ആസ്റ്റർ ഡി.എം. ക്വാളിറ്റി കെയർ നിലവിൽ വന്നു, രാജ്യത്തെ മൂന്നാമത്തെ വലിയ ആശുപത്രി ശൃംഖല

ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ വരുൺ ഖന്ന, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ
ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ വരുൺ ഖന്ന, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ

കൊച്ചി: പ്രമുഖ മലയാളി സംരംഭകൻ ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ ലിമിറ്റഡും ഹൈദരാബാദ് ആസ്ഥാനമായുള്ള ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള ലയനനടപടികൾ പൂർത്തിയായി. ലയിച്ച് ഒന്നാകുന്ന കമ്പനിയുടെ പേര് ആസ്റ്റർ ഡി.എം. ക്വാളിറ്റി കെയർ ലിമിറ്റഡ് (ആസ്റ്റർ ക്യു.സി.ഐ.എൽ.) എന്നായി മാറും.

ആസ്റ്റർ, കെയർ ഹോസ്പിറ്റൽസ്, കിംസ്‌ഹെൽത്ത്, എവെർകെയർ എന്നീ ബ്രാൻഡുകളുടെ കീഴിൽ 39 ആശുപത്രികൾ അടങ്ങുന്നതാണ് ആസ്റ്റർ ക്യു.സി.ഐ.എൽ. ഇവയിലെല്ലാം കൂടി മൊത്തം 10,600-ലേറെ കിടക്കകളുണ്ടാകും. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ആശുപത്രി ശൃംഖല എന്ന സ്ഥാനം ഇനി ഈ സംരംഭത്തിനാണ്.

ആസ്റ്ററിന്റെ സ്ഥാപകനായ ഡോ. ആസാദ് മൂപ്പൻ എക്സിക്യുട്ടീവ് ചെയർമാൻ എന്ന നിലയിൽ ലയിച്ചൊന്നായ കമ്പനിയെ നയിക്കും. വരുൺ ഖന്നയാണ് മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒ.യും. കമ്പനിയുടെ ഡയറക്ടർ ബോർഡിൽ 12 ഡയറക്ടർമാരുണ്ടാകും. ഇതിൽ മൂന്നെണ്ണം ആസ്റ്റർ പ്രൊമോട്ടർ കുടുംബത്തിന്റെ പ്രതിനിധികളും മൂന്നു പേർ നിക്ഷേപക സ്ഥാപനമായ ബ്ലാക്‌സ്റ്റോണിന്റെ പ്രതിനിധികളുമായിരിക്കും. ശേഷിച്ച ആറുപേർ സ്വതന്ത്ര ഡയറക്ടർമാരായിരിക്കും.

8,200 ഡോക്ടർമാരും 12,250 നഴ്‌സുമാരും ഉൾപ്പെടെ ഏതാണ്ട് 45,000 പ്രൊഫഷണലുകളെ ഉൾക്കൊള്ളുന്നതാണ് ആസ്റ്റർ ക്യു.സി.ഐ.എൽ. തിരുവനന്തപുരത്ത് ആക്കുളത്ത് പുതിയ ആശുപത്രി ഉടൻ പ്രവർത്തനസജ്ജമാകും. ഇതുൾപ്പെടെ വലിയ തോതിലുള്ള വികസനപ്രവർത്തനങ്ങൾ നടന്നുവരുകയാണ്.

ഇത് വെറുമൊരു ലയനം മാത്രമല്ലെന്നും ഇന്ത്യയിലെ ഏറ്റവും ശക്തമായ ആരോഗ്യപരിരക്ഷാ പ്രസ്ഥാനം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണെന്നും എക്സിക്യുട്ടീവ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

നാലുപതിറ്റാണ്ടിന്റെ കരുത്ത്

കോഴിക്കോട് മെഡിക്കൽ കോളേജിൽ അധ്യാപകനായിരുന്ന മലപ്പുറം കല്പകഞ്ചേരി സ്വദേശി ഡോ. ആസാദ് മൂപ്പൻ 1987-ൽ ദുബായിയിൽ ചെറിയൊരു ക്ലിനിക്ക് തുടങ്ങിക്കൊണ്ടാണ് സംരംഭകജീവിതം ആരംഭിക്കുന്നത്. 1995-ൽ ആദ്യ സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ തുടങ്ങി. പിന്നീട് ഇന്ത്യയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. ആസ്റ്ററിന്റെ ഗൾഫിലെ ബിസിനസ് ഇന്ത്യൻ സംരംഭത്തിൽനിന്ന് 2024-ൽ വേർപെടുത്തിയിരുന്നു. അതിന്റെ നേതൃത്വത്തിലും ഡോ. ആസാദ് മൂപ്പൻ തന്നെയാണ്.

Content Highlights: Formation of Aster DM Quality Care Limited (Aster QCIL) with 10,600+ beds., Becomes the third-largest hospital network in India.