സൊഹ്‌റാൻ മംദാനിക്കും വിനയായ 'അക്കില്ലസ് ടെൻഡോൺ ടിയർ'; ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും അറിയാം

#Health desk
സൊഹ്റാൻ മംദാനി| Photo: AFP
സൊഹ്റാൻ മംദാനി| Photo: AFP

കായികതാരങ്ങളെയും സാധാരണക്കാരെയും ഒരുപോലെ ബാധിക്കുന്നതും മാസങ്ങളോളം നടത്തം, ഓട്ടം തുടങ്ങിയ ദൈനംദിന പ്രവൃത്തികളെ തടസ്സപ്പെടുത്തുന്നതുമായ ഒരു ഗുരുതര പരിക്കാണ് അക്കില്ലസ് ടെൻഡോൺ ടിയർ. ഈയിടെ സൗഹൃദ ഫുട്ബോൾ മത്സരത്തിനിടെ മുപ്പത്തഞ്ചുകാരനായ ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനിക്കും ഇതേ പരിക്കേറ്റത് വാർത്തയായിരുന്നു.

എന്താണ് പരിക്കെന്നും, ഇത് സംഭവിക്കാനുള്ള കാരണങ്ങളും പ്രതിരോധ മാർഗങ്ങളും എന്തൊക്കെയാണെന്നും വിശദമായി അറിയാം.

എന്താണ് അക്കില്ലസ് ടെൻഡോൺ ടിയർ?

കാൽവണ്ണയിലെ പേശികളെ ഉപ്പൂറ്റിയിലെ എല്ലുമായി ബന്ധിപ്പിക്കുന്ന ടിഷ്യൂ ആണ് അക്കില്ലസ് ടെൻഡോൺ. നടക്കാനും ഓടാനും ചാടാനും പടികൾ കയറാനുമെല്ലാം പാദങ്ങൾക്ക് നിലത്ത് ചവിട്ടി മുന്നോട്ട് നീങ്ങാനുള്ള ബലം നൽകുന്നത് ഇവയാണ്.

ഈ പേശീബന്ധം ഭാഗികമായോ പൂർണമായോ പൊട്ടുന്നതിനെയാണ് അക്കില്ലസ് ടെൻഡോൺ ടിയർ അഥവാ അക്കില്ലസ് റപ്ചർ എന്ന് വിളിക്കുന്നത്. പെട്ടെന്നുള്ള ഓട്ടം, ചാട്ടം, ദിശമാറൽ എന്നിവ ഉൾപ്പെടുന്ന കായിക വിനോദങ്ങൾക്കിടയിലാണ് ഇത് സാധാരണമായി സംഭവിക്കുന്നത്.

പ്രധാന ലക്ഷണങ്ങൾ

  • പെട്ടെന്നുള്ള കഠിനമായ വേദന: പരിക്കേൽക്കുന്ന സമയത്ത് കണങ്കാലിന്റെ പിൻഭാഗത്തോ കാൽവണ്ണയുടെ താഴെയോ പെട്ടെന്ന് അസഹനീയമായ വേദന അനുഭവപ്പെടാം. കാലിന്റെ പിൻഭാഗത്ത് ആരോ ശക്തമായി ചവിട്ടിയതോ അടിച്ചതോ പോലെയാണ് പലർക്കും അനുഭവപ്പെടുക.

  • പൊട്ടുന്ന ശബ്ദവും അനുഭവവും: ടെൻഡോൺ പൊട്ടുമ്പോൾ കാലിനുള്ളിൽ എന്തോ പൊട്ടുന്നതുപോലെയുള്ള ശബ്ദമോ അനുഭവമോ ഉണ്ടാകാം. പരിക്കിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണിത്.

  • നടക്കാൻ പ്രയാസം: പാദങ്ങൾക്ക് മുന്നോട്ട് നീങ്ങാനുള്ള ബലം നഷ്ടപ്പെടുന്നതിനാൽ നടക്കാൻ കടുത്ത പ്രയാസമുണ്ടാകും. പരിക്കേറ്റ കാലിൽ പൂർണ്ണമായി ഭാരം കൊടുക്കാൻ സാധിക്കാതെ വരും.

  • നീരും ചതവും: കണങ്കാലിന് ചുറ്റും കാൽവണ്ണയുടെ താഴെയും നീർവീക്കവും ചതവും ഉണ്ടാകാം. പേശീബന്ധം പൂർണ്ണമായി പൊട്ടുമ്പോഴാണ് ചതവ് കൂടുതലായി കാണപ്പെടുന്നത്.

  • കാൽവിരലുകളിൽ നിൽക്കാൻ കഴിയാത്ത അവസ്ഥ: പരിക്കേറ്റ കാലിന്റെ വിരലുകളിൽ ഊന്നി നിൽക്കാൻ സാധിക്കാതെ വരുന്നത് അക്കില്ലസ് ടെൻഡോൺ പൂർണ്ണമായി പൊട്ടിയതിന്റെ സൂചനയാണ്.

പരിക്കിനുള്ള പ്രധാന കാരണങ്ങൾ

  • പെട്ടെന്നുള്ള ചലനങ്ങൾ: ഫുട്ബോൾ, ബാസ്കറ്റ്ബോൾ, ടെന്നീസ് തുടങ്ങിയ കളികളിൽ പെട്ടെന്ന് ഓടുന്നതും ചാടുന്നതും ദിശ മാറുന്നതും അക്കില്ലസ് ടെൻഡോണിൽ വലിയ സമ്മർദം ചെലുത്തുന്നു.

  • ദീർഘകാലം വ്യായാമം ചെയ്യാതിരുന്നശേഷം പെട്ടെന്ന് കഠിനമായ കായിക വിനോദങ്ങളിലേക്ക് ഇറങ്ങുന്നത് പേശികൾക്ക് അമിതഭാരമുണ്ടാക്കും.

  • വാം-അപ്പ് ഒഴിവാക്കുന്നത്: വ്യായാമത്തിന് മുൻപ് പേശികളെയും ടെൻഡോണുകളെയും സജ്ജമാക്കുന്ന വാം-അപ്പ് ഒഴിവാക്കി നേരിട്ട് കഠിനമായ കളികളിലേക്ക് ഇറങ്ങുന്നത് പരിക്കിനുള്ള സാധ്യത വർധിപ്പിക്കുന്നു. (കളിക്കിറങ്ങുന്നതിന് മുൻപ് സ്ട്രെച്ചിങ് നടത്താതിരുന്നതാണ് തനിക്ക് വിനയായതെന്ന് മേയർ മംദാനിയും വ്യക്തമാക്കിയിരുന്നു).

  • പ്രായം മൂലമുള്ള മാറ്റങ്ങൾ: പ്രായം കൂടുന്നതിനനുസരിച്ച് അക്കില്ലസ് ടെൻഡോണിന്റെ വഴക്കം കുറയുകയും പരിക്കേൽക്കാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. കായികവിനോദങ്ങളിൽ ഏർപ്പെടുന്ന 30-കളിലും 40-കളിലും ഉള്ളവരിലാണ് പരിക്ക് കൂടുതലായി കണ്ടുവരുന്നത്.

അപകടസാധ്യതകൾ 

ഓട്ടവും ചാട്ടവും ഉൾപ്പെടുന്ന കായിക വിനോദങ്ങളിൽ ഏർപ്പെടുന്നവർക്കും പെട്ടെന്ന് വ്യായാമത്തിന്റെ തീവ്രത കൂട്ടുന്നവർക്കും ഇതിനുള്ള സാധ്യത കൂടുതലാണ്. മുൻപ് അക്കില്ലസ് ടെൻഡോണിന് പരിക്കേറ്റിട്ടുള്ളവർക്കും വീണ്ടും പരിക്കേൽക്കാൻ സാധ്യതയുണ്ട്. കൂടാതെ ചില പ്രത്യേക രോഗാവസ്ഥകളും മരുന്നുകളും ടെൻഡോണിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

എങ്ങനെ പ്രതിരോധിക്കാം?

വാം-അപ്പ് നിർബന്ധമാക്കുക: കഠിനമായ വ്യായാമങ്ങൾക്കോ കളികൾക്കോ മുൻപ് കുറച്ചുനേരം ലഘുവായ വ്യായാമങ്ങളും സ്ട്രെച്ചിങ്ങും ചെയ്ത് ശരീരത്തെ സജ്ജമാക്കുക.

വ്യായാമം പടിപടിയായി വർധിപ്പിക്കുക 

ഒട്ടും വ്യായാമം ചെയ്യാതിരുന്ന അവസ്ഥയിൽ നിന്ന് പെട്ടെന്ന് കഠിനമായ ഓട്ടത്തിലേക്കോ മത്സരങ്ങളിലേക്കോ കടക്കരുത്.

അനുയോജ്യമായ പാദരക്ഷകൾ ധരിക്കുക

കാലിന് കൃത്യമായി പാകമാകുന്നതും നല്ല പിന്തുണ നൽകുന്നതുമായ ഷൂസുകൾ ധരിക്കുന്നത് കാലിലെ അമിത സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

വേദന അവഗണിക്കരുത്

അക്കില്ലസ് ടെൻഡോണിന് ചുറ്റും വിട്ടുമാറാത്ത വേദനയോ പിരിമുറുക്കമോ അനുഭവപ്പെട്ടാൽ അത് അവഗണിക്കാതെ വിശ്രമം എടുക്കുകയോ വൈദ്യസഹായം തേടുകയോ ചെയ്യുക.

അക്കില്ലസ് ടെൻഡോൺ ടിയർ ഒരു നിസ്സാര പരിക്കല്ല. കൃത്യസമയത്തുള്ള രോഗനിർണയവും ഉചിതമായ ചികിത്സയും ഏറെ പ്രധാനമാണ്.