ചെറുപ്പക്കാരെയും ബാധിക്കുന്ന അപ്പെൻഡിക്സ് കാൻസർ; ലക്ഷണങ്ങൾ അറിയാം, എങ്ങനെ പ്രതിരോധിക്കാം

പ്രതീകാത്മക ചിത്രം | Photo: ChatGPT
പ്രതീകാത്മക ചിത്രം | Photo: ChatGPT

പ്പെൻഡിക്സിലെ ആരോ​ഗ്യകരമായ കോശങ്ങൾ അനിയന്ത്രിതമായി വളരുകയും ട്യൂമറാവുകയും ചെയ്യുന്ന അവസ്ഥയാണ് അപ്പെൻഡിക്സ് കാൻസർ. ജനറേഷൻ എക്സ്(1965-നും 1980-നും ഇടയിൽ ജനിച്ചവർ), മില്ലേനിയൽസ്(1981-1996) എന്നീ വിഭാ​ഗങ്ങൾക്കിടയിൽ അപൂർവമായ അപ്പെൻഡിക്സ് കാൻസർ കുത്തനെ ഉയരുന്നുവെന്നും നേരത്തെ പഠനങ്ങളുണ്ടായിരുന്നു. മുൻതലമുറകളെ അപേക്ഷിച്ച് ഈ തലമുറയിൽ രോ​ഗബാധിതരുടെ എണ്ണം ഇരട്ടിയാകുന്നുവെന്നായിരുന്നു കണ്ടെത്തൽ. 

എന്നാൽ, മെച്ചപ്പെട്ട ഇമേജിംഗ് സാങ്കേതികവിദ്യകളും മികച്ച രോഗനിർണ്ണയവും മാത്രമല്ല ഇതിന് കാരണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ജീവിതശൈലി, ജനിതക, പാരിസ്ഥിതിക ഘടകങ്ങൾ രോ​ഗത്തിന് കാരണമായേക്കാം. അപ്പെൻഡിക്സ് കാൻസറിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നത് രോഗം നേരത്തെ കണ്ടെത്തുന്നതിലും പരിചരണത്തിലും നിർണായകമാണ്. 

എന്താണ് അപ്പെൻഡിക്സ് കാൻസർ?
അപ്പെൻഡിക്സിൽ കോശങ്ങൾ അനിയന്ത്രിതമായി വളർന്ന് ഒരു ട്യൂമർ രൂപപ്പെടുമ്പോഴാണ് അപ്പൻഡിക്സ് കാൻസർ അഥവാ അപ്പൻഡിഷ്യൽ കാൻസർ ഉണ്ടാകുന്നത്. ഇവ Benign (കാൻസർ അല്ലാത്തവ) അല്ലെങ്കിൽ Malignant(കാൻസർ ഉള്ളവ) എന്നിങ്ങനെ രണ്ടുതരത്തിലാകാം. മാലിഗ്നന്റ് ട്യൂമറുകൾ മറ്റ് അവയവങ്ങളിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ട്.

കണക്കനുസരിച്ച് പത്തുലക്ഷത്തിൽ ഒരാൾക്ക് മാത്രം ബാധിക്കുന്ന വളരെ അപൂർവമായ രോ​ഗമാണ് അപ്പെൻഡിക്സ് കാൻസർ. എന്നാൽ, ഇന്ന് ഈ നിരക്കിൽ ക്രമാനുഗതമായ വർധനവ് ഉണ്ടെന്ന് സ്റ്റാറ്റ്പേൾസ് റിപ്പോർട്ട് ചെയ്യുന്നു. 

ലക്ഷണങ്ങൾ
അപ്പെൻഡിക്സ് കാൻസർ ബാധിച്ച പല രോഗികളിലും പ്രാരംഭഘട്ടത്തിൽ ലക്ഷണങ്ങൾ കാണാറില്ല. ഇത് രോഗനിർണയം ദുഷ്കരമാക്കുന്നു. 

  • അപ്പൻഡിസൈറ്റിസ് മൂലമുണ്ടാകുന്ന വേദനയും വീക്കവും
  • വയറുവീർക്കുന്നത് അല്ലെങ്കിൽ വയറ്റിലുണ്ടാകുന്ന നീർക്കെട്ട്
  • Ascites (വയറ്റിൽ ദ്രാവകം അടിഞ്ഞുകൂടുന്ന അവസ്ഥ)
  • ശരീരഭാരം വർധിക്കാതെ അരക്കെട്ടിന്റെ വലുപ്പം കൂടുന്നത്
  • വിട്ടുമാറാത്ത വയറുവേദന അല്ലെങ്കിൽ ഇടുപ്പുവേദന
  • ഓക്കാനവും ഛർദ്ദിയും
  • വയറിളക്കം അല്ലെങ്കിൽ മലബന്ധം
  • Early satiety (കുറച്ച് കഴിക്കുമ്പോഴേക്കും വയർ നിറഞ്ഞതായി തോന്നുക)

പ്രതിരോധം
വളരെ അപൂർവമായ അപ്പെൻഡിക്സ് കാൻസറിന്റെ കാരണങ്ങളുടെ കാര്യത്തിൽ ഇനിയും കൃത്യമായ വ്യക്തതയില്ലാത്തതിനാൽ രോ​ഗം തടയാൻ ഉറപ്പുള്ള മാർ​ഗങ്ങളൊന്നും ശാസ്ത്രലോകം മുന്നോട്ടുവയ്ക്കുന്നില്ല. എന്നാൽ, മൊത്തത്തിൽ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്ന പൊതുവായ കാൻസർ പ്രതിരോധ മാർ​ഗങ്ങൾ സ്വീകരിക്കാൻ വിദ​ഗ്ധർ ശുപാർശ ചെയ്യുന്നു. 

  • പുകവലി നിർത്തുക: പുകയിലയുടെ ഉപയോഗം അപൂർവമായ കാൻസറുകൾ ഉൾപ്പെടെ പലതരം കാൻസറുകൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു.
  • ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക: പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരം ദഹനവ്യവസ്ഥയുടെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും കാൻസർ സാധ്യത കുറയ്ക്കുകയും ചെയ്യും.
  • പതിവായി വ്യായാമം ചെയ്യുക: ശാരീരിക പ്രവർത്തനങ്ങൾ ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുന്നു.
  • മദ്യപാനം ഒഴിവാക്കുക: അമിതമായ മദ്യപാനം ദഹനനാളിയിലെ കാൻസറുകൾക്കുള്ള സാധ്യത വർധിപ്പിക്കും.
  • രോഗാവസ്ഥകൾ നിയന്ത്രിക്കുക: ദഹനസംബന്ധമോ ഹോർമോൺ സംബന്ധമോ ആയ അസുഖങ്ങൾക്ക് ശരിയായ ചികിത്സ നൽകുകയും നിരീക്ഷിക്കുകയും ചെയ്യുക.
  • ചികിത്സ തേടുക: വയറുവീർപ്പ്, വേദന, മലവിസർജ്ജന ശീലങ്ങളിലെ മാറ്റങ്ങൾ പോലെ വയറ്റിൽ സ്ഥിരമായി കാണുന്ന ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടുക.

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്‌ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)

Content Highlights: Appendix Cancer: Understanding Symptoms, Risks, and Prevention