'ഷോപ്പിങ്ങിന് 1500 രൂപ, തെറാപ്പിക്ക് മടി!'; ചർച്ചയായി സൈക്കോളജി വിദ്യാർഥിനിയുടെ ലിങ്ക്ഡ്ഇൻ പോസ്റ്റ്

മാനസികാരോഗ്യത്തെക്കുറിച്ചും കൗൺസിലിംഗിനെക്കുറിച്ചും സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന തെറ്റിദ്ധാരണകളെയും അവഗണനകളെയും കുറിച്ച് ഒരു സൈക്കോളജി വിദ്യാർത്ഥിനി പങ്കുവെച്ച ലിങ്ക്ഡ്ഇൻ പോസ്റ്റ് ശ്രദ്ധ്യേയമാവുകയാണ്. സെൽഫ് കെയറിനായി പണം ചിലവഴിക്കാൻ മടിക്കാത്തവർ മാനസികാരോഗ്യത്തിനായി നിക്ഷേപിക്കാൻ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് പോസ്റ്റ് ചോദ്യം ചെയ്യുന്നു.
ബെംഗളൂരുവിലെ സെന്റ് ജോസഫ്സ് യൂണിവേഴ്സിറ്റിയിലെ എം.എസ്സി കൗൺസിലിങ് സൈക്കോളജി വിദ്യാർത്ഥിനിയായ അനുഷ്ക ശശി രാമനാഥ് ആണ് ഈ പോസ്റ്റ് പങ്കുവെച്ചത്. മറ്റൊരാളോട് കൗൺസിലിങ്ങിനെക്കുറിച്ച് സംസാരിച്ചപ്പോൾ ലഭിച്ച മറുപടിയാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്.
‘കൗൺസിലിങ്ങിന് പോകുന്നതിനേക്കാൾ ഭേദം 1500 രൂപയ്ക്ക് ഷോപ്പിങ് നടത്തുന്നതാണ്’- ചിലരുടെ ഇത്തരം ചിന്ത ഏറെ അദ്ഭുതപ്പെടുത്തിയെന്നും താൻ തിരഞ്ഞെടുത്ത കരിയറിനെക്കുറിച്ചും ആളുകൾ തെറാപ്പിയെ എങ്ങനെ വീക്ഷിക്കുന്നു എന്നതിനെക്കുറിച്ചും ചിന്തിക്കാൻ ഇത് പ്രേരിപ്പിച്ചെന്നും അനുഷ്ക പോസ്റ്റിൽ പറയുന്നു.
ആളുകൾ തെറാപ്പിയെ ഭയക്കുന്നത് എന്തുകൊണ്ട്?
ആളുകളുടെ ഇത്തരം മറുപടികൾ കൗൺസിലിങ്ങിനോടുള്ള വിരോധം കൊണ്ടല്ല, മറിച്ച് അതിനെക്കുറിച്ചുള്ള വ്യക്തമായ ധാരണയില്ലാത്തതുകൊണ്ടാകാമെന്ന് അനുഷ്ക വിലയിരുത്തുന്നു.
ഭയം: ആദ്യത്തെ സെഷനിൽ തന്നെ തങ്ങളുടെ വ്യക്തിജീവിതത്തിലെ എല്ലാ രഹസ്യങ്ങളും തുറന്നുപറയേണ്ടിവരുമെന്ന് പലരും ഭയപ്പെടുന്നു.
ഒഴിവാക്കൽ പ്രവണത: തനിക്ക് അത്ര വലിയ പ്രശ്നങ്ങളൊന്നുമില്ലെന്നും മറ്റുള്ളവർക്ക് ഇതിലും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടെന്നും സ്വയം വിശ്വസിപ്പിച്ച് ആളുകൾ സഹായം തേടുന്നത് നീട്ടിവെക്കുന്നു.
സ്റ്റിഗ്മ: കുടുംബവും സമൂഹവും നൽകുന്ന ചില ചിന്താഗതികൾ കാരണം മാനസിക ബുദ്ധിമുട്ടുകൾ പുറത്തുപറയുന്നത് ബലഹീനതയായി പലരും കാണുന്നു. കഠിനമായ മാനസികരോഗമുള്ളവർക്ക് മാത്രമാണ് തെറാപ്പി എന്നൊരു തെറ്റായ ധാരണയും നിലനിൽക്കുന്നുണ്ട്.
തകർച്ചയുടെ വക്കിൽ എത്തുമ്പോൾ മാത്രം പോകേണ്ട ഒന്നല്ല കൗൺസിലിങ് എന്ന് അനുഷ്ക വ്യക്തമാക്കുന്നു.
"ചോദ്യം തെറാപ്പിക്ക് 1,500 രൂപ വിലയുണ്ടോ എന്നതല്ല. മറിച്ച് നമ്മുടെ മാനസികാരോഗ്യത്തിന് നമ്മൾ എത്രത്തോളം മൂല്യം കൽപ്പിക്കുന്നു എന്നതാണ്," എന്ന വാക്കുകളോടെയാണ് അനുഷ്ക തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.
പോസ്റ്റിന് താഴെ നിരവധി ആളുകളാണ് അനുകൂല പ്രതികരണങ്ങളുമായി എത്തുന്നത്. സ്വന്തം മാനസിക ബുദ്ധിമുട്ടുകളെ കുറച്ചുകാണുകയും അതിന് വിലയിടുകയും ചെയ്യുന്നതിന് പകരം അതൊരു നിക്ഷേപമായി കാണാൻ ആളുകൾ തയ്യാറാകണമെന്ന് ലിങ്ക്ഡ്ഇൻ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.
Content Highlights: A thought-provoking LinkedIn post by Bengaluru psychology student Anushka Shashi Ramanath is going viral for addressing why people easily spend on lifestyle choices like shopping but hesitate to invest in their own mental health and therapy.