മിതമായാൽപ്പോലും മസ്തിഷ്കത്തിലേക്കുള്ള രക്തയോട്ടം കുറയും, മദ്യപാനത്തിൽ സുരക്ഷിത അളവില്ല- പഠനം

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

മദ്യത്തിന് സുരക്ഷിതമായ ഒരളവില്ലെന്ന് വ്യക്തമാക്കുന്ന നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. മദ്യം കഴിക്കുന്നത് മിതമായ അളവിലാണെങ്കിൽപ്പോലും മസ്തിഷ്കാരോഗ്യം കാര്യമായി തകരാറിലാക്കുമെന്ന് വ്യക്തമാക്കുകയാണ് പുതിയ പഠനം. ആൽക്കഹോൾ എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ.

ചെറിയ അളവിൽ മദ്യം കഴിക്കുന്നതുപോലും മസ്തിഷ്കത്തിന്റെ ആരോഗ്യത്തിന് ഹാനികരമാണെന്ന് പഠനം പറയുന്നു. മിതമായ മദ്യപാനവും തലച്ചോറിലേക്കുള്ള രക്തയോട്ടം തകരാറിലാക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇരുപത്തിരണ്ടിനും എഴുപതിനും ഇടയിൽ പ്രായമുള്ള ആരോഗ്യവാന്മാരായ 45 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ഇവരുടെ മദ്യോപഭോഗവും അതെങ്ങനെ മസ്തിഷ്കത്തെ ബാധിക്കുന്നുവെന്നുമാണ് പരിശോധിച്ചത്.

എംആർഐ സ്കാൻ ചെയ്താണ് മസ്തിഷ്കത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതും മദ്യപാനവും തമ്മിൽ ബന്ധമുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയത്. പ്രായമായവരിൽ ഇതിന്റെ തോത് കൂടുതൽ പ്രകടമായിരുന്നു. കൂടുതൽ മദ്യപിക്കുന്നവരിലും മസ്തിഷ്കത്തിലേക്കുള്ള രക്തയോട്ടം കൂടുതൽ കുറവാണെന്ന് കണ്ടെത്തി. ചിന്താശേഷി, ഓർമ, ഭാഷ എന്നിവയെയൊക്കെ നിയന്ത്രിക്കുന്ന മസ്തിഷ്കത്തിന്റെ ഭാഗത്തെയാണ് രക്തയോട്ടം കുറയുന്നത് കൂടുതലായും ബാധിക്കുന്നത്. ക്രമേണ ഇത് വൈജ്ഞാനിക അപചയത്തിലേക്കും നയിക്കുമെന്ന് ഗവേഷകർ പറയുന്നു.

മിതമായ മദ്യപാനം മാനസികാരോഗ്യത്തിന് ഗുണകരമാണെന്നും ഹൃദ്രോഗസാധ്യത കുറയ്ക്കുമെന്നും പഴയകാല ഗവേഷണങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ, പുതിയ ഗവേഷണങ്ങൾ ഈ സിദ്ധാന്തങ്ങളിൽനിന്ന് മാറുകയാണ്. മിതമായ മദ്യപാനം പോലും ഡിഎൻഎക്ക് കേടുപാടുകൾ വരുത്താനും ചിലതരം കാൻസറുകൾ വരാനുള്ള സാധ്യത വർധിപ്പിക്കാനും സാധ്യതയുണ്ടെന്ന് പുതിയ പഠനങ്ങൾ പറയുന്നു.

മദ്യപാനം പലവിധ കാൻസറുകളുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് സിഡിസി (Centers for Disease Control and Prevention) നേരത്തേ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. മിതമായ അളവിലുള്ള മദ്യപാനംപോലും സ്ത്രീകളിൽ സ്തനാർബുദ സാധ്യത വർധിപ്പിക്കാമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. മദ്യപാനാസക്തി ഗുരുതരമായ പലരോഗങ്ങളിലേക്കും നയിക്കുമെന്ന് വ്യക്തമാക്കുന്ന പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. കാലങ്ങളോളമുള്ള മദ്യപാനശീലം രക്തസമ്മർദം വർധിക്കുക, കരൾ രോഗങ്ങൾ, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയവയ്ക്ക് കാരണമാകും.

മദ്യം ഉപേക്ഷിക്കുമ്പോൾ ശരീരത്തിന് സംഭവിക്കുന്ന ചില പോസിറ്റീവായ മാറ്റങ്ങൾ

ഹൃദയാരോഗ്യം മെച്ചപ്പെടും

പലരും ദിവസവും പരിമിതമായ അളവിൽ മദ്യംകഴിക്കുന്നത് ഹൃദയത്തിന് ഗുണം ചെയ്യുമെന്ന് കരുതുന്നവരാണ്. എന്നാൽ, മദ്യം ശീലമാവുകയും അതിനൊപ്പം അളവു കൂടുകയുമൊക്കെ ചെയ്യുന്നത് രക്തസമ്മർദത്തിന്റെ തോതിനെ ബാധിക്കും. ഇത് ഹൃദയാരോഗ്യത്തേയും തകരാറിലാക്കും. കൂടാതെ ട്രൈഗ്ലൈസിറൈഡ്സ് എന്ന കൊഴുപ്പ് ശരീരത്തിൽ അടിയാൻ കാരണമാവുകയും ഇതും ഹൃദ്രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യാം.

കരളിന്റെ ആരോഗ്യം

ശരീരത്തിലെ മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറംതള്ളി വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന അവയവമാണ് കരൾ. എന്നാൽ, മദ്യപാനം അതിരുവിടുന്നത് കരളിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. ഫാറ്റി ലിവർ, ലിവർ സിറോസിസ് തുടങ്ങിയ അവസ്ഥകൾക്ക് കാരണമാവുകയും ചെയ്യും. മദ്യപാനം കുറയ്ക്കുകയോ പൂർണമായും ഉപേക്ഷിക്കുകയോ ചെയ്യുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

ഭാരം കുറയാൻ

വണ്ണം കുറയ്ക്കാൻ പരിശ്രമിക്കുന്നവരും മദ്യപാനം ഉപേക്ഷിക്കുന്നത് ഗുണംചെയ്യും. ഒരു ഗ്ലാസ് ബിയറിൽ 150 കലോറിയും വൈനിൽ 120 കലോറിയുമാണുള്ളത്. ഇനി കലോറി തീരെ കുറഞ്ഞവയാണെങ്കിൽപ്പോലും മദ്യം വിശപ്പിനെ അധികരിക്കും. ഇത് കൂടുതൽ ഭക്ഷണം കഴിക്കാനിടയാക്കുകയും വണ്ണംവെക്കാൻ കാരണമാവുകയും ചെയ്യും. അതിനാൽ മദ്യപാനം നിർത്തുകവഴി ശരീരഭാരവും കുറയ്ക്കാനാവും.

ബന്ധങ്ങൾ സുഖകരമാക്കും

മാനസികാവസ്ഥയെ സ്വാധീനിക്കുന്നതിലും മദ്യത്തിന് വലിയ പങ്കാണുള്ളത്. സോഷ്യൽ ഡ്രിങ്കിങ് എന്ന അവസ്ഥയിൽനിന്ന് പലരും ബോധം നഷ്ടമാകും വരെ മദ്യപിക്കുന്നത് ദോഷമേ ചെയ്യൂ. മദ്യോപയോഗം കുറയ്ക്കുന്നതും നിർത്തുന്നതും ബന്ധങ്ങളിലും ജോലിയിലും ആരോഗ്യത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും. കൂടാതെ വിഷാദരോഗം, അമിത ഉത്കണ്ഠ തുടങ്ങിയ സാഹചര്യങ്ങളെ പ്രതിരോധിക്കാനും സഹായകമാകും.

കാൻസർ സാധ്യത

മദ്യപാനം പലതരത്തിലുള്ള കാൻസറുകൾക്ക് കാരണമാകുമെന്ന് അടുത്തിടെ ഒരു പഠനത്തിൽ വ്യക്തമായിരുന്നു. വൈൻ ഉൾപ്പെടെ ആൽക്കഹോൾ അംശമുള്ള പാനീയങ്ങളെല്ലാം കാൻസർ സാധ്യത വർധിപ്പിക്കുമെന്നാണ് പഠനത്തിലുണ്ടായിരുന്നത്. സ്തനാർബുദം, വായിലെ അർബുദം, കുടലിലെ അർബുദം തുടങ്ങി ഏഴോളം തരത്തിലുള്ള കാൻസറുകൾക്ക് പിന്നിൽ മദ്യത്തിന്റെ ഉപഭോഗവുമായി ബന്ധമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

ഉറക്കം മെച്ചപ്പെടും

മദ്യപാനം തുടക്കത്തിൽ മയക്കത്തിന് സമാനമായ അനുഭവം നൽകുമെങ്കിലും സുഖകരമായ ഉറക്കത്തിന് തടസ്സമാകാം. മൂത്രമൊഴിക്കുന്നതിനുൾപ്പെടെ ഉറക്കത്തിനിടെ ഇടയ്ക്കിടെ എഴുന്നേൽക്കുന്നത് ഉറക്കം അസ്വസ്ഥമാക്കും. രാത്രി വളരെ വൈകുംവരെ മദ്യപിക്കുന്ന ശീലം പാടേ ഉപേക്ഷിക്കുന്നതാണ് ഗുണകരം.

പ്രതിരോധശേഷി

ശരീരത്തിന്റെ അണുക്കളെ പ്രതിരോധിക്കാനുള്ള ശേഷിയെ മദ്യം ദുർബലമാക്കാം. മദ്യത്തിന്റെ അളവു കൂടുന്നതിനൊപ്പം പ്രതിരോധശേഷി ദുർബലമാവും. ഇതുതടയാൻ മദ്യം കുറയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യണം.

രക്തസമ്മർദം നിയന്ത്രിക്കാനാവും

വലിയ അളവിൽ മദ്യം കഴിക്കുന്നത് രക്തസമ്മർദത്തിന്റെ തോത് വർധിപ്പിക്കും. കൂടാതെ മദ്യപാനം മസ്തിഷ്കത്തിന്റെ പ്രവർത്തനത്തേയും ബാധിക്കും. കാര്യങ്ങൾ ഓർത്തെടുക്കാനുള്ള ശേഷി കുറയുകയും മോട്ടോർ സ്കില്ലുകളെ ബാധിക്കുകയും ചെയ്യും. മദ്യം കുറയ്ക്കുന്നതിനനുസരിച്ച് ഈ ശേഷികൾ മെച്ചപ്പെടുകയും ചെയ്യും.

Content Highlights: Stanford University study confirms no amount of alcohol is safe for brain health., Moderate drinking reduces blood flow to critical brain areas.