പ്രായം 10 മാസം, ആലിൻ അഞ്ചുപേർക്ക് പുതുജീവനേകും; സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവ്

#സ്വന്തം ലേഖിക
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

കൊച്ചി: മസ്തിഷ്‌ക മരണം സംഭവിച്ച 10 മാസം പ്രായമുള്ള തങ്ങളുടെ കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായിരിക്കുകയാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികൾ. ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചത്. അഞ്ച് പേർക്കാണ് ആലിൻ പുതുജീവനേകുക എന്ന് മന്ത്രി പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

റോഡപകടത്തെ തുടർന്നാണ് 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന് മസ്തിഷ്‌കമരണം സംഭവിച്ചത്. ആലിനും, മാതാവും, മാതാവിന്റെ രക്ഷിതാക്കളും സഞ്ചരിച്ചിരുന്ന കാറിൽ എതിർദിശയിൽ നിന്നെത്തിയ വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് 2.30-ഓടെ എം.സി. റോഡിൽ പള്ളം ബോർമ കവല ജംഗ്ഷന് സമീപമായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലും തിരുവല്ലയിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഫെബ്രുവരി ആറിന് രാത്രിയോടെയാണ് കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾക്കും ആ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെ ഡോക്ടർമാർ മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയായിരുന്നു.

മകളെ നഷ്ടപ്പെട്ടതിന്റെ തീരാവേദനയിലും മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ സമ്മതപ്രകാരം സർക്കാർ സംവിധാനമായ കെ-സോട്ടോ (K-SOTTO) വഴിയാണ് അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചത്. 

ആലിൻ ദാനം ചെയ്യുന്ന ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്കും, കരൾ തിരുവനന്തപുരം കിംസ് (KIMS) ആശുപത്രിയിലേക്കും, വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്കും നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടാതെ, കുട്ടിയുടെ കണ്ണുകൾ നേത്ര ബാങ്കിന് കൈമാറും.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആണ് ആലിൻ ഷെറിൻ എബ്രഹാം എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ആരോഗ്യമന്ത്രി വീണാ ജോർജ് പങ്കുവെച്ച കുറിപ്പ്;
സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് 10 മാസമുള്ള ഒരു മകളുടെ അവയവങ്ങൾ മറ്റുള്ളവർക്ക് ദാനം ചെയ്യുകയാണ്. റോഡപകടത്തെ തുടർന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന് മസ്തിഷ്‌കമരണം സംഭവിച്ചത്. മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. രണ്ട് വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്ക് നൽകും. തീവ്രദുഃഖത്തിലും മറ്റുള്ളവരുടെ ജീവൻ നിലനിർത്തുന്നതിന് വേണ്ടി മാതാപിതാക്കൾ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നു. ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.

Content Highlights: A 10-month-old baby, declared brain dead after a road accident, becomes the youngest organ donor in Kerala. Parents` selfless act offers hope.