മദ്യപാനം കരളിന് മാത്രമല്ല വില്ലൻ; പലതരം അർബുദങ്ങൾക്കുളള സാധ്യത കൂട്ടുന്നു, മരണങ്ങൾ ഇരട്ടിയായി- പഠനം

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

അർബുദസാധ്യത വർധിപ്പിക്കുന്ന അപകടസാധ്യതാ ഘടകങ്ങളിൽ പ്രധാനിയാണ് മദ്യം. മദ്യപാനം കരളിന് ഹാനികരമാണെന്നും കരൾ കാൻസർ സാധ്യത കൂട്ടുമെന്നുമൊക്കെ പലർക്കും അറിയാം. എന്നാൽ ഇവയ്ക്കൊപ്പം സ്ത്രീകളിലും പുരുഷന്മാരിലും മറ്റുചില കാൻസറുകൾക്കുള്ള സാധ്യത കൂ‌ട്ടുന്നതിൽ മദ്യത്തിന്റെ പങ്ക് വ്യക്തമാക്കുകയാണ് പുതിയൊരു പഠനം.

മയാമി മില്ലർ സ്കൂൾ മെഡിസിൻ‍ സർവകലാശാലയ്ക്കു കീഴിലുള്ള സിൽവസ്റ്റർ കോംപ്രഹൻസീവ് കാൻസർ സെന്ററിൽ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ദി ലാൻസെറ്റ് റീജ്യണൽ ഹെൽത്ത് ജേർണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. യു.എസിൽ മദ്യപാനം മൂലമുണ്ടാകുന്ന അർബുദ മരണങ്ങൾ 1990 നും 2023 നും ഇടയിൽ ഇരട്ടിയായതായാണ് പഠനം പറയുന്നത്. മദ്യവുമായി ബന്ധപ്പെട്ട അർബുദ മരണങ്ങൾ കരളിലെ അർബുദത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്നും പഠനം വ്യക്തമാക്കുന്നു.

20-54 വയസ് പ്രായമുള്ള പുരുഷന്മാരിൽ മദ്യം മൂലമുള്ള പ്രധാന അർബുദ മരണം സംഭവിക്കുന്നത് വൻകുടലിലെ അർബുദത്തിലൂടെയാണ് . അതേസമയം സ്ത്രീകളിൽ സ്തനാർബുദമാണ് ഒന്നാം സ്ഥാനത്ത്. വൻകുടൽ, അന്നനാളം, പാൻക്രിയാസ് തുടങ്ങിയ ഭാഗങ്ങളെ ബാധിക്കുന്ന അർബുദങ്ങൾ വർധിച്ചുവരുന്നതായും പഠനം പറയുന്നു.

മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ 'ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ്‌' ഡാറ്റ ഉപയോഗിച്ച് നടത്തിയ പഠനത്തിൽ മദ്യം മൂലമുണ്ടാകുന്ന വാർഷിക അർബുദ മരണങ്ങളും വിലയിരുത്തി. 1990-ൽ 11,361 ആയിരുന്നെങ്കിൽ 2023 ആയപ്പോൾ അത് 23,126 ആയി ഉയർന്നതായി ഗവേഷകർ കണ്ടെത്തി. സ്തനം, കരള, അന്നനാളം, വൻകുടൽ, തലയുടെയും കഴുത്തിന്റെയും വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലെ അർബുദങ്ങളുമായി മദ്യപാനത്തിന് ശാസ്ത്രീയ തെളിവുകളുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

കാൻസർ സാധ്യതയെ സ്വാധീനിക്കുന്ന ജീവിതശൈലി ഘടകങ്ങളെക്കുറിച്ച് ആളുകൾക്ക് വ്യക്തമായ വിവരങ്ങൾ നൽകേണ്ടതിന്റെ പ്രാധാന്യം പങ്കുവെക്കുന്നതാണ് പഠനമെന്ന് ഗവേഷകർ പറയുന്നു. ഇക്കാര്യത്തിൽ ഇപ്പോഴും വേണ്ടത്ര ബോധവൽക്കരണം ലഭിക്കുന്നില്ല. പുകയിലയും കാൻസറുമായുള്ള ബന്ധത്തേക്കുറിച്ചുള്ള ജനങ്ങളുടെ അവബോധവുമായി താരതമ്യം ചെയ്യുമ്പോൾ മദ്യം കാൻസറിനു കാരണമാകുന്നതിനേക്കുറിച്ച് പലർക്കും വേണ്ടത്ര ധാരണയില്ലെന്ന് ഗവേഷകർ പറയുന്നു.

മദ്യത്തിൽ സുരക്ഷിതമായ ഏറ്റവും കുറഞ്ഞ അളവ് എന്നൊന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും, ഓരോ വ്യക്തിയും സാധ്യമായ ഏറ്റവും കുറഞ്ഞ അളവിലേക്ക് ഉപഭോഗം കുറയ്ക്കുന്നത് കാൻസർ സാധ്യത കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും കഴിയുമെന്നാണ് ഗവേഷകർ കണക്കാക്കുന്നത്.

മദ്യം കാൻസറിന് കാരണമാകുന്ന ഘടകമാണെന്നും ആദ്യത്തെ അളവിൽത്തന്നെ അപകടസാധ്യത ആരംഭിക്കുമെന്നും ലോകാരോഗ്യ സംഘടന നേരത്തേ പറഞ്ഞിട്ടുണ്ട്. കാൻസറിന് കാരണമാകുന്ന പട്ടികയിൽ ഗ്രൂപ്പ് 1-ൽ ആണ് മദ്യത്തെ ലോകാരോഗ്യസംഘടന കണക്കാക്കുന്നത്.

മദ്യം ഡിഎൻഎയെ നശിപ്പിക്കാൻ കാരണമാകുന്ന ഘടകമാണ്. ശരീരത്തിൽ വീക്കമുണ്ടാക്കുകയും ഓക്സിഡേറ്റീവ് സ്ട്രെസ് വർദ്ധിപ്പിക്കുകയും ഹോർമോൺ നിലയിൽ മാറ്റമുണ്ടാക്കുകയും ചെയ്യും. ഇവയെല്ലാം കാൻസറിന് സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്.

മദ്യം ഉപേക്ഷിക്കുമ്പോൾ ശരീരത്തിന് സംഭവിക്കുന്ന ചില പോസിറ്റീവായ മാറ്റങ്ങൾ

ഹൃദയാരോഗ്യം മെച്ചപ്പെടും

പലരും ദിവസവും പരിമിതമായ അളവിൽ മദ്യംകഴിക്കുന്നത് ഹൃദയത്തിന് ഗുണം ചെയ്യുമെന്ന് കരുതുന്നവരാണ്. എന്നാൽ, മദ്യം ശീലമാവുകയും അതിനൊപ്പം അളവു കൂടുകയുമൊക്കെ ചെയ്യുന്നത് രക്തസമ്മർദത്തിന്റെ തോതിനെ ബാധിക്കും. ഇത് ഹൃദയാരോഗ്യത്തേയും തകരാറിലാക്കും. കൂടാതെ, ട്രൈഗ്ലൈസിറൈഡ്സ് എന്ന കൊഴുപ്പ് ശരീരത്തിൽ അടിയാൻ കാരണമാവുകയും ഇതും ഹൃദ്രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യാം.

കരളിന്റെ ആരോഗ്യം

ശരീരത്തിലെ മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറംതള്ളി വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന അവയവമാണ് കരൾ. എന്നാൽ, മദ്യപാനം അതിരുവിടുന്നത് കരളിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. ഫാറ്റി ലിവർ, ലിവർ സിറോസിസ് തുടങ്ങിയ അവസ്ഥകൾക്ക് കാരണമാവുകയും ചെയ്യും. മദ്യപാനം കുറയ്ക്കുകയോ പൂർണമായും ഉപേക്ഷിക്കുകയോ ചെയ്യുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

ഭാരം കുറയാൻ

വണ്ണം കുറയ്ക്കാൻ പരിശ്രമിക്കുന്നവരും മദ്യപാനം ഉപേക്ഷിക്കുന്നത് ഗുണംചെയ്യും. ഒരു ഗ്ലാസ് ബിയറിൽ 150 കലോറിയും വൈനിൽ 120 കലോറിയുമാണുള്ളത്. ഇനി കലോറി തീരെ കുറഞ്ഞവയാണെങ്കിൽപ്പോലും മദ്യം വിശപ്പിനെ അധികരിക്കും. ഇത് കൂടുതൽ ഭക്ഷണം കഴിക്കാനിടയാക്കുകയും വണ്ണംവെക്കാൻ കാരണമാവുകയും ചെയ്യും. അതിനാൽ മദ്യപാനം നിർത്തുകവഴി ശരീരഭാരവും കുറയ്ക്കാനാവും.

ബന്ധങ്ങൾ സുഖകരമാക്കും

മാനസികാവസ്ഥയെ സ്വാധീനിക്കുന്നതിലും മദ്യത്തിന് വലിയ പങ്കാണുള്ളത്. സോഷ്യൽ ഡ്രിങ്കിങ് എന്ന അവസ്ഥയിൽനിന്ന് പലരും ബോധം നഷ്ടമാകുംവരെ മദ്യപിക്കുന്നത് ദോഷമേ ചെയ്യൂ. മദ്യോപയോഗം കുറയ്ക്കുന്നതും നിർത്തുന്നതും ബന്ധങ്ങളിലും ജോലിയിലും ആരോഗ്യത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും. കൂടാതെ വിഷാദരോഗം, അമിത ഉത്കണ്ഠ തുടങ്ങിയ സാഹചര്യങ്ങളെ പ്രതിരോധിക്കാനും സഹായകമാകും.

കാൻസർ സാധ്യത

മദ്യപാനം പലതരത്തിലുള്ള കാൻസറുകൾക്ക് കാരണമാകുമെന്ന് അടുത്തിടെ ഒരു പഠനത്തിൽ വ്യക്തമായിരുന്നു. വൈൻ ഉൾപ്പെടെ ആൽക്കഹോൾ അംശമുള്ള പാനീയങ്ങളെല്ലാം കാൻസർ സാധ്യത വർധിപ്പിക്കുമെന്നാണ് പഠനത്തിലുണ്ടായിരുന്നത്. സ്തനാർബുദം, വായിലെ അർബുദം, കുടലിലെ അർബുദം തുടങ്ങി ഏഴോളം തരത്തിലുള്ള കാൻസറുകൾക്ക് പിന്നിൽ മദ്യത്തിന്റെ ഉപഭോഗവുമായി ബന്ധമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

ഉറക്കം മെച്ചപ്പെടും

മദ്യപാനം തുടക്കത്തിൽ മയക്കത്തിന് സമാനമായ അനുഭവം നൽകുമെങ്കിലും സുഖകരമായ ഉറക്കത്തിന് തടസ്സമാകാം. മൂത്രമൊഴിക്കുന്നതിനുൾപ്പെടെ ഉറക്കത്തിനിടെ ഇടയ്ക്കിടെ എഴുന്നേൽക്കുന്നത് ഉറക്കം അസ്വസ്ഥമാക്കും. രാത്രി വളരെ വൈകുംവരെ മദ്യപിക്കുന്ന ശീലം പാടേ ഉപേക്ഷിക്കുന്നതാണ് ഗുണകരം.

പ്രതിരോധശേഷി

ശരീരത്തിന്റെ അണുക്കളെ പ്രതിരോധിക്കാനുള്ള ശേഷിയെ മദ്യം ദുർബലമാക്കാം. മദ്യത്തിന്റെ അളവു കൂടുന്നതിനൊപ്പം പ്രതിരോധശേഷി ദുർബലമാവും. ഇതുതടയാൻ മദ്യം കുറയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യണം.

രക്തസമ്മർദം നിയന്ത്രിക്കാനാവും

വലിയ അളവിൽ മദ്യം കഴിക്കുന്നത് രക്തസമ്മർദത്തിന്റെ തോത് വർധിപ്പിക്കും. കൂടാതെ മദ്യപാനം മസ്തിഷ്കത്തിന്റെ പ്രവർത്തനത്തേയും ബാധിക്കും. കാര്യങ്ങൾ ഓർത്തെടുക്കാനുള്ള ശേഷി കുറയുകയും മോട്ടോർ സ്കില്ലുകളെ ബാധിക്കുകയും ചെയ്യും. മദ്യം കുറയ്ക്കുന്നതിനനുസരിച്ച് ഈ ശേഷികൾ മെച്ചപ്പെടുകയും ചെയ്യും.

Content Highlights: Research shows alcohol-related cancer deaths in the U.S. doubled from 1990 to 2023, highlighting alcohol's significant role in cancer risk.