പൈൽസിനെ എങ്ങിനെ നേരിടാം? ആശ്വാസം നേടാൻ എന്താണ് വഴികൾ? ഈ കാര്യങ്ങൾ അവഗണിക്കരുതെന്ന് ഡോക്ടർ

മലദ്വാരത്തിലെ രക്തക്കുഴലുകൾക്കുണ്ടാകുന്ന വീക്കമാണ് പൈൽസ്. ഹെമറോയ്ഡുകൾ എന്നും പറയാറുണ്ട്. മലദ്വാരത്തിലെ ഏറ്റവും താഴെയുള്ള ഭാഗത്തെ രക്തക്കുഴലുകളുടെ ഭിത്തിക്ക് കൂടുതൽ വലിച്ചിലുണ്ടാകുമ്പോഴും കനംകുറയുമ്പോഴും പൈൽസുണ്ടാകാം. ഇപ്പോഴിതാ, ഈ വിഷയം പരിഹരിക്കാൻ സഹായിക്കുന്ന ചില ടിപ്സ് പങ്കുവെച്ചിരിക്കുകയാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി. പൈൽസ് പൂർണമായും പരിഹരിക്കാൻ വൈദ്യസഹായം ആവശ്യമാണ്. എങ്കിലും, രോഗശാന്തി വേഗത്തിലാക്കാൻ ഈ കാര്യങ്ങൾ സഹായിക്കുമെന്നും ഡോക്ടർ പറയുന്നു.
- ടോയ്ലറ്റിൽ ഇരിക്കുമ്പോൾ കാലുകൾ ഒരു സ്റ്റൂളിൽ ഉയർത്തി വെക്കുക. ഇത് മലവിസർജ്ജനം എളുപ്പമാക്കും.
- ടോയ്ലറ്റിൽ ചെലവഴിക്കുന്ന സമയം അഞ്ചു മിനിറ്റിൽ താഴെയാക്കാൻ ശ്രദ്ധിക്കുക. ഫോൺ ഉപയോഗിക്കുന്നതും ഒഴിവാക്കാം.
- ഭക്ഷണത്തിൽ ധാരാളം ഫൈബർ ഉൾക്കൊള്ളിക്കുക. ചിയ വിത്തുകൾ, ഫ്ളാക്സ് വിത്തുകൾ തുടങ്ങിയവയിലെ ലയിക്കുന്ന ഫൈബർ(Soluble fiber) ഭക്ഷണ അവശിഷ്ടങ്ങളെ മൃദുവാക്കുന്നു. അതേസമയം, പച്ചക്കറി തൊലികൾ, മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ പോലുള്ള ലയിക്കാത്ത നാരുകൾ(insoluble fiber) മലവിസർജ്ജനസമയത്തെ ബുദ്ധിമുട്ട് കുറയ്ക്കുന്നു.
- ധാരാളം വെള്ളം കുടിക്കുക. ആവശ്യത്തിന് വെള്ളം കുടിക്കാതെ നാരുകൾ കഴിക്കുന്നത് മലബന്ധം വഷളാക്കും.
- മലവിസർജ്ജനം കഴിഞ്ഞതിന് ശേഷം തുടയ്ക്കുമ്പോഴും ശ്രദ്ധവേണം. തെറ്റായ രീതി ഒരുപക്ഷേ അസ്വസ്ഥതയുണ്ടാക്കാനും രക്തസ്രാവത്തിനും കാരണമായേക്കും. ബിഡെറ്റ് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലതെന്ന് ഡോക്ടർ പറയുന്നു.
ഈ കാര്യങ്ങളും ശ്രദ്ധിക്കാം
- മലം അയഞ്ഞുപോകാൻ സഹായിക്കുന്ന ഫൈബർ സപ്ലിമെന്റുകൾ കഴിക്കാം.
- മലം പോകാൻ ബലം പിടിക്കേണ്ട അവസ്ഥയുണ്ടാകരുത്.
- മലവിസർജ്ജനത്തിനായി കൂടുതൽ സമയം ചെലവഴിക്കരുത്.
- പൈൽസ് മൂലം വേദനയുണ്ടെങ്കിൽ ദിവസത്തിൽ പലതവണ ഇളം ചൂടുവെള്ളത്തിൽ ഇരിക്കുന്നത് (സിറ്റ് ബാത്ത്) നല്ലതാണ്.
- പൈൽസിന്റെ വേദനയും ചൊറിച്ചിലും കുറയ്ക്കാനുള്ള ഓയിന്റ്‌മെന്റുകൾ, ക്രീമുകൾ എന്നിവ ഡോക്ടറുടെ നിർദേശപ്രകാരം പുരട്ടാം.
കഴിക്കേണ്ട ഭക്ഷണങ്ങൾ
- തവിട് കളയാത്ത അരി, മുഴുധാന്യങ്ങൾ, മുത്താറി.
- മുളപ്പിച്ച പയർവർഗങ്ങൾ, പച്ചക്കറി സാലഡുകൾ.
- നാരുകൾ ധാരാളമടങ്ങിയ ആപ്പിൾ, മുന്തിരി, സ്‌ട്രോബറി, പേരയ്ക്ക, പപ്പായ, പൂവൻപഴം, മാങ്ങ തുടങ്ങിയ പഴവർഗങ്ങൾ.
- ചീര, കാബേജ്, മുരിങ്ങയില, കോളിഫ്ലവർ തുടങ്ങിയ ഇലവർഗങ്ങൾ.
- ദിവസവും രണ്ട് ലിറ്ററിൽ കൂടുതൽ വെള്ളം കുടിക്കണം.
- ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
- മുളക്, മസാലകൾ എന്നിവ കൂടുതലടങ്ങിയ ഭക്ഷണങ്ങൾ, പൊറോട്ട പോലെ മൈദയടങ്ങിയ ഭക്ഷണങ്ങൾ, ബേക്കറിപ്പലഹാരങ്ങൾ, അച്ചാറുകൾ, ചുവന്ന മാംസം തുടങ്ങി മലബന്ധത്തിനിടയാക്കുന്ന ഭക്ഷണങ്ങൾ നിർബന്ധമായും ഒഴിവാക്കണം.
Content Highlights: Dr. Saurabh Sethi shares expert tips to accelerate hemorrhoid healing, from diet and hydration to using a bidet. Learn how to ease discomfort and recover faster.