ഒരുതുള്ളി മദ്യം പോലും കുടലിന് പണിതരും, ദഹനം മുതൽ പ്രതിരോധശേഷി വരെ തകരാറിലാകും- ഡോക്ടർ പറയുന്നത്

Representative Image| Photo: AI Generated
Representative Image| Photo: AI Generated

മിതമായ അളവിൽ മദ്യപിക്കുന്നത് പ്രശ്നമില്ലെന്നാണ് പലരും കരുതുന്നതെങ്കിലും ഒരളവും സുരക്ഷിതമല്ലെന്നാണ് പല പഠനങ്ങളും പറയുന്നത്. സോഷ്യൽ ഡ്രിങ്കിങ് പോലും ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയുകയാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ.പാൽ മാണിക്കം. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഒരു തുള്ളി മദ്യംപോലും കുടലിന്റെ ആരോഗ്യത്തെ തകരാറിലാക്കുമെന്ന് പാൽ മാണിക്കം പറയുന്നത്.

വല്ലപ്പോഴുമുള്ള മദ്യപാനം പോലും കുടലിന് പണിതരുമെന്നാണ് ഡോ.പാൽ മാണിക്കം പറയുന്നത്. ഒരു ഗ്ലാസ് വൈൻ കുടിക്കുന്നതുപോലും കുടലിന്റെ ആരോഗ്യം പ്രശ്നത്തിലാക്കും. മദ്യം ദഹനവ്യവസ്ഥയ്ക്ക് ഗുണകരമായ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയിൽ മാറ്റമുണ്ടാക്കുകയും കുടലിലെ സൂക്ഷ്മാണുക്കളെ ദുർബലമാക്കുകയും ചെയ്യും. ഇത് ശരീരത്തിൽ വീക്കമുണ്ടാകാനും വയറു വീർക്കാനും ദഹനപ്രക്രിയ തകരാറിലാവാനും കാരണമാകും. ക്രമേണ പ്രതിരോധശേഷി വരെ തകരാറിലായേക്കാമെന്നും അദ്ദേഹം പറയുന്നു.

അമിതമായി മദ്യപിക്കുന്നത് സ്ട്രെസ്സ് ഹോർമോണായ കോർട്ടിസോളിന്റെ നില വർധിപ്പിക്കുകയും ഇത് ശരീരത്തിൽ‌ കൊഴുപ്പടിയാനും വിശപ്പ് കൂടാനും അമിതവണ്ണത്തിനും കാരണമാകുമെന്നും അദ്ദേഹം പറയുന്നു. കൂടാതെ ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും മദ്യപാനം കാരണമാകുമെന്ന് ഡോ.പാൽ മാണിക്കം പറയുന്നു.

മദ്യപാനം പലവിധ കാൻസറുകളുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് സിഡിസി(Centers for Disease Control and Prevention) നേരത്തേ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. മിതമായ അളവിലുള്ള മദ്യപാനംപോലും സ്ത്രീകളിൽ സ്തനാർബുദ സാധ്യത വർധിപ്പിക്കാമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. മദ്യപാനാസക്തി ഗുരുതരമായ പലരോഗങ്ങളിലേക്കും നയിക്കുമെന്ന് വ്യക്തമാക്കുന്ന പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. കാലങ്ങളോളമുള്ള മദ്യപാനശീലം രക്തസമ്മർദം വർധിക്കുക, കരൾ രോഗങ്ങൾ, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയവയ്ക്ക് കാരണമാകും.

മദ്യം ഉപേക്ഷിക്കുമ്പോൾ ശരീരത്തിന് സംഭവിക്കുന്ന ചില പോസിറ്റീവായ മാറ്റങ്ങൾ

ഹൃദയാരോഗ്യം മെച്ചപ്പെടും

പലരും ദിവസവും പരിമിതമായ അളവിൽ മദ്യംകഴിക്കുന്നത് ഹൃദയത്തിന് ഗുണം ചെയ്യുമെന്ന് കരുതുന്നവരാണ്. എന്നാൽ, മദ്യം ശീലമാവുകയും അതിനൊപ്പം അളവു കൂടുകയുമൊക്കെ ചെയ്യുന്നത് രക്തസമ്മർദത്തിന്റെ തോതിനെ ബാധിക്കും. ഇത് ഹൃദയാരോഗ്യത്തേയും തകരാറിലാക്കും. കൂടാതെ ട്രിഗ്ലൈസിറൈഡ്സ് എന്ന കൊഴുപ്പ് ശരീരത്തിൽ അടിയാൻ കാരണമാവുകയും ഇതും ഹൃദ്രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യാം.

കരളിന്റെ ആരോഗ്യം

ശരീരത്തിലെ മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറംതള്ളി വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന അവയവമാണ് കരൾ. എന്നാൽ, മദ്യപാനം അതിരുവിടുന്നത് കരളിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. ഫാറ്റി ലിവർ, ലിവർ സിറോസിസ് തുടങ്ങിയ അവസ്ഥകൾക്ക് കാരണമാവുകയും ചെയ്യും. മദ്യപാനം കുറയ്ക്കുകയോ പൂർണമായും ഉപേക്ഷിക്കുകയോ ചെയ്യുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

ഭാരം കുറയാൻ

വണ്ണം കുറയ്ക്കാൻ പരിശ്രമിക്കുന്നവരും മദ്യപാനം ഉപേക്ഷിക്കുന്നത് ഗുണംചെയ്യും. ഒരു ഗ്ലാസ് ബിയറിൽ 150 കലോറിയും വൈനിൽ 120 കലോറിയുമാണുള്ളത്. ഇനി കലോറി തീരെ കുറഞ്ഞവയാണെങ്കിൽപ്പോലും മദ്യം വിശപ്പിനെ അധികരിക്കും. ഇത് കൂടുതൽ ഭക്ഷണം കഴിക്കാനിടയാക്കുകയും വണ്ണംവെക്കാൻ കാരണമാവുകയും ചെയ്യും. അതിനാൽ മദ്യപാനം നിർത്തുകവഴി ശരീരഭാരവും കുറയ്ക്കാനാവും.

ബന്ധങ്ങൾ സുഖകരമാക്കും

മാനസികാവസ്ഥയെ സ്വാധീനിക്കുന്നതിലും മദ്യത്തിന് വലിയ പങ്കാണുള്ളത്. സോഷ്യൽ ഡ്രിങ്കിങ് എന്ന അവസ്ഥയിൽനിന്ന് പലരും ബോധം നഷ്ടമാകും വരെ മദ്യപിക്കുന്നത് ദോഷമേ ചെയ്യൂ. മദ്യോപയോഗം കുറയ്ക്കുന്നതും നിർത്തുന്നതും ബന്ധങ്ങളിലും ജോലിയിലും ആരോഗ്യത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും. കൂടാതെ വിഷാദരോഗം, അമിത ഉത്കണ്ഠ തുടങ്ങിയ സാഹചര്യങ്ങളെ പ്രതിരോധിക്കാനും സഹായകമാകും.

കാൻസർ സാധ്യത

മദ്യപാനം പലതരത്തിലുള്ള കാൻസറുകൾക്ക് കാരണമാകുമെന്ന് അടുത്തിടെ ഒരു പഠനത്തിൽ വ്യക്തമായിരുന്നു. വൈന്‍ ഉള്‍പ്പെടെ ആല്‍ക്കഹോള്‍ അംശമുള്ള പാനീയങ്ങളെല്ലാം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനത്തിലുണ്ടായിരുന്നത്. സ്തനാര്‍ബുദം, വായിലെ അര്‍ബുദം, കുടലിലെ അര്‍ബുദം തുടങ്ങി ഏഴോളം തരത്തിലുള്ള കാന്‍സറുകള്‍ക്ക് പിന്നില്‍ മദ്യത്തിന്റെ ഉപഭോഗവുമായി ബന്ധമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

ഉറക്കം മെച്ചപ്പെടും

മദ്യപാനം തുടക്കത്തിൽ മയക്കത്തിന് സമാനമായ അനുഭവം നൽകുമെങ്കിലും സുഖകരമായ ഉറക്കത്തിന് തടസ്സമാകാം. മൂത്രമൊഴിക്കുന്നതിനുൾപ്പെടെ ഉറക്കത്തിനിടെ ഇടയ്ക്കിടെ എഴുന്നേൽക്കുന്നത് ഉറക്കം അസ്വസ്ഥമാക്കും. രാത്രി വളരെ വൈകുംവരെ മദ്യപിക്കുന്ന ശീലം പാടേ ഉപേക്ഷിക്കുന്നതാണ് ഗുണകരം.

പ്രതിരോധശേഷി

മദ്യം ശരീരത്തിന്റെ അണുക്കളെ പ്രതിരോധിക്കാനുള്ള ശേഷിയെ ദുർബലമാക്കാം. മദ്യത്തിന്റെ അളവു കൂടുന്നതിനൊപ്പം പ്രതിരോധശേഷി ദുർബലമാവും. ഇതുതടയാൻ മദ്യം കുറയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യണം.

രക്തസമ്മർദം നിയന്ത്രിക്കാനാവും

വലിയ അളവിൽ മദ്യം കഴിക്കുന്നത് രക്തസമ്മർദത്തിന്റെ തോത് വർധിപ്പിക്കും. കൂടാതെ മദ്യപാനം മസ്തിഷ്കത്തിന്റെ പ്രവർത്തനത്തേയും ബാധിക്കും. കാര്യങ്ങൾ ഓർത്തെടുക്കാനുള്ള ശേഷി കുറയുകയും മോട്ടോർ സ്കില്ലുകളെ ബാധിക്കുകയും ചെയ്യും. മദ്യം കുറയ്ക്കുന്നതിനനുസരിച്ച് ഈ ശേഷികൾ മെച്ചപ്പെടുകയും ചെയ്യും.

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)

Content Highlights: Moderate alcohol consumption, including social drinking, can damage your gut health,