പതിവായി അന്റാസിഡ് മരുന്നുകൾ കഴിക്കാറുണ്ടോ?; മറഞ്ഞിരിക്കുന്ന അപകടം മനസ്സിലാക്കണം, മുന്നറിയിപ്പുമായി പഠനം

ഭക്ഷണം കഴിച്ചാലുടനെ അസിഡിറ്റി പ്രശ്‌നങ്ങള്‍ സ്ഥിരമായി വരുന്ന പലരും നമുക്കിടയിലുണ്ട്. ജീവിതശൈലിയിലെ മാറ്റങ്ങളും ശരിയല്ലാത്ത ഭക്ഷണരീതികളുമൊക്കെ ഇതിന് കാരണമാണ്. ഈ ഒരു പ്രശ്നം വരുമ്പോഴേക്കും രണ്ടാമതൊന്ന് ആലോചിക്കാതെ ഒരു അന്റാസിഡ് എടുത്ത് കഴിക്കുന്നവരും നമുക്ക് ചുറ്റിനുമുണ്ട്. എന്നാൽ, ഇതോടെ ലഭിക്കുന്ന ആശ്വാസത്തിന് പിന്നിൽ നിശ്ശബ്ദമായി വളരുന്ന ഒരു വലിയ പ്രശ്നം ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തുടർച്ചയായി വരുന്ന അസിഡിറ്റിയെ സ്വയം ചികിത്സിക്കാൻ മുതിരരുത്. ദിവസവും അന്റാസിഡുകൾ കഴിക്കുന്നത് ആന്തരിക കോശങ്ങളെ ബാധിക്കുകയും കാലക്രമേണ ഗുരുതരമായ സങ്കീർണ്ണതകളിലേക്ക് നയിക്കുകയും ചെയ്തേക്കാം.
ഇപ്പോഴിതാ, അസിഡിറ്റി കുറയ്ക്കുന്ന മരുന്നുകളുടെ ദീർഘകാല ഉപയോഗം ഇവ ഉപയോഗിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ ആമാശയ അർബുദം (gastric cancer) വരാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നാണ് പുതിയ ഗവേഷണങ്ങൾ പറയുന്നത്. 'മെഡിസിൻ' ജേണലിൽ പ്രസിദ്ധീകരിച്ച ഒരു മെറ്റാ അനാലിസിസ് പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
എന്താണ് GERD?
എരിവുള്ള ഭക്ഷണങ്ങൾക്കോ അമിതമായ ആഹാരത്തിനോ ശേഷം അസിഡിറ്റി ഉണ്ടാകുന്നത് സാധാരണമാണെന്ന് പലരും കരുതുന്നു. എന്നാൽ, ആഴ്ചയിൽ രണ്ടിൽ കൂടുതൽ തവണ നെഞ്ചെരിച്ചിലോ സമാനമായ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ അത് Gastroesophageal Reflux Disease (GERD) ആകാനുള്ള സാധ്യതയുണ്ട്. ആമാശയത്തിലെ ആസിഡ് തുടർച്ചയായി മുകളിലേക്ക് വരുന്നതാണ് ഈ പ്രശ്നത്തിലേക്ക് നയിക്കുന്നത്. കാലക്രമേണ, ഇത് അന്നനാളത്തിൽ നീർവീക്കത്തിന് കാരണമാകുന്നു. ചെറിയ പുകച്ചിലായി തുടങ്ങുന്ന പ്രശ്നം പിന്നീട് അൾസർ, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, അന്നനാളത്തിലെ അർബുദം എന്നിവയിലേക്ക് വരെ നയിച്ചേക്കാം.
ദിവസവും അന്റാസിഡുകൾ കഴിക്കരുത്
നിലവിലുള്ള ആസിഡിനെ നിർവീര്യമാക്കുക എന്ന കാര്യം മാത്രമാണ് അന്റാസിഡുകൾ ചെയ്യുന്നത്. അവയ്ക്ക് റിഫ്ലക്സ് തടയാനോ മറ്റ് പ്രശ്നങ്ങളെ ഇല്ലാതാക്കാനോ സാധിക്കില്ല. പതിവായി ഉപയോഗിക്കുന്നത് ഒരുപക്ഷേ പെട്ടെന്ന് ആശ്വാസം നൽകാൻ സഹായിക്കുന്നു. എന്നാൽ, ഇവിടെ ലക്ഷണങ്ങൾ നിയന്ത്രിക്കപ്പെടുന്നുണ്ടെങ്കിലും പ്രധാന പ്രശ്നം തുടരുകയാണ്.
പതിവായി അന്റാസിഡുകൾ ഉപയോഗിക്കുന്ന വ്യക്തികൾക്ക് അന്നനാളത്തിൽ അഡിനോകാർസിനോമ വരാനുള്ള സാധ്യത കൂടുതലാണെന്ന് പബ്മെഡിൽ പ്രസിദ്ധീകരിച്ച ഒരു പഠനവും വ്യക്തമാക്കുന്നു.
ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- ചെറിയ അളവിൽ ഭക്ഷണം കഴിക്കുക.
- അത്താഴം നേരത്തെ കഴിക്കുക.
- രാത്രി വൈകി എണ്ണമയമുള്ളതും, എരിവുള്ളതും, അസിഡിറ്റിയുള്ളതും, വറുത്തതുമായ ഭക്ഷണങ്ങൾ കുറയ്ക്കുക.
- ഭക്ഷണം കഴിച്ച് കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും കിടക്കുന്നത് ഒഴിവാക്കുക.
- കഫീൻ, മദ്യം, പുകവലി എന്നിവ പരിമിതപ്പെടുത്തുക.
- ശരീരത്തിൽ ജലാംശം നിലനിർത്തുക.
- നാരുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
- ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുൻപ് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.
- ആഴ്ചയിൽ രണ്ട് തവണയിൽ കൂടുതൽ അസിഡിറ്റി ഉണ്ടായാൽ വൈദ്യസഹായം തേടാം.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Discover the hidden dangers of long-term antacid use for acidity. Learn about GERD and effective lifestyle changes to manage your digestive health naturally.