തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശം

പ്രതീകാത്മക ചിത്രം | Photo: Reuters
പ്രതീകാത്മക ചിത്രം | Photo: Reuters

തിരുവനന്തപുരം :ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് തിരുവനന്തപുരത്ത് സ്ഥിരീകരിച്ചു. വട്ടപ്പാറ വേറ്റിനാട് ജോബി ഭവനില്‍ ജോബി, പിതാവ് ജോസ് എന്നിവര്‍ക്കാണ് ബ്രൂസെല്ലോസ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്ന ടെസ്റ്റില്‍ ഇരുവരും പോസിറ്റീവ് ആയത്. 

കന്നുകാലികളില്‍ നിന്ന് രോഗം പകര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ രോഗബാധിതരുടെ വീട്ടില്‍ വളര്‍ത്തുന്ന കന്നുകാലികള്‍ക്ക് ബ്രൂസെല്ലോസിസ് നെഗറ്റീവ് ആയിരുന്നെന്ന് ആരോഗ്യവകുപ്പ് അതികൃതര്‍ പറയുന്നു. രോഗലക്ഷണങ്ങളുള്ള ജോബി ചികിത്സ തേടിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് പിതാവ് ജോസിനും രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ജൂലൈയില്‍ കൊല്ലം കടയ്ക്കല്‍ സ്വദേശിയായ ഏഴു വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കന്നുകാലി വളര്‍ത്തല്‍ കൂടുതലായി കണ്ടുവരുന്ന മേഖലകളില്‍ റിപ്പോട്ട് ചെയ്തിട്ടുള്ള രോഗം മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരാന്‍ സാധ്യതയില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നു. 

എന്താണ് ബ്രൂസെല്ലോസിസ്?

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലെത്തുന്ന ബ്രൂസെല്ല എന്ന ബാക്ടീരിയയാണ് ബ്രൂസെല്ലോസിസ് എന്ന രോഗത്തിന് കാരണം. രോഗബാധിതരായ മൃഗങ്ങളില്‍ നിന്ന് ശേഖരിക്കുന്ന തിളപ്പിക്കാത്തതോ, പാസ്ചററൈസ് ചെയ്യാത്തതോ ആയ പാല്‍ ഉത്പന്നങ്ങള്‍ കഴിക്കുന്നതിലൂടെയാണ് രോഗമുണ്ടാകുന്നത്. ഇത്തരം മൃഗങ്ങളുടെ സ്രവങ്ങളുമായി സമ്പര്‍ക്കമുണ്ടാകുന്നവരേയും രോഗം ബാധിക്കാന്‍ സാധ്യതയുണ്ട്.

തുടര്‍ന്ന് രോഗകാരിയായി ബ്രൂസെല്ല ബാക്ടീരിയകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നു. പശു, ആട്,പന്നി എന്നീ മൃഗങ്ങളിലാണ് പ്രധാനമായും രോഗം കണ്ടുവരുന്നത്. പനി,മുണ്ടിനീര്, ശരീരം മുഴുവന്‍ നീരും വേദനയും എന്നിവയൊക്കെയാണ് രോഗലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍  ഉടന്‍തന്നെ ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിക്കുന്ന ചികിത്സ നേടണം. ആറു മുതല്‍ എട്ട് ആഴ്ച വരെ ചികിത്സ വേണ്ടിവരുന്ന രോഗം കാരണം മരണം വരെ സംഭവിക്കാം. വന്ധ്യതയടക്കമുള്ള രോഗങ്ങള്‍ക്കും സാധ്യതയുണ്ട്. രോഗം വരാതിരിക്കാനായി പാസ്ചററൈസ് ചെയ്തതോ തിളപ്പിച്ചതോ ആയ പാലുകൊണ്ടുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ മാത്രം കഴിക്കുകയും മൃഗങ്ങളുമായി ഇടപഴകുമ്പോള്‍ അനുയോജ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കുകയും ചെയ്യുക. കശാപ്പുകാരും മൃഗഡോക്ടര്‍മാരും കര്‍ഷകരും അറവുശാലകളിലോ മെഡിക്കല്‍ ലാബുകളിലോ ജോലി ചെയ്യുന്നവരും അതീവ ജാഗ്രത പുലര്‍ത്തണം. 

Content Highlights: a zoonotic disease brucellosis has been confirmed in thiruvananthapuram