വായു മലിനീകരണം മസ്തിഷ്ക രക്തസ്രാവത്തിന് പ്രധാന ഘടകമായി മാറുന്നുവെന്ന് പഠനം

Representative Image| Photo: Canva.com
Representative Image| Photo: Canva.com

പുകവലി ഉണ്ടാക്കുന്ന ആഘാതത്തിനു തുല്യമായി  സൂക്ഷ്മ കണികകള്‍  ( particulate matter)  മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും സ്ട്രോക്കിനു (പക്ഷാഘാതം)  കാരണമാകുമെന്ന് പഠനം. മസ്തിഷ്‌കത്തിനുളളിലെ രക്തസ്രാവം( subarachnoid haemorrhage)  മൂലമുണ്ടാക്കുന്ന സ്ട്രോക്കിലൂടെ സംഭവിക്കുന്ന 14% മരണങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും പിന്നില്‍ വായു മലിനീകരണമാണെന്ന് ദ ലാൻസെറ്റ ന്യൂറോളജിയിൽ  പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നു.

ഇന്ത്യ, യുഎസ്, ന്യൂസിലന്‍ഡ്, ബ്രസീല്‍, യു.എ.ഇ  എന്നീ രാജ്യങ്ങളില്‍ നിന്നുള്ള  ഗവേഷകരുടെ സംഘമാണ് പഠനത്തിനു നേതൃത്വം നൽകിയത്. അന്തരീക്ഷ മലിനീകരണം, ഉയര്‍ന്ന താപനില, മെറ്റബോളിസത്തിലുണ്ടാകുന്ന വൈകല്യങ്ങൾ  എന്നിവ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയില്‍ ലോകത്താകമനം  സ്‌ട്രോക്ക് കേസുകളില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാക്കുന്നതിന് കാരണമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

2021-ല്‍  പുതിയ 11.9 ദശലക്ഷം സ്‌ട്രോക്ക് കേസുകൾ റിപ്പോര്‍ട്ട് ചെയ്തതു. 1990- അപേക്ഷിച്ച് 70 ശതമാനം വര്‍ധനവാണ് ഉണ്ടായത്. സ്‌ട്രോക്ക് ബാധിതരായി 70.3 ലക്ഷം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വായു മലിനീകരണം, പുകവലി, ഉയര്‍ന്ന ശരീര ഭാരം, രക്തസമ്മര്‍ദ്ദം എന്നിവ സ്‌ട്രോക്കിനിടയാക്കുന്ന പ്രധാന ഘടകങ്ങളാണ്. 

മുന്‍ കാലങ്ങളെ അപേക്ഷിച്ച് വായു മലിനീകരണവും ഉയര്‍ന്ന താപനിലയും സട്രോക്ക് ഉണ്ടാകുന്നതില്‍ വലിയ പങ്കുവഹിക്കുന്നതായി പഠനത്തിനു നേതൃത്വം വഹിച്ചവരിലൊരാളായ ഡോ. കാതറിന്‍ ഓ ജോണ്‍സണ്‍ പറഞ്ഞു.  ഇന്ത്യ, നൈജീരിയ, ബംഗ്ലാദേഷ് പോലുള്ള വികസ്വര രാജ്യങ്ങളാണ് ഇത് കൂടുതൽ ബാധിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. 

2023-ലെ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ട്  പ്രകാരം ലോകത്ത് വായു മലിനീകരണം ഏറ്റവും രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
 

എന്താണ് സ്ട്രോക്ക്?

മസ്തിഷ്‌കത്തിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ട പിടിക്കുകയോ (Thrombosis) രക്തസ്രാവം (Haemorrhage) ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് സ്ട്രോക്ക്. രക്താതിമര്‍ദത്തിന്റെയോ അല്ലെങ്കില്‍ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. ആഗോളതലത്തില്‍ നാല് മുതിര്‍ന്നവരില്‍ ഒരാള്‍ക്ക് പക്ഷാഘാതം വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പക്ഷാഘാതം പ്രധാനമായും രണ്ട് തരമാണ്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ പ്ലാക്ക് അടിഞ്ഞ് കൂടുകയും ഈ പ്ലാക്കുകള്‍ പൊട്ടി അത് രക്തക്കട്ടയായി തലച്ചോറിലേക്കുള്ള രക്തയോട്ടം ഭാഗികമായോ പൂര്‍ണ്ണമായോ തടസ്സപ്പെടുത്തുന്നു. ഇതിനെ ഇസ്കെമിക് സ്ട്രോക്ക് എന്ന് പറയുന്നു. തലച്ചോറിലെ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാവുകയും തന്മൂലം പക്ഷാഘാതം സംഭവിക്കുകയും ചെയ്യുന്നതാണ് രണ്ടാമത്തേത്. ഇതിനെ ഹെമറേജിക് സ്ട്രോക് എന്ന് വിളിക്കുന്നു

ഹെമറേജിക് സ്ട്രോക്ക്

തലച്ചോറിലെ രക്തസ്രാവം അടുത്തുള്ള കോശങ്ങളെ നശിപ്പിക്കുമ്പോഴാണ് ഇവ സംഭവിക്കുന്നത്.

ഹെമറേജിക് സ്ട്രോക്കിനുള്ള കാരണങ്ങളും അപകട ഘടകങ്ങളും

  • 65 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ
  • ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, അല്ലെങ്കിൽ പ്രമേഹം എന്നിവ നിയന്ത്രണവിധേയല്ലാത്തവരിൽ
  • പൊണ്ണത്തടി
  •  പക്ഷാഘാതം ഉണ്ടായതിൻ്റെ പശ്ചാത്തലം
  • സ്ട്രോക്കുകളുടെ ചരിത്രം കുടുംബത്തിൽ ഉണ്ടായിരിക്കുക
  • പുകവലി
  • അനാരോഗ്യകരമായ ഭക്ഷണങ്ങൾ രീതി
  • വ്യായാമം ചെയ്യാതിരിക്കുക 
  • അനൂറിസം
  • രക്തസ്രാവ വൈകല്യം 
  • കൊക്കെയ്ൻ ഉപയോഗിക്കുന്നവർ ആണെങ്കിൽ 

ഹെമറേജിക് സ്ട്രോക്കിന്റെ ലക്ഷണങ്ങൾ

  • തീവ്രമായ തലവേദന -- ചില ആളുകൾ ഇതിനെ തങ്ങൾക്ക് ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും മോശമായ തലവേദനയായി വിശേഷിപ്പിക്കുന്നു
  • ആശയക്കുഴപ്പം
  • ഓക്കാനം 
  • പ്രകാശത്തോടുള്ള സംവേദനക്ഷമത
  • കാഴ്ച പ്രശ്നങ്ങൾ

ഹെമറേജിക് സ്ട്രോക്കിന്റെ സങ്കീർണതകൾ

ഹെമറേജിക് സ്ട്രോക്ക് ഇനിപ്പറയുന്നതുപോലുള്ള സങ്കീർണതകൾക്ക് കാരണമാകും:

  • മെമ്മറി, ചിന്താ പ്രശ്നങ്ങൾ
  • ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ
  • ഭക്ഷണം വിഴുങ്ങാനും മറ്റുമുള്ള ബുദ്ധിമുട്ടുകൾ
  • സ്ഥിരമായ ന്യൂറോളജിക്കൽ വൈകല്യം

Content Highlights: air pollution among top risking factor for brain stroke