മൂത്രാശയ അർബുദം സ്ഥിരീകരിക്കാൻ ലളിതമായ മൂത്രപരിശോധന, 92% കൃത്യതയെന്ന് ഗവേഷകർ

മൂത്രാശയ കാൻസർ സ്ഥിരീകരണത്തിൽ വഴിത്തിരിവായേക്കാവുന്ന പരിശോധന വികസിപ്പിച്ച് ഗവേഷകർ. 92% കൃത്യതയോടെ മൂത്രാശയ അർബുദം സ്ഥിരീകരിക്കാനായെന്നാണ് ഗവേഷകർ പറയുന്നത്. യൂറോപ്യൻ മെഡിക്കൽ ജേർണലിൽ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രോഗവ്യാപനമുണ്ടായി മറ്റ് അവയവങ്ങളിലേക്ക് പടർന്നുപിടിക്കുന്നത് തടയാൻ മൂത്രാശയ അർബുദം നേരത്തേ കണ്ടെത്തൽ പ്രധാനമാണ്. ബയോപ്സി എടുത്ത് ലബോറട്ടറിയിൽ പരിശോധിക്കുന്ന പരമ്പരാഗത രീതിക്ക് പകരം ലളിതമായ മൂത്രപരിശോധനയിലൂടെ രോഗനിർണയം നടത്താമെന്നാണ് ഗവേഷകരുടെ വാദം. GALEAS Bladder urine testഎന്നു പേരിട്ടിരിക്കുന്ന പരിശോധനാരീതി വികസിപ്പിച്ചെടുത്തതത് ബിർമിങ്ങാം സർവകലാശാലയ്ക്കു കീഴിലുള്ള ബ്ലാഡർ കാൻസർ റിസർച്ച് സെന്ററാണ്.
മൂത്രപരിശോധനയിലൂടെ 77-ൽ 71 മൂത്രാശയ അർബുദങ്ങളും കണ്ടെത്താനായെന്ന് ഗവേഷകർ പറയുന്നു. 36-ൽ 35 ഹൈ-ഗ്രേഡ് മൂത്രാശയ അർബുദങ്ങളെ തിരിച്ചറിയാനും കഴിഞ്ഞു. പഠനത്തിൽ പങ്കെടുത്തവരിൽ ഏകദേശം 30% പേർക്കും പുറമേക്ക് പ്രകടമല്ലെങ്കിലും മൂത്രത്തിൽ രക്തം ഉണ്ടായിരുന്നു. ഇക്കൂട്ടരിൽ മൂത്രാശയ അർബുദവും സ്ഥിരീകരിച്ചു.
ഏഴ് എൻ.എച്ച്.എസ്. ആശുപത്രികളിലെ 964 രോഗികളിൽ നടത്തിയ പരിശോധനകളെ അടിസ്ഥാനമാക്കിയുള്ളതാണ് കണ്ടെത്തലുകൾ. നെഗറ്റീവ് ഫലം ലഭിച്ചവരിൽ അർബുദബാധയില്ലാതിരിക്കാൻ 99.3% സാധ്യതയാണെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.
ലക്ഷണങ്ങൾ: തിരിച്ചറിയാം നേരത്തെ
മൂത്രാശയ കാൻസറിന്റെ ലക്ഷണങ്ങൾ പലപ്പോഴും മൂത്രനാളിയുമായുള്ള അണുബാധയായി (UTI) തെറ്റിദ്ധരിക്കപ്പെടാറുള്ളതാണ്. പ്രധാനമായും ശ്രദ്ധിക്കേണ്ടവ:
മൂത്രത്തിലൂടെ രക്തം വരിക (Hematuria): ഇതാണ് ഏറ്റവും പ്രധാന ലക്ഷണം. വേദനയില്ലാതെ മൂത്രത്തിൽ രക്തം കാണപ്പെടുക, പിന്നീട് അത് താനേ മാറുകയും ആഴ്ചകൾക്ക് ശേഷം വീണ്ടും വരികയും ചെയ്യുന്നത് മൂത്രാശയ അർബുദത്തിന്റെ പ്രധാന സൂചനയാണ്.
മൂത്രമൊഴിക്കുമ്പോൾ ബുദ്ധിമുട്ട്: അടിക്കടി മൂത്രമൊഴിക്കാൻ തോന്നുക, മൂത്രമൊഴിക്കുമ്പോൾ പുകച്ചിലോ വേദനയോ അനുഭവപ്പെടുക.
വിട്ടുമാറാത്ത അണുബാധ: ആന്റിബയോട്ടിക് കഴിച്ചിട്ടും മാറാത്ത മൂത്രത്തിലെ അണുബാധകൾ ഗൗരവമായി കാണണം.
ഓർക്കുക: മൂത്രത്തിൽ ഒരു തവണയെങ്കിലും രക്തം കണ്ടാൽ, വേദനയില്ലല്ലോ എന്ന് കരുതി അത് അവഗണിക്കരുത്. ഉടൻ തന്നെ ഒരു യൂറോളജിസ്റ്റിനെ (Urologist) കാണുക.
വൈകുന്നത് അപകടകരം
രോഗലക്ഷണങ്ങൾ കണ്ടിട്ടും ഡോക്ടറെ കാണാൻ മടിക്കുന്നത് ചികിത്സയുടെ വിജയസാധ്യത കുറയ്ക്കുന്നു.
വ്യാപനം തടയാൻ: മൂത്രാശയ അർബുദം തുടക്കത്തിൽ മൂത്രസഞ്ചിയുടെ ഉൾപാളിയിൽ മാത്രമായിരിക്കും (Non-muscle invasive). ഈ ഘട്ടത്തിൽ ചികിത്സ എളുപ്പമാണ്. എന്നാൽ വൈകുംതോറും ഇത് മൂത്രസഞ്ചിയുടെ പേശികളിലേക്കും മറ്റ് ആന്തരിക അവയവങ്ങളിലേക്കും വ്യാപിക്കുന്നു.
അതിജീവന നിരക്ക് (Survival Rate): ആദ്യഘട്ടത്തിൽ രോഗം കണ്ടെത്തുന്നവരിൽ 95 ശതമാനത്തിലധികം പേരും പൂർണ്ണമായി സുഖം പ്രാപിക്കാറുണ്ട്. എന്നാൽ രോഗം പടർന്നുകഴിഞ്ഞാൽ ഇത് വലിയ വെല്ലുവിളിയാകും.
ചികിത്സാരീതികൾ: നേരത്തെ കണ്ടെത്തിയാൽ ചെറിയ ശസ്ത്രക്രിയകളിലൂടെയോ മരുന്നുകളിലൂടെയോ മൂത്രസഞ്ചി നിലനിർത്തിക്കൊണ്ട് തന്നെ ചികിത്സിക്കാം. വൈകിയാൽ മൂത്രസഞ്ചി പൂർണമായും നീക്കം ചെയ്യേണ്ടി വന്നേക്കാം.
എന്തുകൊണ്ട് ഡോക്ടറെ കാണാൻ മടിക്കുന്നു?
പലപ്പോഴും രോഗഭീതിയേക്കാൾ ലജ്ജയും അറിവില്ലായ്മയുമാണ് രോഗികളെ പിന്നോട്ടടിക്കുന്നത്.
സാധാരണ അണുബാധയാണെന്ന ധാരണ: സ്ത്രീകൾ പലപ്പോഴും ഇത് ആർത്തവവിരാമത്തോടനുബന്ധിച്ചുള്ള പ്രശ്‌നങ്ങളായോ സാധാരണ അണുബാധയായോ കരുതി അവഗണിക്കാറുണ്ട്.
തുറന്നുപറയാനുള്ള മടി: മൂത്രസംബന്ധമായ പ്രശ്‌നങ്ങൾ മറ്റുള്ളവരോട് പറയാനുള്ള മടി പലരെയും രോഗം മൂർച്ഛിക്കുന്ന അവസ്ഥയിൽ എത്തിക്കുന്നു.
ഭയം: കാൻസർ ആണെന്ന് അറിഞ്ഞാലുള്ള മാനസിക വിഷമം ഭയന്ന് പരിശോധനകൾ നീട്ടിവെക്കുന്നവരുണ്ട്. എന്നാൽ ഭയമല്ല, കൃത്യമായ അറിവാണ് ചികിത്സയിൽ വേണ്ടത്.
(മൂത്രാശയ അർബുദം സംബന്ധിച്ച വിവരങ്ങൾക്ക് കടപ്പാട്: ഡോ. അരുൺ ആർ വാര്യർ, സീനിയർ കൺസൽട്ടന്റ് - മെഡിക്കൽ ഓങ്കോളജി ആസ്റ്റർ മെഡ്സിറ്റി, കൊച്ചി)
Content Highlights: A new urine test identifies bladder cancer early, preventing spread to other organs, with findings based on tests from seven NHS hospitals.