ക്രാഷ് ഡയറ്റോ, കഠിനമായ വ്യായമമോ ഇല്ല: 21 ദിവസംകൊണ്ട് യുവതി കുറച്ചത് ഏഴ് കിലോ, എന്താണ് 18-10-8-4-1 രീതി?

ആരോഗ്യത്തോടെയുള്ള ജീവിതത്തിനായി പലരും ആദ്യം ചെയ്യുന്ന കാര്യങ്ങളാണ് ശരീരഭാരം കുറയ്ക്കലും വ്യായാമവും ഭക്ഷണ നിയന്ത്രണവുമെല്ലാം. എന്നാൽ സമർപ്പണം, ക്ഷമ, സ്ഥിരോത്സാഹം എന്നിവ ആവശ്യമുള്ള വെല്ലുവിളി നിറഞ്ഞൊരു യാത്രയാണത്. ഇപ്പോഴിതാ, 21 ദിവസംകൊണ്ട് ഏഴ് കിലോ കുറച്ച് ന്യൂട്രീഷ്യനിസ്റ്റ് റിച്ച ഗംഗാനി സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ശരീരഭാരം കുറച്ചതിനുപുറമെ അരക്കെട്ട് രണ്ട് ഇഞ്ച് കുറച്ചതായും ഇവർ അവകാശപ്പെടുന്നു.
സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള സമീപനം മികച്ച ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാനും സ്ഥിരത പാലിക്കാനും എങ്ങനെ സഹായിച്ചുവെന്ന് റിച്ച ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ‘ക്രാഷ് ഡയറ്റോ ജിമ്മിൽ മണിക്കൂറുകളോളം ചെയ്യുന്ന കാർഡിയോയോ ഇല്ലാതെ ലളിതമായ മാറ്റങ്ങളിലൂടെ വെറും 21 ദിവസം കൊണ്ട് ഭാരം ഏഴ് കിലോ കുറഞ്ഞെന്നും വയറിലെ കൊഴുപ്പ് ഒരുപാട് കുറഞ്ഞെന്നും വിശ്വസിക്കാൻ കഴിയുന്നില്ല. 18-10-8-4-1 രീതി ഉപയോഗിച്ചാണ് ഈ നേട്ടം കൈവരിച്ചത്’, റിച്ച പറയുന്നു.
എന്താണ് 18-10-8-4-1 രീതി?
- 18 മണിക്കൂർ ഇൻ്റർമിറ്റൻ്റ് ഫാസ്റ്റിംഗ്: രാവിലെ 11-നും വൈകീട്ട് അഞ്ചിനും ആറിനും ഇടയിൽ മാത്രം ഭക്ഷണം കഴിച്ചു.
- ദിവസവും 10,000 ചുവടുകൾ: ഒഴികഴിവുകളില്ലാതെ സ്ഥിരമായ ചലനം മാത്രം.
- എട്ട് മണിക്കൂർ ഉറക്കം: വിശ്രമിക്കുമ്പോൾ ശരീരം കൊഴുപ്പ് എരിച്ചു കളയുന്നുവെന്ന് അവർ പറയുന്നു.
- നാല് ലിറ്റർ വെള്ളം: വയറുവീർക്കൽ ഒഴിവാക്കാനും തെളിഞ്ഞ ചർമ്മം നേടാനും സഹായിക്കുന്ന ആൻ്റി-ഇൻഫ്ലമേറ്ററി ചായ ഉൾപ്പെടെ.
- ശരീരഭാരത്തിലെ ഓരോ കിലോഗ്രാമിനും ഒരും ഗ്രാം പ്രോട്ടീൻ: പേശികൾ നിലനിർത്താനും ശരീരത്തിന് രൂപഭംഗി നൽകുന്നതിനും ഇത് സഹായിക്കും.
- കൊഴുപ്പ് കഴിച്ച് ദിവസം തുടങ്ങുക: കൊഴുപ്പ് എരിച്ചു കളയുന്നത് വേഗത്തിലാക്കാൻ, അവർ എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ഒരു ടീസ്പൂൺ എംസിടി ഓയിലും ആൻ്റി-ഇൻഫ്ലമേറ്ററി ഐസ് ക്യൂബുകളും കഴിച്ച് തുടങ്ങി.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Discover the 18-10-8-4-1 method for rapid, healthy weight loss. Lose 7kg in 21 days without crash diets or intense workouts. Learn simple, sustainable changes for lasting results.