അമീബിക് മസ്തിഷ്‌ക ജ്വരം; നാലര മാസത്തിനിടെ മരിച്ചത് 20 പേർ

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നാലരമാസത്തിനിടെ മരിച്ചത് 20 പേർ. 100 പേർക്കാണ് രോഗം പിടിപെട്ടത്. സംസ്ഥാനത്തെ മരണനിരക്ക് 24 ശതമാനമായി കുറയ്ക്കാനായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും ഈ മാസം രോഗം പിടിപെട്ട നാലിൽ മൂന്നു പേരെയും രക്ഷിക്കാനായില്ല.

നൈഗ്ലേറിയ ഫൗളേറി, അക്കാന്തമീബ എന്നിവയാണ് മസ്തിഷ്‌ക ജ്വരത്തിന് കാരണമാവുന്ന സൂക്ഷ്മജീവികൾ. നൈഗ്ലേറിയ ഫൗളേറി മൂലമുള്ള മസ്തിഷ്‌ക ജ്വരത്തിന് 99 ശതമാനവും അക്കാന്തമീബ കാരണമാവുന്നതിന് 70-90 ശതമാനവുമാണ് ആഗോളതലത്തിലെ മരണനിരക്ക്. സംസ്ഥാനത്ത് രോഗം തുടക്കത്തിലേ കണ്ടെത്തി വിദഗ്ധചികിത്സ ഉറപ്പാക്കുന്നതിനാലാണ് മരണനിരക്ക് കുറഞ്ഞുനിൽക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

സംസ്ഥാനത്ത് എലിപ്പനി കഴിഞ്ഞാൽ ഇക്കൊല്ലം ഏറ്റവും കൂടുതൽപേർ മരിച്ച രോഗമായി അമീബിക് മസ്തിഷ്‌ക ജ്വരം. 891 എലിപ്പനിബാധിതരിൽ 28 പേർ മരിച്ചു. 5745 ഡെങ്കിപ്പനിബാധിതരിൽ 16 പേർക്കാണ് ജീവൻ നഷ്ടമായത്. തണുപ്പില്ലാത്ത തടാകങ്ങൾ, കുളങ്ങൾ, മലിനമായ നീന്തൽക്കുളങ്ങൾ എന്നിവയിലാണ് രോഗകാരണമായ അമീബകളുണ്ടാവാൻ സാധ്യതയുള്ളത്. മൂക്കിലൂടെ പ്രവേശിച്ച് മസ്തിഷ്‌കത്തെ ബാധിക്കുന്നു. പ്രതിരോധശേഷി കുറഞ്ഞവരിൽ ദേഹത്തുള്ള മുറിവുകളിലൂടെയും അക്കാന്തമീബ നാഡീവ്യൂഹത്തെയും മസ്തിഷ്‌കത്തെയും ബാധിക്കാൻ സാധ്യതയുണ്ട്.

തീവ്രമായ പനി, പെട്ടെന്നുള്ള ജ്വരം, തലവേദന, ഛർദി, കഴുത്തുവേദന, ബോധക്ഷയം, വെളിച്ചം കാണുമ്പോൾ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. വേഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ഉടൻ ചികിത്സ ആവശ്യമാണ്.

Content Highlights: 20 deaths recorded in 4.5 months due to amoebic meningoencephalitis., 100 confirmed cases reported across the state., Primary pathogens identified as Naegleria fowleri and Acanthamoeba., Transmission occurs via contaminated water entering through the nose or open wounds.