പ്രമേഹം നിർണയിക്കാം രക്തപരിശോധനയില്ലാതെ, രോഗനിർണയം റെറ്റിനയുടെ ചിത്രങ്ങളെടുത്ത്

ചെന്നൈ: രക്തപരിശോധന കൂടാതെത്തന്നെ പ്രമേഹം നിർണയിക്കാനാവുന്ന എഐ അധിഷ്ഠിത സാങ്കേതിക വിദ്യ വികസിപ്പിച്ചതായി ഡോക്ടർമാർ അവകാശപ്പെട്ടു.
റെറ്റിനയുടെ ചിത്രങ്ങൾ എടുത്ത് എഐ സഹായത്തോടെ പ്രമേഹം നിർണയിക്കാനാവുമെന്നാണ് പഠനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
മദ്രാസ് ഡയബറ്റീസ് റിസർച്ച് ഫൗണ്ടേഷൻ, മംഗളൂരുവിലെ യേനപ്പോയ സർവകലാശാല, യുഎസിലെ എമോറി സർവകലാശാല എന്നിവ സംയുക്തമായി നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അടുത്തിടെ അന്താരാഷ്ട്ര ജേണലിൽ ഈ പ്രസിദ്ധീകരിച്ചു.
റെറ്റിനയുടെ കൃത്യമായ ഫോട്ടോ എടുക്കുന്നതു വഴി രക്തക്കുഴലുകളിലെ പ്രത്യേക മാറ്റങ്ങൾ എഐ അധിഷ്ഠിത സാങ്കേതിക വിദ്യയിലൂടെ കണ്ടെത്താനാകുമെന്നാണ് ഇവരുടെ അവകാശവാദം.
ഇന്ത്യയിൽ 100 ദശലക്ഷത്തിലധികം ആളുകൾക്ക് പ്രമേഹം ബാധിച്ചിട്ടുണ്ട്. പലർക്കും ഈ അവസ്ഥ ഉണ്ടെന്ന് അറിയില്ല. കാരണം അവർ പതിവായി പരിശോധനയ്ക്ക് വിധേയരാകുന്നില്ല എന്നതാണ്. റെറ്റിനൽ ഫോട്ടോഗ്രാഫുകളിലൂടെയും എഐ സാങ്കേതികവിദ്യയിലൂടെയും രോഗം പ്രാരംഭ ഘട്ടത്തിൽ തന്നെ നിർണയിക്കാൻ കഴിയും - മദ്രാസ് ഡയബറ്റീസ് റിസർച്ച് ഫൗണ്ടേഷൻ ചെയർമാൻ ഡോ. വി. മോഹൻ പറഞ്ഞു.
Content Highlights: New AI technology uses retinal scans to detect diabetes, potentially revolutionizing diagnosis and early intervention for millions worldwide.