അമീബിക് മസ്തിഷ്കജ്വരത്തിനൊപ്പം മറ്റ് അണുബാധകളും, പ്രതിരോധശേഷി കുറഞ്ഞവർക്ക് അപകടസാധ്യത കൂടുതൽ

കോഴിക്കോട്: സംസ്ഥാനത്ത് വിടാതെ അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ടുചെയ്യപ്പെടുമ്പോൾ, പ്രതിരോധശേഷികുറവുള്ളവർ കൂടുതൽ കരുതണം. ഇങ്ങനെയുള്ളവരിൽ ചിലപ്പോൾ അമീബിക് മസ്തിഷ്കജ്വരത്തിനൊപ്പം മറ്റ് അണുബാധകൾകൂടി കണ്ടുവരുന്നതായി വിദഗ്‌ധർ പറയുന്നു. അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കഴിഞ്ഞദിവസം കോഴിക്കോട്ട് മരിച്ച പുതിയങ്ങാടി സ്വദേശിക്ക് ന്യൂമോകോക്കൽ മെനിഞ്ചൈറ്റിസുകൂടി ബാധിച്ചിരുന്നതായി ചികിത്സിച്ച ഡോക്ടറും ബേബിമെമ്മോറിയൽ ആശുപത്രി ന്യൂറോളജി വിഭാഗം മേധാവിയുമായ ഡോ. ഉമ്മർ കാരാടൻ പറഞ്ഞു. മുൻപ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിൽക്കഴിഞ്ഞവരിൽ ചിലർക്കും ഇത്തരത്തിൽ ബയോ മെനിഞ്ചൈറ്റിസ് റിപ്പോർട്ടുചെയ്തിരുന്നതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.ജി. സജീത്ത്കുമാറും പറയുന്നു.
വൈറസുകൾ, ബാക്ടീരിയ, ഫംഗസ് തുടങ്ങിയവ കാരണമുള്ള അണുബാധ തലച്ചോറിനെ ബാധിക്കുന്നതുമൂലമുണ്ടാകുന്ന ജ്വരത്തെയാണ് പൊതുവെ ബയോ മെനിഞ്ചൈറ്റിസ് എന്നുപറയുന്നത്. ഇത്തരം മെനിഞ്ചൈറ്റിസിൽ ഉൾപ്പെട്ട ന്യൂമോകോക്കൽ മെനിഞ്ചൈറ്റിസാണ് പുതിയങ്ങാടി സ്വദേശിയിൽ കണ്ടത്. ഒരു അണുബാധയ്ക്കൊപ്പം വരുന്ന മറ്റൊരു അണുബാധ(കോ-ഇൻഫെക്‌ഷൻ)യാണിത്.
സാധാരണ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച കേസുകളിൽ കണ്ടുവരാത്ത ചെവിവേദനയാണ് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദന് ആദ്യംവന്നത്. ഇതേത്തുടർന്ന് അദ്ദേഹം ഇഎൻടി വിദഗ്‌ധനെക്കണ്ട് മരുന്നുകഴിച്ചു. ഒരുദിവസത്തിനുശേഷം ചെവിവേദന വീണ്ടും തുടങ്ങുകയും ഒപ്പം കടുത്ത തലവേദനവരുകയും ചെയ്തപ്പോഴാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും ബോധം നഷ്ടമായ രോഗിയിൽ അപസ്മാരലക്ഷണങ്ങളുമുണ്ടായിരുന്നു.
ആദ്യം ബീച്ചാശുപത്രിയിലെത്തിച്ച രോഗിയെ ഇവിടെനിന്ന് റെഫർചെയ്തതിനെത്തുടർന്ന് ഒരു സ്വകാര്യാശുപത്രിയിലും പിന്നീട് ബേബി മെമ്മോറിയൽ ആശുപത്രിയിലുമെത്തിച്ചു. “വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച രോഗിക്ക് അപ്പോഴേക്കും ഛർദിയും ചെറിയ പനിയുമുണ്ടായിരുന്നു. എന്നാൽ, അമീബിക് മസ്തിഷ്കജ്വരം ബാധിച്ച രോഗിയിൽ കാണുന്ന കഠിനമായലക്ഷണങ്ങൾ ഈ രോഗിയിൽ കുറവായിരുന്നു. ചെറിയ പനിയേ ഉണ്ടായിരുന്നുള്ളൂ. കഴുത്തിലെ പേശികൾ വലിഞ്ഞുമുറുകുന്ന അവസ്ഥയും ഉണ്ടായിരുന്നില്ല. പക്ഷേ, ലക്ഷണങ്ങൾവെച്ച് അമീബിക് മസ്തിഷ്കജ്വരമെന്ന സംശയംതോന്നിയതിനാൽ നീരുകുത്തിയെടുത്ത് വെറ്റ് മൗണ്ട് ടെസ്റ്റിനയച്ചത് പോസിറ്റീവായി”-ഡോ. ഉമ്മർ കാരാടൻ പറഞ്ഞു.
എങ്കിലും ചെവിവേദന എങ്ങനെ വന്നെന്ന സംശയമാണ് മറ്റെന്തെങ്കിലും അണുബാധകൂടി ബാധിച്ചിരിക്കാമെന്ന നിഗമനത്തിലെത്തിച്ചത്. തുടർന്ന് കോ ഇൻഫെക്‌ഷൻ ഉണ്ടോയെന്നറിയാൻ നടത്തിയ ബയോഫയർ ടെസ്റ്റിലാണ് ന്യൂമോകോക്കൽ മെനിഞ്ചൈറ്റിസ് കണ്ടെത്തിയത് -ഡോ. ഉമ്മർ പറഞ്ഞു. തുടർന്ന് രണ്ട് രോഗത്തിനുമുള്ള മരുന്നുകൾ ആരംഭിച്ചു. പിന്നീട് രോഗിയെ ഇവിടെനിന്ന് മറ്റൊരു സ്വകാര്യാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇത്തരം രോഗികളിൽ രോഗം പെട്ടെന്ന് ഗുരുതരമാകാനും മരണംവരെ സംഭവിക്കാനും സാധ്യത കൂടുതലാണെന്നും വിദഗ്‌ധർ പറയുന്നു.
Content Highlights: Amoebic Meningoencephalitis in Kerala: Doctors Warn of Deadly Co-infections in Kozhikode