രോഗലക്ഷണങ്ങളെ സൈക്കോസിസ് എന്നു തെറ്റിദ്ധരിച്ചു, രണ്ടുമാസത്തോളം തെറ്റായ ചികിത്സ; തുറന്നുപറഞ്ഞ് ടിക് ടോക്കർ

ഓട്ടോഇമ്മ്യൂൺ രോഗലക്ഷണങ്ങളെ സൈക്കോസിസ് എന്നു തെറ്റിദ്ധരിച്ച് രണ്ടുമാസത്തോളം ചികിത്സ നൽകിയെന്ന് പ്രമുഖ ടിക്ടോക്കറായ സബ്രിന ബഹ്സൂൻ. രണ്ടുമാസംനീണ്ട സൈക്യാട്രിക് ചികിത്സയ്ക്കുശേഷം നടത്തിയ വിദഗ്ധപരിശോധനയിലാണ് തനിക്ക് സൈക്കോസിസ് ആയിരുന്നില്ല, മറിച്ച് ഓട്ടോഇമ്മ്യൂൺ രോഗമായ ആന്റി-എൻ.എം.ഡി.എ. റിസപ്റ്റർ എൻസഫലൈറ്റിസ് ആണെന്നു വ്യക്തമായതെന്നും സബ്രിന പറഞ്ഞു. സൈക്യാട്രിക് ലക്ഷണങ്ങൾക്കു സമാനമായ ആശയക്കുഴപ്പം, ഓർമക്കുറവ്, ചുഴലി തുടങ്ങിയ ലക്ഷണങ്ങളും സബ്രിനയിൽ പ്രകടമായിരുന്നു.
മാർച്ചിലാണ് രോഗലക്ഷണങ്ങൾ ആദ്യമായി പ്രകടമായതെന്ന് സബ്രിൻ പറയുന്നു. പൊതുവേ വളരെ ശാന്തയായ വ്യക്തിയാണ് താൻ. എന്നാൽ ഒരുദിവസം പൊടുന്നനെ സ്വയം ഉപദ്രവിക്കുന്നതിനെക്കുറിച്ചു സംസാരിക്കാനും ഉച്ചത്തിൽ അലറാനും അക്രമാസക്തയാവാനും തുടങ്ങി. ഒരിക്കലും അത്തരത്തിൽ പെരുമാറുന്ന ആളായിരുന്നില്ല. ഇതിനൊപ്പം ആശയക്കുഴപ്പം, ഹാലൂസിനേഷൻ, ഓർമക്കുറവ് തുടങ്ങിയവ കൂടി പ്രകടമായതോടെ സൈക്യാട്രിക് പ്രശ്നമാകുമെന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തൽ.
ആന്റിസൈക്കോട്ടിക് ചികിത്സകൾ നൽകിയിട്ടും ലക്ഷണങ്ങൾ കുറയാതെ വന്നതോടെയാണ് വിദഗ്ധ പരിശോധനകൾക്ക് വിധേയമാക്കിയത്. തുടർന്നാണ് ഓട്ടോഇമ്മ്യൂൺ ആന്റിബോഡികൾ സബ്രിന്റെ മസ്തിഷ്കത്തെ ആക്രമിക്കുന്നതായും anti-NMDA receptor encephalitis എന്ന അവസ്ഥയാണെന്നും കണ്ടെത്തിയത്.
എന്താണ് anti-NMDA റിസപ്റ്റർ എൻസഫലൈറ്റിസ് ?
ശരീരത്തിന്റെ പ്രതിരോധ സംവിധാനം അബദ്ധത്തിൽ മസ്തിഷ്കത്തിലെ എൻ.എം.ഡി.എ (N-methyl-D-aspartate) റിസപ്റ്ററുകളെ ആക്രമിക്കുന്ന അപൂർവ്വമായ ഓട്ടോഇമ്മ്യൂൺ അവസ്ഥയാണിത്. ഓർമ, പെരുമാറ്റം, മാനസികാവസ്ഥ, ചലനം തുടങ്ങിയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഈ റിസപ്റ്ററുകളെ ആക്രമിക്കുക വഴി ശരീരത്തിൽ കടുത്ത വീക്കവും മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങൾ താളംതെറ്റുകയും ചെയ്യും.
ക്രമേണ ഇത് നാഡീസംബന്ധമായ പ്രശ്നങ്ങൾക്കും സൈക്യാട്രിക് ലക്ഷണങ്ങളിലേക്കും നയിക്കും. പൊതുവേ ചെറുപ്പക്കാരായ സ്ത്രീകളിലും കുട്ടികളിലുമാണ് ഈ അവസ്ഥ കണ്ടുവരാറുള്ളത്. ചില സാഹചര്യങ്ങളിൽ ഓവറിയിലുണ്ടാകുന്ന ചില ട്യൂമറുകളും മുൻപ് മസ്തിഷ്കത്തെ ബാധിച്ച അണുബാധകളുമൊക്കെ കാരണമാകാറുണ്ട്.
ലക്ഷണങ്ങൾ
ഓരോ വ്യക്തികളിലും ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കാം. ചെറിയ പനി, തലവേദന, ക്ഷീണം, ഛർദി തുടങ്ങിയവയോടെ ആരംഭിക്കാം. പിന്നാലെ ഉത്കണ്ഠ, ആശയക്കുഴപ്പം, ഹാലൂസിനേഷൻ, പെരുമാറ്റ പ്രശ്നങ്ങൾ തുടങ്ങിയവ പ്രകടമാകും. ഓർമക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, അപസ്മാരം, ചലിക്കാൻ ബുദ്ധിമുട്ട്, ഉറക്കസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയും കാണാം.
മാനസിക സംബന്ധമായ ലക്ഷണങ്ങൾ കൂടുതൽ ഉള്ളതിനാൽതന്നെ സൈക്യാട്രിക് പ്രശ്നമാണെന്നു കരുതി തെറ്റായ രോഗസ്ഥിരീകരണം നടത്താൻ സാധ്യത കൂടുതലാണ്.
Content Highlights: Explore how Sabrina Bahsoon's autoimmune disease was misdiagnosed as psychosis