ദിവസം വെറും 15 മിനിറ്റ് നടക്കാമോ? അതുമതി ആരോഗ്യം മെച്ചപ്പെടാൻ, മരണസാധ്യത കുറയുമെന്ന് പഠനം

പ്രതീകാത്മക ചിത്രം | Photo: Meta AI
പ്രതീകാത്മക ചിത്രം | Photo: Meta AI

നാരോ​ഗ്യകരമായ ഭക്ഷണശൈലിയും അലസമാർന്ന ജീവിതരീതിയും കാരണം ജീവിതശൈലീരോ​ഗങ്ങളുടെ പിടിയിൽ നേരത്തേ അകപ്പെടുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. ശാരീരികാധ്വാനം കുറഞ്ഞ ജോലികൾ ചെയ്യുന്നവരിലും കൊഴുപ്പടിഞ്ഞ ഭക്ഷണരീതി കഴിക്കുന്നവരിലുമൊക്കെ സാധ്യത വീണ്ടുംകൂടുകയാണ്. ദിവസവും അൽപനേരം നടക്കാൻ തീരുമാനിക്കുന്നതുപോലും വലിയ മാറ്റം ഉണ്ടാക്കും. അത്തരമൊരു പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

ദിവസേന വെറും 15 മിനിറ്റ് നേരം വേഗത്തിൽ നടക്കുന്നത് മരണ സാധ്യത 20 ശതമാനത്തോളം കുറയ്ക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. Studyfinds.org നടത്തിയ ​ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. അമേരിക്കൻ ജേണൽ ഓഫ് പ്രിവന്റീവ് മെഡിസിനിൽ ഈ പഠനം പ്രസിദ്ധീകരിച്ചു. രണ്ട് പതിറ്റാണ്ടുകളായി ഏകദേശം 80,000 മുതിർന്നവരെ നിരീക്ഷിച്ചതിന് ശേഷമാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2002 മുതൽ 2022 വരെയുള്ള കാലയളവിലായിരുന്നു പഠനം. യു.എസ്സിലെ 12 തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ പഠനത്തിന്റെ ഭാ​ഗമായത്. 

ദിവസവും വേ​ഗത്തിൽ നടക്കുന്നത് മരണനിരക്ക് ​ഗണ്യമായി കുറയ്ക്കുമെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. അത് വെറും 15 മിനിറ്റ് ആണെങ്കിൽ പോലും മാറ്റമുണ്ടാകും. ഹൃദ്രോ​ഗമുള്ളവരിലാണ് ഈ മാറ്റം കൂടുതൽ പ്രകടമായത്. വേഗതയേറിയ നടത്തം ഹൃദയമിടിപ്പ് വർധിപ്പിക്കുകയും, രക്തചംക്രമണം മെച്ചപ്പെടുത്തുകയും, വീക്കം കുറയ്ക്കുകയും, ശരീരഭാരവും രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. എത്രനേരം നടന്നു എന്നതിനേക്കാൾ എത്രവേ​ഗത്തിൽ നടന്നു എന്നതിലാണ് പഠനം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കുറഞ്ഞ സമയമാണെങ്കിലും വേ​ഗത്തിൽ നടക്കുന്നത് കൂടുതൽ ആരോ​ഗ്യനേട്ടങ്ങൾ നൽകുമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. 
 

Content Highlights: Brief Brisk Walks Linked to 20% Lower Mortality Risk: New Study