പെടുന്നവർ നിരവധിയുണ്ട്. എന്നാൽ വയറുവീർക്കുന്നതിന് പിന്നിൽ അഞ്ച് കാര്യങ്ങൾ ഉണ്ടെന്ന് പറയുകയാണ് ന്യൂട്രീഷണിസ്റ്റായ ഡോ. എമ്മാ ഡെർബിഷിയർ. ഒരു അഭിമുഖത്തിനിടെയാണ് എമ്മ ഇതേക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ഭക്ഷണം മാത്രമല്ല മറ്റ് ചില കാര്യങ്ങൾ കൂടി വയര്‍ വീർക്കാൻ കാരണമാകുമെന്ന് പറയുകയാണ് എമ്മ.
ഭക്ഷണം കഴിച്ചതിനുശേഷം വയര്‍ വീർത്തതായി തോന്നുക, ഗ്യാസ്ട്രിക് സംബന്ധമായ പ്രശ്നങ്ങൾ അധികരിക്കുക തുടങ്ങിയവ ചിലരിൽ കാണാറുണ്ട്. ഇതിന് അഞ്ച് കാരണങ്ങളാണ് എമ്മ ചൂണ്ടിക്കാട്ടുന്നത്. ഗ്യാസ്ട്രിക് സംബന്ധം, നീർക്കെട്ട് മൂലം, ഹോർമോണൽ അസന്തുലിതാവസ്ഥ, ഭക്ഷണത്തോടുള്ള അലർജി, ദഹനപ്രക്രിയ മന്ദഗതിയിലാവുന്നത് തുടങ്ങിയവയാണ് എമ്മ പറയുന്ന അഞ്ച് കാര്യങ്ങൾ. സമ്മർദം, മലബന്ധം, ഉത്കണ്ഠ, ഇറിറ്റബിൾ ബവൽ സിൻഡ്രോം തുടങ്ങിയവയും കാരണമാകാമെന്ന് എമ്മ പറയുന്നു.
പയർ പരിപ്പ് വർഗങ്ങൾ, ഗ്ലൂട്ടൻ അമിതമായുള്ള ആഹാരം, ശീതള പാനീയങ്ങള്‍, പാലുത്പന്നങ്ങൾ, ഷുഗർ ഫ്രീ സ്വീറ്റ്നേഴ്സ്, ജങ്ക് ഫുഡ്, എരിവുകൂടിയ ഭക്ഷണങ്ങൾ തുടങ്ങിയവയും വയര്‍ വീർക്കാനുള്ള സാധ്യത കൂട്ടുമെന്ന് എമ്മ പറയുന്നു. ഇത്തരം ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കുന്നതിന് പകരം മിതമായി ഉപയോഗിക്കുന്നത് ശീലമാക്കാം.
ഏറ്റവും മികച്ച പരിഹാരമായി എമ്മ നിർദേശിക്കുന്നത് ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ഇതിനൊപ്പം ചെറുനടത്തം, അയഞ്ഞ വസ്ത്രം ധരിക്കുക തുടങ്ങിയവ ആശ്വാസം പകരും. സമ്മർദം കൂടുന്ന അവസരങ്ങൾ തിരിച്ചറിഞ്ഞ് അത് കുറയ്ക്കാനും ഭക്ഷണത്തോടുള്ള അലർജിയുണ്ടെങ്കിൽ അവ ഒഴിവാക്കാനും എമ്മ പറയുന്നുണ്ട്. ശ്വസന വ്യായാമം, മദ്യപാനം കുറയ്ക്കുക, ഭക്ഷണം ചെറിയ അളവിൽ കഴിക്കുക, വീട്ടിൽതന്നെ ചെയ്യാവുന്ന ചെറുവ്യായാമങ്ങൾ ശീലമാക്കുക, പച്ചക്കറികളും പഴവർഗങ്ങളും കഴിക്കുക തുടങ്ങിയവയും ഗുണം ചെയ്യും.
വല്ലപ്പോഴും വയര്‍ വീർക്കുന്നത് പ്രശ്നകരമല്ലെങ്കിലും മൂന്നാഴ്ചയിൽ കൂടുതൽ നീണ്ടുനിന്നാൽ നിസ്സാരമാക്കരുതെന്നും എമ്മ എടുത്തുപറയുന്നുണ്ട്. ആഴ്ചയിൽ മൂന്നോ നാലോ തവണയൊക്കെ അനുഭവപ്പെടുന്നുണ്ടെങ്കിലും ഒപ്പം വേദന, പനി, മലത്തിൽ രക്തം, ഛർദി, നെഞ്ചെരിച്ചിൽ, വിശപ്പില്ലായ്മ തുടങ്ങിയവ ഉണ്ടെങ്കിലും ഡോക്ടറെ കാണാൻ വൈകരുത്. എല്ലായ്പ്പോഴും കഴിക്കുന്ന ഭക്ഷണം മാത്രമല്ല മറ്റു കാരണങ്ങളും വയര്‍ വീർക്കാൻ കാരണമാകുമെന്നും അത് തിരിച്ചറിഞ്ഞ് വിദഗ്ധസഹായം ഉറപ്പുവരുത്തണമെന്നും പറയുകയാണ് എമ്മ.
Content Highlights: Feeling bloated after meals? Discover 5 common causes of a bloated stomach,