വയറുവേദനയുമായി ആശുപത്രിയിൽ; സ്ത്രീയുടെ വയറ്റിൽ കണ്ടെത്തിയത് 41 റബ്ബർബാൻഡുകൾ, അടിയന്തര ശസ്ത്രക്രിയ

പാറശ്ശാല: വയറുവേദനയുമായി ആശുപത്രിയിലെത്തിയ സ്ത്രീയ്ക്ക് ശസ്ത്രക്രിയ നടത്തിയപ്പോൾ കണ്ടെത്തിയത് പന്തുപോലെ കൂടിപ്പിണഞ്ഞുകിടക്കുന്ന 41 റബ്ബർബാൻഡുകൾ. പാറശ്ശാല സരസ്വതി ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലാണ് സ്ത്രീയുടെ വയറ്റിൽനിന്ന് റബ്ബർബാൻഡിന്റെ ‘പന്ത്’ നീക്കിയത്. വയറുവേദനയെത്തുടർന്ന് വിവിധ ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും മാറ്റമുണ്ടാകാത്തതിനെത്തുടർന്ന് നാലുദിവസം മുൻപാണ് നാൽപ്പത് വയസ്സുകാരി പാറശ്ശാല സരസ്വതി ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്.
സ്കാനിങ്ങിൽ ചെറുകുടലിലെ തടസ്സമാണ് വയറുവേദനയ്‌ക്ക് കാരണമായതെന്നു കണ്ടെത്തി. തുടർന്ന് രോഗിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. ശസ്ത്രക്രിയയിൽ ചെറുകുടലിനുള്ളിൽ കാണപ്പെട്ട മുഴ തുറന്നുനോക്കിയപ്പോഴാണ് റബ്ബർബാൻഡുകൾ ഒന്നിനോടൊന്ന് ചേർന്ന് പന്തുപോലെ രൂപപ്പെട്ടത് കണ്ടെത്തിയത്. 41 റബ്ബർബാൻഡുകളാണ് നീക്കിയത്.
സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഇവർക്ക് റബ്ബർബാൻഡ് വായിലിട്ട് ചവയ്ക്കുന്ന ശീലം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സ്വന്തം തലമുടിപോലുള്ള ഭക്ഷയോഗ്യമല്ലാത്ത സാധനങ്ങൾ കഴിക്കുന്ന മാനസികവൈകല്യങ്ങളുള്ളവരിൽ ഇത്തരം അവസ്ഥ ധാരാളം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും റബ്ബർബാൻഡ് വിഴുങ്ങി ഇത്തരം അവസ്ഥയുണ്ടാകുന്നത് വളരെ അപൂർവമാണെന്ന് ആശുപത്രി മേധാവി ഡോ. എസ്.കെ. അജയ്യകുമാർ പറഞ്ഞു.
Content Highlights: 41 Rubber Bands Removed from Woman's Stomach After Complaining of Abdominal Pain