വേഗത്തിലുള്ള ഹൃദയമിടിപ്പും നെഞ്ചുവേദനയും ; നിശബ്ദ കൊലയാളിയാണ് ഏട്രിയൽ ഫൈബ്രിലേഷൻ

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ഏട്രിയൽ ഫൈബ്രിലേഷൻ. ഹൃദയമിടിപ്പിന് ഏറ്റക്കുറച്ചിലും വ്യതിയാനവും സംഭവിക്കുന്ന ഈ അവസ്ഥ നിസ്സാരമാക്കിയാൽ പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള സങ്കീർണതകളിലേക്കും നയിക്കും. ഇന്ത്യയിൽ ഏകദേശം 80ലക്ഷംപേർ ഏട്രിയൽ ഫൈബ്രിലേഷനുമായി ജീവിക്കുന്നവരാണെന്ന് ജിബിഡി(Global Burden of Disease) പഠനം പറയുന്നു. തങ്ങൾക്ക് ഈയവസ്ഥയുണ്ടെന്ന് തിരിച്ചറിയാത്തവരാണ് പലരുമെന്നും പഠനം പറയുന്നു.

പ്രായമായവർ കൂടുന്നതും അമിതവണ്ണക്കാർ കൂടുന്നതും ഉയർന്ന രക്തസമ്മർദവും പ്രമേഹവുമൊക്കെയാണ് ഏട്രിയൽ ഫൈബ്രിലേഷൻ കൂടാൻ കാരണമായി വിദഗ്ധർ വിലയിരുത്തുന്നത്. മുമ്പത്തേതിനേക്കാൾ ഏട്രിയൽ ഫൈബ്രിലേഷൻ ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചുവെന്ന് അടുത്തിടെ ഡെന്മാർക്കിലെ ആൽബോർഗ് സർവകലാശാലയിൽ നിന്നുള്ള നിന്നുള്ള ഗവേഷകർ നടത്തിയ പഠനത്തിലും കണ്ടെത്തിയിരുന്നു. പ്രായപൂർത്തിയായവരിൽ നാലിലൊന്നുപേരെ മാത്രമേ ഈ അവസ്ഥ ബാധിക്കാറുള്ളൂവെന്ന മുൻധാരണകളെ തിരുത്തുന്നതായിരുന്നു ആ പഠനം. ഏട്രിയൽ ഫൈബ്രിലേഷൻ ഉണ്ടായിട്ടുള്ള അഞ്ചിൽ രണ്ടുപേർക്കും ഹൃദയാരോഗ്യം മോശമാകാമെന്നും അഞ്ചിലൊരാൾക്ക് പക്ഷാഘാതം സംഭവിക്കാമെന്നും പഠനത്തിൽ പറഞ്ഞിരുന്നു. ലക്ഷണങ്ങൾ കാണിക്കാത്തതു കൊണ്ടാണ് ഈയവസ്ഥയെ നിശബ്ദകൊലയാളി എന്ന് വിളിക്കുന്നത്.

സാധാരണ മെഡിക്കൽ ചെക്കപ്പുകളിൽ നിന്ന് ഏട്രിയൽ ഫൈബ്രിലേഷൻ കണ്ടെത്താനും കഴിയില്ല. ഇ.സി.ജി., ഹോൾട്ടർ മോണിറ്റർ പരിശോധന തുടങ്ങിയവയിലൂടെ മാത്രമേ കണ്ടെത്താനാകൂ. അതിനാൽ തന്നെ പലപ്പോഴും ഏട്രിയൽ ഫൈബ്രിലേഷൻ തിരിച്ചറിയപ്പെടാതെ പോവുകയും ഗുരുതരാവസ്ഥയിലെത്തുമ്പോൾ മാത്രം രോഗസ്ഥിരീകരണം നടത്തുകയും ചെയ്യാറുണ്ട്.

എന്താണ് ഏട്രിയൽ ഫൈബ്രിലേഷൻ?

ഹൃദയമിടിപ്പിന് ഏറ്റക്കുറച്ചിലും വ്യതിയാനവും സംഭവിക്കുന്ന അവസ്ഥയാണിത്. ഇത് ഹൃദയത്തിൽ രക്തം കട്ടപിടിക്കുന്നതിന് ഇടയാക്കാം. പക്ഷാഘാതം, ഹൃദയസ്തംഭനം തുടങ്ങി മറ്റുപല ഹൃദയസംബന്ധമായ സങ്കീർണതകൾക്കും കാരണമാകാം. പലപ്പോഴും ഗുരുതരമാകാതെ വന്നുപോകാമെങ്കിലും ലക്ഷണങ്ങൾ കണ്ട് മതിയായ ചികിത്സ തേടാത്തത് പക്ഷാഘാതം പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

ലക്ഷണങ്ങൾ

  • അമിതവേഗത്തിലുള്ള ഹൃദയമിടിപ്പ്
  • നെഞ്ചുവേദന
  • ക്ഷീണം
  • വ്യായാമം ചെയ്യാൻ കഴിയാതിരിക്കുക
  • ശ്വാസതടസ്സം
  • തളർച്ച

ചിലരിൽ ഈ ലക്ഷണങ്ങൾ പ്രകടമായില്ലെന്നുംവരാം. ഏതാനും മിനിറ്റുകൾ മുതൽ മണിക്കൂറുകൾ വരെ ലക്ഷണങ്ങളുണ്ടാകാം. ചിലരിൽ ആഴ്ചകളോളം നീണ്ടുനിൽക്കാം. എന്നാൽ ചിലരിൽ സ്ഥിരമായി ഈ ലക്ഷണങ്ങളുണ്ടാവുകയും മറ്റുചിലരിൽ ദീർഘകാലം ഇവ സ്ഥിരമായി നീണ്ടുനിൽക്കുകയും ചെയ്യാം.

ഹൃദയത്തെ കാത്തുസൂക്ഷിക്കാനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

  • ജങ്ക് ഫുഡ് കഴിവതും ഒഴിവാക്കുക.
  • വ്യായാമം ശീലമാക്കാം
  • പുകവലി ഉപേക്ഷിക്കുക.
  • ഉപ്പ്, മധുരം എന്നിവ കഴിവതും കുറയ്ക്കുക
  • സമീകൃതമായ ഭക്ഷണം ശീലമാക്കാം, ഇലക്കറികളും പഴവർഗ്ഗങ്ങളും ധാരാളം ഉൾപ്പെടുത്താം.
  • അമിതമായ മദ്യപാനം നിർത്തുക, പാൻമസാല, പുകയില എന്നിവയുടെ ഉപയോഗം നിർത്തുക.
  • ചൂടാക്കിയ എണ്ണയുടെ ഉപയോഗം നിർത്തുക, എണ്ണ അമിതമായി ഉപയോഗിക്കാതിരിക്കുക.
  • എല്ലാ ദിവസവും പറ്റുമെങ്കിൽ ആഴ്ചയിൽ 45-60 മിനിറ്റ് വ്യായാമം ചെയ്യുക
  • 20 മിനിറ്റിൽ കൂടുതൽ ഒരു സ്ഥലത്ത് വെറുതെ ഇരിക്കരുത്.
  • ബി.പി., ഷുഗർ, കൊളസ്ട്രോൾ തുടങ്ങിയവ ഇടയ്ക്ക് പരിശോധിച്ച് ചികിത്സവേണമെങ്കിൽ സ്വീകരിക്കുക.

Content Highlights: Atrial fibrillation is a 'silent killer' often undiagnosed until severe complications arise., Global studies indicate a rise in cases linked to obesity, hypertension, and diabetes., Early detection via ECG or Holter monitoring is critical to prevent stroke and heart failure