എല്ലാവര്‍ക്കും ആരോഗ്യം; ലോകാരോഗ്യസംഘടന 75 വര്‍ഷം പിന്നിടുമ്പോള്‍

എല്ലാവര്‍ക്കും ആരോഗ്യം(Health For All) എന്നതാണ് ഇക്കൊല്ലത്തെ ലോകാരോഗ്യദിനത്തിന്റെ പ്രമേയം. ലോകാരോഗ്യ സംഘടന സ്ഥാപിതമായിട്ട് 75 വര്‍ഷം തികയുന്ന ദിവസവുമാണിന്ന്. ആരോഗ്യരംഗത്ത് ഇന്നും ഭാവിയിലും നേരിടേണ്ടിവരുന്ന വെല്ലുവിളികളെ അതിജീവിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നമ്മെ ഓര്‍മിപ്പിക്കുകയാണ് ഈ ദിവസം.
ലോകാരോഗ്യദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കാനും അതിന്റെ അവബോധം ആളുകളിലേക്കെത്തിക്കാനും ഏതാനും ആശയങ്ങളും ഈ ദിനത്തിൽ ലോകാരോഗ്യ സംഘടന പങ്കുവെയ്ക്കുന്നുണ്ട്. ആരോഗ്യരംഗത്തെ പ്രമുഖരെ സംഘടിപ്പിച്ചുകൊണ്ട് നിലവാരമുള്ള ആരോഗ്യസേവനം എല്ലാവര്‍ക്കും ഉറപ്പുവരുത്താന്‍ കൂട്ടായി മുന്നിട്ടിറങ്ങാമെന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും മികച്ച ആരോഗ്യസേവനങ്ങള്‍ ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു.
ലോകമെമ്പാടുമുള്ള കലാകാരന്മാര്‍, സംഗീതജ്ഞര്‍, സാമൂഹികപ്രവര്‍ത്തകര്‍, സെലിബ്രിറ്റികള്‍ എന്നിവരുമായി സംയോജിച്ചുകൊണ്ട് എല്ലാവര്‍ക്കും ആരോഗ്യം എന്ന ആശയം ഏവരിലേക്കും പ്രചരിപ്പിക്കുക എന്നതാണ് സംഘടന മുന്നോട്ടുവെച്ച മറ്റൊരാശയം. സ്‌കൂളുകള്‍, കോളേജുകള്‍, മറ്റ് വിദ്യഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ഇതില്‍ പങ്കെടുക്കാം. കുട്ടികളില്‍ ആരോഗ്യശീലം വളര്‍ത്തിയെടുക്കുന്നതിനായി അവബോധം സൃഷ്ടിക്കല്‍ പരിപാടികളും സംഘടിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
'സ്വര്‍ണ്ണമോ വെള്ളിയോ അല്ല, മറിച്ച് ആരോഗ്യമാണ് യഥാര്‍ഥ സമ്പത്ത്' എന്ന മഹാത്മാഗാന്ധിയുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യയും ട്വിറ്ററിലൂടെ ഈ ദിവസത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. വൃത്തിയുള്ള രാജ്യം കെട്ടിപ്പെടുക്കുക എന്ന നമ്മുടെ ഉത്തരവാദിത്വം ഏറ്റുപറയേണ്ട ദിവസമാണിത്. ലോകാരോഗ്യസംഘടന പറഞ്ഞ, എല്ലാവര്‍ക്കും ആരോഗ്യം ആശയം യാഥാര്‍ഥ്യമാക്കാന്‍ മോദിസര്‍ക്കാര്‍ നടത്തുന്ന പരിശ്രമത്തെക്കുറിച്ചും അദ്ദേഹം തന്റെ ട്വിറ്റര്‍ കുറിപ്പില്‍ സൂചിപ്പിച്ചു.
Content Highlights: 75th anniversary of world health organization on april 7th recalls certain things