‘34ാം വയസ്സിൽ ഹൃദയാഘാതമുണ്ടായി, ഗ്യാസ്ട്രിക് പ്രശ്നമെന്ന് പുറത്തുപറഞ്ഞതിനു പിന്നിൽ കാരണമുണ്ട്’

#Health Desk
ആസിഫ് ഖാൻ| Photo: Instagram
ആസിഫ് ഖാൻ| Photo: Instagram

മുപ്പത്തിനാലാം വയസ്സിൽ ഹൃദയാഘാതം സ്ഥിരീകരിച്ചതിനേക്കുറിച്ച് നേരത്തേ തുറന്നുപറഞ്ഞിട്ടുള്ളയാളാണ് ഹിന്ദി നടൻ ആസിഫ് ഖാൻ. നിലവിലെ ബിഗ്ബോസ് ഹിന്ദിപതിപ്പിലെ മത്സരാർഥി കൂടിയായ ആസിഫിന്റെ ആരോഗ്യാവസ്ഥയേക്കുറിച്ചു ചർച്ചകൾ ഉയരുന്നതിനിടെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഭാര്യ സെബ. ആസിഫ് ഖാൻ 21 ദിവസത്തോളം ആശുപത്രിയിൽ കഴി‍‍ഞ്ഞിരുന്നുവെന്നും തെറ്റായ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും സെബ പറഞ്ഞു.

ആസിഫിന് ഗുരുതരമായ ഹൃദയാഘാതമാണ് ഉണ്ടായത്, അതും മുപ്പത്തിനാലാം വയസ്സിൽ. എന്തിലൂടെയാണ് കടന്നുപോയതെന്ന് തെളിയിക്കാൻ മെഡിക്കൽ റിപ്പോർട്ടുകൾ പുറത്തുവിടേണ്ട സാഹചര്യമാണിപ്പോൾ- സെബ പറഞ്ഞു.

എന്തുകൊണ്ടാണ് തുടക്കത്തിൽ ഗ്യാസ്ട്രിക് റിഫ്ലക്ഷനാണെന്ന് ആസിഫ് പറഞ്ഞതെന്നും സെബ വ്യക്തമാക്കി. ഹൃദയാഘാതം പോലുള്ള ഗുരുതര ആരോഗ്യപ്രശ്നമാണെന്ന് പുറത്തുവിട്ടാൽ കരിയറിനെ ബാധിക്കുമോയെന്ന് ഭയന്നാണ് ഗ്യാസ്ട്രോ-ഈസോഫേഗൽ റിഫ്ലക്സ് ‍ഡിസീസ് ആണെന്നു പറഞ്ഞത്. ആസിഫിന്റെ പ്രധാന കൊറോണറി ആർട്ടറി ബ്ലോക്ക് ആയ നിലയിലായിരുന്നുവെന്നും സെബ കൂട്ടിച്ചേർത്തു.

ശ്രദ്ധിക്കേണ്ട പ്രാരംഭ ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?

ഹൃദ്രോഗം പോലെ ജീവിതശൈലി പ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും സാവധാനത്തിൽ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളിൽ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാൻ പത്തോ ഇരുപതോ ചിലപ്പോൾ അതിലധികമോ വർഷങ്ങൾതന്നെ എടുത്തേക്കാം. ചിലപ്പോൾ 20 അല്ലെങ്കിൽ 25 വയസ്സിൽ ആയിരിക്കും രോഗാവസ്ഥയുടെ തുടക്കം ശരീരത്തിൽ കണ്ടു തുടങ്ങുന്നത്. പക്ഷേ, ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണയായി കാണിക്കാറില്ല.

പ്രാഥമിക പരിശോധനയിൽനിന്ന് ഹൃദ്രോഗ സാധ്യതകൾ തിരിച്ചറിയാൻ പോലും യഥാർഥത്തിൽ കഴിയുകയില്ല. ഏതാനും വർഷങ്ങൾ കഴിയുമ്പോഴേക്കും ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഈ ലക്ഷണങ്ങളെയും ചിലപ്പോൾ തിരിച്ചറിയാൻ സാധിക്കാതെ വരാറുണ്ട്. ക്ലാസിക്കൽ ആയ ഹൃദ്രോഗ ലക്ഷണങ്ങൾ (Typical Symptoms) ആരംഭിക്കുമ്പോൾ മാത്രമാണ് അതൊരു ഹൃദ്രോഗ സൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്. നടക്കുമ്പോൾ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോൾ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു.

എന്നാൽ, ഇതിനു മുമ്പേ ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അമിതമായ ക്ഷീണം, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഇടതുകൈയിൽ ഉണ്ടാകുന്ന കടച്ചിൽ, അമിതമായ വിയർപ്പ്, കഴുത്ത് പിടിച്ചുമുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന കണ്ണിൽ ഇരുട്ടുമൂടൽ അല്ലെങ്കിൽ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ വിദൂര സൂചനകളായി മനസ്സിലാക്കേണ്ടതുണ്ട്. ഭാരപ്പെട്ട ജോലികൾ ചെയ്യുമ്പോൾ നെഞ്ചിൽ പതിവായി അസ്വസ്ഥത ഉണ്ടാകുകയും വിശ്രമിക്കുമ്പോൾ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവർ തീർച്ചയായും വൈദ്യോപദേശം തേടേണ്ടതാണ്. നെഞ്ചരിച്ചിൽ പ്രശ്നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ അവയെ അവഗണിക്കരുത്.

Content Highlights: Asif Khan's wife clarifies health rumors after his heart attack at 34, urging to stop misinformation during Big Boss Hindi participation.