ദീർഘകാല മദ്യപാനം കരൾ നാശത്തിന് കാരണമാവും, പുനരുജ്ജീവനശേഷിയെ ബാധിക്കും- പഠനം

ഒട്ടേറെ നിർണായക പ്രവർത്തനങ്ങൾ നടത്തുന്ന അവയവമാണ് കരൾ. ആരോഗ്യകരമായ ജീവിതചര്യ, ശരീരത്തിന് ഹാനികരമായ വസ്തുക്കളുടെ വർജനം, ഹെപ്പറ്റൈറ്റിസ് ബാധയ്ക്കെതിരേയുള്ള കുത്തിവെപ്പ്, ക്രമമായ ഇടവേളകളിലുള്ള ആരോഗ്യപരിശോധന എന്നിവയിലൂടെ കരളിന്റെ ആരോഗ്യം സംരക്ഷിക്കാനാകും. കരളിനെ സംബന്ധിച്ച് മദ്യം ശത്രുവാണെന്നത് പലർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ, ദീർഘകാലമായുള്ള മദ്യപാനം വിചാരിക്കുന്നതിലുമപ്പുറം കരളിനെ ഗുരുതരമായി ബാധിക്കുമെന്നു പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.
ദീർഘകാല അമിത മദ്യപാനശീലം ഒഴിവാക്കിയാലും ചില സാഹചര്യങ്ങളിൽ കരളിനു സ്വയം ഭേദപ്പെടാൻ സാധിക്കില്ലെന്ന് പഠനം പറയുന്നു. University of Illinois Urbana-Champaign, Duke University, Chan Zuckerberg Biohub Chicago എന്നിവിടങ്ങളിലെ ഗവേഷകരാണ് ഈ പഠനത്തിന് പിന്നിൽ. മദ്യപാനവുമായി ബന്ധപ്പെട്ട കരൾ രോഗത്തെക്കുറിച്ച് നിർണായക വിവരങ്ങൾ പഠനത്തിൽ വ്യക്തമാക്കുന്നു.
സ്വയം പുനരുജ്ജീവിക്കാൻ(regenerate) കഴിവുള്ള അവയവമാണ് കരൾ. അതിൻ്റെ ഒരു ഭാഗം നീക്കം ചെയ്യുകയോ പരിക്കേൽക്കുകയോ ചെയ്താൽ ആരോഗ്യമുള്ള കരൾ കോശങ്ങൾ ടിഷ്യുവിനെ വീണ്ടും ആരോഗ്യകരമാക്കുന്നു. എന്നാൽ, വർഷങ്ങളായുള്ള മദ്യപാനം ഈ കഴിവിനെ തകരാറിലാക്കുമെന്ന് പഠനം പറയുന്നു. മദ്യപാനം നിർത്തിയാലും ഈ പ്രശ്നം പരിഹരിക്കപ്പെടണമെന്നില്ലെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.
തകരാറിലായ കരളുകളിൽ കോശങ്ങൾ സ്വയം ഭേദമാകാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അതിന് സാധിക്കുന്നില്ല. ഈ കോശങ്ങൾ പൂർണ്ണ വളർച്ചയെത്തിയ കരൾ കോശങ്ങളല്ല. ടിഷ്യുവിനെ പുനർനിർമ്മിക്കാൻ ആവശ്യമായ stem-like cells ആകാനും ഇവയ്ക്ക് സാധിക്കുന്നില്ല. ഒരു ഏണിയുടെ പാതിവഴിയിൽ മുകളിലേക്കോ താഴേക്കോ പോകാനാവാതെ നിൽക്കുന്നതുപോലെയുള്ള അവസ്ഥയാണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഭാഗികമായി മാത്രം പ്രവർത്തിക്കുന്ന കോശങ്ങൾ ശേഷിക്കുന്ന ആരോഗ്യമുള്ള കോശങ്ങൾക്ക് അധിക സമ്മർദ്ദം നൽകുകയും അത് കരളിനെ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നു.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: New research highlights how long-term alcohol abuse severely impairs the liver`s ability to regenerate, even after quitting. Learn about the critical implications.