കണ്ണിലെ അണുബാധ: 45% ബാക്ടീരിയകളും ഔഷധപ്രതിരോധം കാണിക്കുന്നു, വെല്ലുവിളി

തൃശ്ശൂർ: രാജ്യത്തെ നേത്രപരിപാലനരംഗത്തെ വലിയ ഭീഷണി ഉയർത്തിക്കാണിച്ച് പഠനറിപ്പോർട്ട്. കണ്ണുകളിലെ അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകൾ വലിയൊരു പങ്കും പലതരം മരുന്നുകളെയും പ്രതിരോധിക്കുന്നവയാണെന്നാണ് കണ്ടെത്തൽ. 45 ശതമാനം അണുബാധകളുടെയും കാരണം ഇത്തരം ബാക്ടീരിയകളാണെന്നാണ് വ്യക്തമായിരിക്കുന്നത്.
കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് കീഴിലുള്ള സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയും നേത്രരോഗവിദഗ്ധരും ചേർന്നാണ് ഗവേഷണം നടത്തിയത്. ഇവർ പഠനവിധേയമാക്കിയ കേസുകളിൽ അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളിൽ പകുതിയോളവും സാധാരണയായി ഉപയോഗിക്കുന്ന ഒന്നിലധികം മരുന്നുകളോട് പ്രതിരോധം കാണിച്ചു. ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന തുള്ളിമരുന്നായ ഫ്ളൂറോക്വിനോലോണുകൾക്കാണ് വ്യാപകമായ പ്രതിരോധം ശ്രദ്ധയിൽപ്പെട്ടത്. കെരാറ്റോകൺജങ്ക്റ്റിവൈറ്റിസ് കേസുകളിൽ, സ്റ്റാഫൈലോകോക്കസ് ബാക്ടീരിയ സാധാരണയായി ഉപയോഗിക്കുന്ന ചികിത്സകളോട് ഉയർന്ന പ്രതിരോധം പ്രകടിപ്പിച്ചു. ഫ്ളൂറോക്വിനോലോണുകളോടുള്ള പ്രതിരോധം 60 ശതമാനം വരെയായിരുന്നു. ഫ്യൂസിഡിക് ആസിഡിനോട് 40 ശതമാനംവരെ പ്രതിരോധമാണ് പ്രകടിപ്പിച്ചത്.
വർധിച്ചുവരുന്ന ഔഷധപ്രതിരോധം നേത്രരോഗങ്ങളുടെ ചികിത്സ സങ്കീർണമാക്കുന്നുണ്ട്. നിലവിലുള്ള ചികിത്സാ രീതികൾ, പ്രത്യേകിച്ച് ആന്റിബയോട്ടിക്കുകളുടെ ഉപയോഗം തുടങ്ങിയവ പുനരവലോകനം ചെയ്യേണ്ട സമയമായതായാണ് വിദഗ്ധർ പറയുന്നത്. പുതിയ മരുന്നുകളുടെ കണ്ടുപിടിത്തവും അനിവാര്യമായിരിക്കുകയാണ്.
Content Highlights: 45% of eye infections are caused by multi-drug resistant bacteria., Fluoroquinolones show up to 60% resistance in clinical cases., Staphylococcus bacteria are increasingly resistant to standard treatments., Urgent need for new drug discovery and revised antibiotic protocols in 2026.