ബംഗ്ലാദേശിൽ അഞ്ചാംപനി ബാധിച്ച് 250 മരണം, വാക്സിനേഷൻ പരിപാടികളിലുണ്ടായ പാളിച്ചയെന്ന് വിലയിരുത്തൽ

ബംഗ്ലാദേശിനെ ആശങ്കയിലാക്കി അഞ്ചാംപനി വ്യാപനം. കുട്ടികളുൾപ്പെടെ 250 പേരാണ് രോഗംബാധിച്ച് ഇതുവരെ മരണമടഞ്ഞത്. അയൽരാജ്യമായ ബംഗ്ലാദേശിലെ ഈ സാഹചര്യം ഇന്ത്യക്കും മ്യാൻമറിനും ഭീഷണിയാണെന്നും അതിർത്തി കടന്നുള്ള രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പകർച്ചവ്യാധിയായ അഞ്ചാംപനി നിയന്ത്രിക്കാൻ ബംഗ്ലാദേശ് ഇപ്പോൾ അടിയന്തര വാക്സിനേഷൻ നടപടികൾ സ്വീകരിച്ചു വരികയാണ്.
ബംഗ്ലാദേശിലെ വാക്സിനേഷൻ പരിപാടികളിലുണ്ടായ പാളിച്ചകളാണ് ഈ ഗുരുതരമായ അവസ്ഥയ്ക്ക് കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വാക്സിനേഷൻ നിരക്കിൽ വലിയ കുറവുണ്ടായിട്ടുണ്ട്. രാഷ്ട്രീയ അസ്ഥിരതയും ഭരണപരമായ പിഴവുകളും കാരണം 2025-ൽ വാക്സിനേഷൻ എടുത്ത കുട്ടികളുടെ നിരക്ക് 59.6 ശതമാനമായി കുറഞ്ഞു. 2020-ന് ശേഷം രാജ്യത്ത് വിപുലമായ വാക്സിനേഷൻ യജ്ഞങ്ങൾ നടക്കാത്തതും രോഗം പടരാൻ ഇടയാക്കി.
ബംഗ്ലാദേശിലെ 64 ജില്ലകളിൽ 58 എണ്ണത്തിലും, എട്ട് ഡിവിഷനുകളിലും അഞ്ചാംപനി വ്യാപനം പിടിമുറുക്കിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. "ഈ വർഷം മാർച്ച് 15 മുതൽ 43 പേർ രോഗം ബാധിച്ച് മരിച്ചു. ഇതേ കാലയളവിൽ, സംശയിക്കുന്ന അഞ്ചാംപനി മരണങ്ങളുടെ എണ്ണം 216 ആണ്," ഏപ്രിൽ 26ന് ബംഗ്ലാദേശ് സംബാദ് സംസ്ഥ റിപ്പോർട്ട് ചെയ്തിങ്ങനെ. ഒരു വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികളിലാണ് 91% അഞ്ചാംപനി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് ദി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു.
താരിഖ് റഹ്‌മാൻ നയിക്കുന്ന ബിഎൻപി സർക്കാർ ആറ് മാസം പ്രായമുള്ള കുട്ടികളെ ലക്ഷ്യമിട്ട് അടിയന്തര പ്രതിരോധ കുത്തിവെപ്പ് യജ്ഞം ആരംഭിച്ചുകൊണ്ട് സാഹചര്യം നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ വ്യാപനത്തിന്റെ തോത് ഉയർന്നതിനാൽ രോഗം ഇന്ത്യ ഉൾപ്പെടെയുള്ള അതിർത്തികളിലേക്ക് പടരുമെന്ന ഭയം വർദ്ധിച്ചിട്ടുണ്ട്. ഏപ്രിൽ 23ന് പ്രസിദ്ധീകരിച്ച ലോകാരോഗ്യ സംഘടന റിപ്പോർട്ട്, അതിർത്തി കടന്നുള്ള രോഗവ്യാപനത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിൽ മീസിൽസ് വ്യാപകമായതിനാൽ, പുതിയ പ്രാദേശിക വ്യാപനങ്ങളുടെ അപകടസാധ്യത ഉയർന്നതായി റിപ്പോർട്ട് വിലയിരുത്തി.
ഇന്ത്യയുമായുള്ള അതിർത്തി പ്രദേശങ്ങളായ ജഷോർ, ചപ്പായ് നവാബ്ഗഞ്ച് തുടങ്ങിയ ഇടങ്ങളിൽ രോഗം കൂടുതലായി കാണപ്പെടുന്നത് ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ധാക്ക, ചട്ടോഗ്രാം തുടങ്ങിയ പ്രധാന നഗരങ്ങൾ രാജ്യാന്തര യാത്രാ കേന്ദ്രങ്ങളായതിനാൽ വിദേശയാത്രക്കാർ വഴി രോഗം മറ്റു രാജ്യങ്ങളിലേക്ക് പടരാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. എന്നിരുന്നാലും, ഇന്ത്യയിലെ ഉയർന്ന വാക്സിനേഷൻ കവറേജ് കാരണം ഇവിടെ ഒരു ദേശീയ പകർച്ചവ്യാധി ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ഇന്ത്യയിൽ അഞ്ചാംപനിക്കെതിരായ വാക്സിനേഷൻ പ്രതിരോധം വളരെ ശക്തമാണ്. സർക്കാർ കണക്കുകൾ പ്രകാരം, 2024-25 കാലയളവിൽ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവർ 93.7 ശതമാനവും രണ്ടാം ഡോസ് സ്വീകരിച്ചവർ 92.2 ശതമാനവുമാണ്. 2026 അവസാനത്തോടെ രാജ്യത്ത് നിന്ന് അഞ്ചാംപനിയും റുബെല്ലയും തുടച്ചുനീക്കുക എന്ന ലക്ഷ്യവുമായാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്.
എന്താണ് അഞ്ചാംപനി? ലക്ഷണങ്ങൾ എന്തൊക്കെ?
മീസിൽസ് (അഞ്ചാംപനി) എന്നത് എല്ലാ പ്രായക്കാർക്കും ഉണ്ടാകാൻ സാധ്യതയുള്ള അതിസാംക്രമികമായ ഒരു വൈറസ് രോഗമാണ്. എന്നാൽ ഇത് കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നത്. ലോകമെമ്പാടും കുട്ടികളിലെ മരണങ്ങൾക്ക് പ്രധാന കാരണങ്ങളിൽ ഒന്നായി മീസിൽസ് തുടരുന്നു. രോഗബാധിതനായ വ്യക്തിയുടെ മൂക്ക്, വായ, തൊണ്ട എന്നിവിടങ്ങളിൽ നിന്നുള്ള വായുവിലൂടെ പകരുന്ന തുളളികളിലൂടെയാണ് ഈ വൈറസ് പടരുന്നത്.
രോഗലക്ഷണങ്ങൾ സാധാരണയായി അണുബാധയ്ക്ക് 10-14 ദിവസങ്ങൾക്ക് ശേഷം പ്രത്യക്ഷപ്പെടും. ഇതിൽ ഉയർന്ന പനി, മൂക്കൊലിപ്പ്, ചുവന്നതും കണ്ണീരൊഴുകുന്നതുമായ കണ്ണുകൾ, ചുമ, വായ്ക്കുള്ളിലെ ചെറിയ വെളുത്ത പാടുകൾ (കോപ്ലിക്സ് സ്പോട്ടുകൾ) എന്നിവ ഉൾപ്പെടുന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷം ചുവന്ന പാടുകൾ മുഖത്തും ശരീരത്തിലും പടരുന്നു. പാടുകൾ പ്രത്യക്ഷപ്പെടുന്നതിന് നാല് ദിവസം മുമ്പുവരെയും അതിന് ശേഷം നാല് ദിവസം വരെയുമാണ് ഒരാൾക്ക് രോഗം പകരാൻ സാധ്യതയുള്ളത്.
ചിലർക്ക് 2-3 ആഴ്ച കൊണ്ട് രോഗം ഭേദമാകാറുണ്ടെങ്കിലും, ന്യുമോണിയ, കഠിനമായ വയറിളക്കം, ചെവിയിലെ അണുബാധ, എൻസെഫലൈറ്റിസ്, അന്ധത, മരണം എന്നിവ പോലുള്ള ഗുരുതരമായ സങ്കീർണതകൾക്ക് മീസിൽസ് കാരണമായേക്കാം. ഇതിന് പ്രത്യേക ആൻ്റിവൈറൽ ചികിത്സയില്ല.
പ്രത്യേക ചികിത്സയുടെ അഭാവവും അതിൻ്റെ അതിസാംക്രമിക സ്വഭാവവും കാരണം, മീസിൽസ് വ്യാപനത്തിനെതിരായ ഏറ്റവും നല്ല പ്രതിരോധം കൂട്ടായ പ്രതിരോധ കുത്തിവയ്പ്പ് ആണ്. ഓരോ സമൂഹത്തിലും മീസിൽസ് ഉൾക്കൊള്ളുന്ന വാക്സിൻ്റെ രണ്ട് ഡോസുകൾക്ക് കുറഞ്ഞത് 95% പ്രതിരോധ കുത്തിവയ്പ്പ് കവറേജ് നിലനിർത്തണമെന്നും, രോഗം നേരത്തെ കണ്ടെത്താനും ശക്തമായ നിരീക്ഷണ സംവിധാനം വേണമെന്നും ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു.
Content Highlights: Bangladesh is reeling from a deadly measles outbreak with over 250 deaths, primarily among children, following a drastic drop in vaccination rates to 59.6% in 2025. The WHO has flagged a "high" risk of cross-border spread to India and Myanmar, although experts believe India's 90%+ vaccination coverage offers strong protection.