‘അവനില്ലാതെ മടങ്ങേണ്ടിവരുമെന്ന് കരുതിയില്ല’; കാൻസർ പോരാട്ടത്തെ അതിജീവിക്കാനായില്ല, എവെറി വിടപറഞ്ഞു

#Health Desk

വേദനയ്ക്കിടയിലും കാൻസറിനെ ചിരിയോടെ അതിജീവിക്കാൻ ശ്രമിച്ച ഒരു പന്ത്രണ്ടു വയസ്സുകാരൻ. എവെറി ദി പോക് കിഡ് എന്ന പേരിൽ സാമൂഹികമാധ്യമത്തിൽ പ്രശസ്തനായ ബാലൻ കാൻസറിനോട് പൊരുതി വിടപറഞ്ഞിരിക്കുകയാണ്. പാൻക്രിയാറ്റിക് കാൻസർ പോരാട്ടത്തിൽ മകനെ നഷ്ടമായെന്ന് മാതാപിതാക്കളായ ക്രിസ്റ്റ്യൻ ഗാർഷ്യയും റെബേക്കാ റോസ് വാലെന്റിനും സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചു.

എങ്ങനെയാണ് ഇതേക്കുറിച്ച് എഴുതേണ്ടതെന്ന് അറിയില്ലെന്നു പറഞ്ഞാണ് മകന്റെ മരണവാർത്ത ഇരുവരും പങ്കുവെച്ചത്. എവെറിയെ അടുത്തിടെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും അവൻ ഇനിയും മാസങ്ങൾ ജീവിക്കുമെന്നാണ് കരുതിയിരുന്നതെന്ന് മാതാപിതാക്കൾ കുറിക്കുന്നു. പതിവ് പരിശോധനയുടെ ഭാഗമായാണ് അന്നും ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ, അവനില്ലാതെ മടങ്ങേണ്ടിവരുമെന്ന് കരുതിയിരുന്നില്ല.

എവെറിയുടെ സമയം അവസാനിക്കാറായെന്ന് മനസ്സിലായതോടെ ആശുപത്രിയിലെ അവന് ഏറ്റവും പ്രിയപ്പെട്ട റൂഫ്ടോപ്പ് ഗാർഡനിലേക്ക് കൊണ്ടുപോയി. ഞങ്ങൾ എത്രയേറെ അവനെ സ്നേഹിക്കുന്നുണ്ടെന്നു പറഞ്ഞു. അവനെയോർത്ത് എത്രത്തോളം അഭിമാനിക്കുന്നുവെന്നു പറഞ്ഞു. അവസാനശ്വാസമെടുക്കുമ്പോൾ അവനെ പൊതിഞ്ഞുപിടിച്ചുനിന്നു.

ഏകദേശം എട്ടുവർഷത്തോളം എവറിയും തങ്ങളും കാൻസറിനെതിരായ പോരാട്ടത്തിലായിരുന്നുവെന്നും മാതാപിതാക്കൾ കുറിച്ചു. ആദ്യമായി എവറിയെ തിരികെ വീട്ടിലേക്കു കൊണ്ടുവരാൻ കഴിയാത്ത ലോകത്ത് ഇനിയെങ്ങനെ ജീവിക്കുമെന്നറിയില്ല. ആ വേദനയെ എങ്ങനെ വിവരിക്കുമെന്നറിയില്ല. എവെറിയുടെ ചികിത്സയിലുടനീളം പിന്തുണച്ചതിന് സോഷ്യൽ മീഡിയ ഫോളോവേഴ്‌സിന് ഇരുവരും നന്ദിയറിയിക്കുകയും ചെയ്തു

എട്ടുവർഷം മുമ്പാണ് പത്തുവയസ്സിനു താഴെയുള്ള കുട്ടികൾക്കിടയിൽ കാണുന്ന പാൻക്രിയാറ്റോബ്ലാസ്റ്റോമ എവെറിയിൽ സ്ഥിരീകരിച്ചത്. നിരവധി ശസ്ത്രക്രിയകൾക്കും റേഡിയേഷൻ ചികിത്സകൾക്കും വിധേയനായിരുന്നു. പിന്നാലെയാണ് എവെറി ദി പോക്ക് കിഡ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഫോട്ടോകളും വീഡിയോകളും പങ്കിടാൻ തുടങ്ങിയത്.

പാൻക്രിയാറ്റിക് കാൻസർ-ശ്രദ്ധവേണം

സൈലന്റ് കില്ലർ എന്ന് വിശേഷിപ്പിക്കുന്ന രോഗങ്ങളിലൊന്നാണിത്. പാൻക്രിയാസിലെ കോശങ്ങളുടെ അമിതവളർച്ച മൂലമുണ്ടാകുന്ന അർബുദമാണിത്. ഭക്ഷണം ദഹിക്കാനുള്ള എൻസൈമുകളെ ഉത്പാദിപ്പിക്കുന്നതും രക്തത്തിലെ ഷുഗർനില നിയന്ത്രിക്കാനുള്ള ഹോർമോൺ ഉത്പാദിപ്പിക്കുന്നതുമൊക്കെ പാൻക്രിയാസ് ആണ്. പാൻക്രിയാറ്റിക് ഡക്റ്റൽ അഡിനോകാർസിനോമയാണ് ഏറ്റവും സാധാരണമായി കണ്ടുവരുന്നത്. പ്രാരംഭഘട്ടങ്ങളിൽ തിരിച്ചറിയപ്പെടാതെ പോകാനുള്ള സാധ്യതയും ഈ അർബുദത്തിൽ കൂടുതലാണ്. അതിനു പ്രധാന കാരണം പാൻക്രിയാറ്റിക് അർബുദം ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്ക് പടരുന്നതിന് മുമ്പ് ലക്ഷണങ്ങളിൽ പ്രകടമാകില്ല എന്നതാണ്.

ലക്ഷണങ്ങൾ

രോഗം വൈകിയ ഘട്ടങ്ങളിൽ മാത്രമേ പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാവുകയുള്ളൂ. വയറിന്റെ വശങ്ങളിലോ പുറംഭാഗത്തോ ഉള്ള വേദന, വിശപ്പില്ലായ്മ, വണ്ണം കുറയുക, മഞ്ഞപ്പിത്തം, മൂത്രത്തിന് ഇരുണ്ടനിറം, ചൊറിച്ചിൽ, പ്രമേഹം, കൈയിലോ, കാലിലോ വേദനയും വീക്കവും, അമിതക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.

Content Highlights: Avery, known as the poke kid, loses his battle with pancreatic cancer. Parents share their grief and gratitude on social media.