'കോവിഡ് ഒരു അനിവാര്യമായ വിധി ആണെങ്കില്‍ നെഞ്ചും വിരിച്ചു പോയി നേരിട്ടു കൂടെ?'

കോവിഡ് ഒരു അനിവാര്യമായ വിധി ആണെങ്കില്‍ നെഞ്ചും വിരിച്ചു പോയി നേരിട്ടു കൂടെ?
അതല്ലേ ഹീറോയിസം?
എത്രയും നേരത്തെ കോവിഡ് കിട്ടിയാല്‍ ആ ടെന്‍ഷന്‍ കഴിഞ്ഞു, ഇനി ഇന്ന് വരുമോ നാളെ വരുമോ എന്നാലോചിച്ചു ടെന്‍ഷന്‍ അടിക്കേണ്ട, ഫ്രീ ആയില്ലേ.
കേരളത്തിലെ കോവിഡ് എണ്ണം കൂടി വരുമ്പോള്‍ കേള്‍ക്കുന്ന ചില വര്‍ത്തമാനങ്ങള്‍ ആണ് ഇത്.
കേള്‍ക്കുമ്പോള്‍ ശരിയെന്നു തോന്നും.
എന്തിനാണ് കോവിഡിനെ വീണ്ടും വീണ്ടും നാം വൈകിക്കാന്‍ ശ്രമിക്കുന്നത്?
ഒരു കാര്യം പണ്ടേ പറയുന്നതാണ്, പരമാവധി സൗകര്യങ്ങള്‍ ഉണ്ടാക്കാന്‍ ഉള്ള സമയം വേണം. വെന്റിലേറ്ററും ഐ സി യുവും തയ്യാറാക്കി നിര്‍ത്താനുള്ള സമയം. അതിനി പറയുന്നില്ല.
ഏതു രോഗം ആയാലും അതിന്റെ തുടക്കകാലത്ത് ഉണ്ടാക്കുന്ന അപകടം കാലം കഴിയും തോറും കുറഞ്ഞു വരും എന്നതാണ് നമ്മെ ചരിത്രം പഠിപ്പിക്കുന്നത്. അതാണ് ശാസ്ത്രത്തിന്റെ ഒരു ഏര്‍പ്പാട്. ഉദാഹരണത്തിന് HIV എടുക്കാം. 1980 കളില്‍ HIV എന്നാല്‍ മരണമായിരുന്നു. പിന്നീട് ആയുസ്സ് നീട്ടി കൊടുക്കല്‍ ആയി. ഇപ്പോള്‍ അത് രോഗിക്ക് ഏതാണ്ട് നോര്‍മല്‍ ജീവിതം എന്ന പോലെ ആയി. മലമ്പനി ആയാലും കോളറയായാലും ക്ഷയമായാലും കുഷ്ഠമായാലും ഇതു തന്നെയായിരുന്നു അവസ്ഥ. ശാസ്ത്രം തല പുകയ്ക്കുന്നതിന് അനുസരിച്ചു രോഗത്തിന് കാഠിന്യം കുറഞ്ഞു വരികയും പലപ്പോഴും രോഗം ഒരു പ്രശ്‌നമേ അല്ലാതെ മാറുകയും ചെയ്യുന്നത് നിത്യ കാഴ്ചയാണ്.
അതിന്റെ ചിഹ്നങ്ങള്‍ കോവിഡിലും കണ്ടു തുടങ്ങിയിട്ടുണ്ട് എന്നതാണ് കോഴിക്കോട്ടെ അനുഭവം. മൂന്നു മാസം മുന്‍പ് കോവിഡ് ന്യൂമോണിയ വന്നവര്‍ക്ക് ഐ സി യൂ വില്‍ കൊടുത്ത ചികിത്സ പോലെ അല്ല ഇപ്പോള്‍ കൊടുക്കുന്നത്. വെറും ഒരു വൈറസ് ഉണ്ടാക്കുന്ന തകരാറുകള്‍ക്ക് അപ്പുറം, രക്തക്കുഴലുകളെ ബാധിച്ച് രക്തപ്രവാഹം കുറച്ചാണ് പല അവയവങ്ങളും നശിപ്പിക്കുന്നത് എന്ന് നമുക്ക് അന്നറിയില്ല. എന്നാല്‍ ഇന്ന് ആ ഘടകങ്ങള്‍ പരിശോധിച്ചറിയാന്‍ ഉള്ള ടെസ്റ്റുകള്‍ (D dimer പോലെ) കോവിഡ് ന്യൂമോണിയയില്‍ സ്ഥിരമായി ചെയ്തു തുടങ്ങി. ഫലങ്ങള്‍ക്ക് അനുസരിച്ചു രക്തത്തിലെ ക്ലോട്ട് അലിയിക്കുന്ന ഹെപ്പാരിന്‍ പോലത്തെ മരുന്നുകളും ഉപയോഗിച്ച് തുടങ്ങി.
രക്തത്തിലെ ഓക്‌സിജന്റെ അളവ് വളരെ കുറഞ്ഞു നില്‍ക്കുമ്പോഴും രോഗിക്ക് വളരെ ആക്റ്റീവ് ആയി നില്‍ക്കാന്‍ കഴിയുന്നു എന്നത് കോവിഡ് ന്യൂമോണിയയുടെ മറ്റൊരു പ്രത്യേകത. Happy Hypoxia എന്നാണ് അതിനെ ലോക വ്യാപകമായി വിളിച്ചു പോരുന്നത്. നമ്മുടെ ഐ സി യൂ വില്‍ അഡ്മിറ്റ് ആയ പല ആളുകളും ഓക്‌സിജന്റെ അളവ് 90 ഇല്‍ താഴെ ഉള്ളപ്പോഴും വളരെ ഉന്മേഷത്തോടെ സംസാരിക്കുന്നതും വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതും കാണാന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ ഓക്‌സിജന്‍ നോര്‍മല്‍ ആക്കാന്‍ ഉള്ള പരമ്പരാഗത ചികിത്സകളില്‍ കോവിഡ് ന്യൂമോണിയയുടെ കാര്യത്തില്‍ മാറ്റം വേണമെന്ന ചിന്ത സ്വീകരിച്ചു തുടങ്ങി. ഓക്‌സിജന്‍ കൊടുത്തു കൊണ്ടിരിക്കുന്ന രോഗിയുടെ പൊസിഷന്‍ പല രീതിയിലും മാറ്റുക (സാധാരണ മലര്‍ത്തി കിടക്കുന്നതില്‍ നിന്ന് കമഴ്ത്തിയും മറ്റും) എന്നത് മുന്‍പ് വളരെ അപൂര്‍വമായി മാത്രം ഉപയോഗിച്ചിരുന്ന ഒരു മാര്‍ഗം ആയിരുന്നു. പത്തോ പതിനഞ്ചോ കൊല്ലം മുന്‍പ് കമഴ്ത്തി കിടത്തി ഓക്‌സിജന്‍ കൊടുക്കുക എന്നത് ഭാവനയില്‍ പോലും കാണാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ കോവിഡില്‍ അതും ഒരു സാധാരണ കാര്യം ആയി മാറി. നേരിട്ട് വെന്റിലേറ്റര്‍ ചികിത്സയിലേക്ക് പോകുന്നതിനു മുന്‍പ് മിനുട്ടില്‍ വളരെ കൂടുതല്‍ അളവില്‍ ഓക്‌സിജന്‍ നല്‍കാന്‍ കഴിയുന്ന HFNC പോലത്തെ സംവിധാനങ്ങള്‍ ഉപയോഗിച്ചു തുടങ്ങി. ഇവരില്‍ പലര്‍ക്കും വെന്റിലേറ്റര്‍ സഹായം വേണ്ടി വന്നില്ല.
വൈറസിന്റെ നേരിട്ടുള്ള ആക്രമണത്തേക്കാള്‍ എത്രയോ വലിയ ആഘാതം ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളും വൈറസിന്റെ ഘടകങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആണ് ഉണ്ടാകുന്നത് എന്നതാണ് മറ്റൊരു തിരിച്ചറിവ്. അതിനാല്‍ വൈറസിനെ നശിപ്പിക്കാനുള്ള മരുന്നുകള്‍ക്ക് അപ്പുറം പ്രതിരോധ സംവിധാനങ്ങള്‍ ക്രമീകരിക്കുന്ന മരുന്നുകള്‍ കോവിഡ് സങ്കീര്‍ണതകളില്‍ പ്രധാനം ആകാമെന്നും ഒരു പുതിയ അറിവ് വികസിച്ചു വന്നു. അതാണ് സ്റ്റിറോയ്ഡ്, ടോസിലീസുമാബ് തുടങ്ങിയ മരുന്നുകള്‍ കോവിഡില്‍ ഉപയോഗിക്കാന്‍ കാരണം. പണ്ട് ടോസിലീസുമാബ് എന്ന മരുന്നൊക്കെ കൊടുക്കുക എന്നത് എത്രയോ നാളത്തെ ചര്‍ച്ചകള്‍ക്കും ശ്രമങ്ങള്‍ക്കും ശേഷമാണ് നടന്നതെങ്കില്‍ ഇന്ന് നമ്മുടെ ഐ സി യു വില്‍ രോഗി ഗുരുതരാവസ്ഥയിലേക്ക് പോകുമ്പോള്‍ മണിക്കൂറുകള്‍ കൊണ്ടാണ് നല്‍കാന്‍ കഴിയുന്നത്.
പൂര്‍ണമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും വളരെ പ്രതീക്ഷ തരുന്ന മറ്റൊരു ചികിത്സയാണ് പ്ലാസ്മ. പൊതുവെ എളുപ്പവും താരതമ്യേന ചെലവ് കുറഞ്ഞതുമായ ചികിത്സയാണിത്. പ്ലാസ്മയിലൂടെ കൂടുതല്‍ ആളുകളെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുമെന്ന് തന്നെയാണ് വിശ്വാസം. ഈ ചികിത്സയും നമുക്ക് ഇപ്പോള്‍ എളുപ്പത്തില്‍ ലഭ്യമായിത്തുടങ്ങി.
രോഗത്തിന്റെ തുടക്കകാലത്ത് നല്‍കുന്ന ഇന്ത്യയില്‍ ലഭ്യമല്ലാതിരുന്ന ഫാവിപിറവിര്‍ പോലെ ഉള്ള ആന്റിവൈറല്‍ മരുന്നുകള്‍ പലതും ഇപ്പോള്‍ എളുപ്പത്തില്‍ ലഭിക്കാന്‍ തുടങ്ങി.
ഇതെല്ലാം മരുന്നുകളുടെ കാര്യം ആണെങ്കില്‍ അതിനേക്കാള്‍ പ്രധാനം ആണ് ചികിത്സിക്കുന്നവരുടെ ആത്മവിശ്വാസം. നമുക്ക് പരിചയമില്ലാത്ത രോഗം ചികിത്സിക്കുമ്പോഴുള്ള വെപ്രാളം ഇപ്പോള്‍ കോവിഡ് ചികിത്സയില്‍ ഇല്ല. പി പി ഇ കിറ്റും മറ്റു സുരക്ഷാ സംവിധാനങ്ങളും ഉപയോഗിച്ചുള്ള ചികിത്സ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുതുമയുള്ളതല്ലാതായി. ആശുപത്രിയും അതിനനുസരിച്ച് രൂപഭാവമാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞു. ഇവയെല്ലാം കോവിഡ് ചികിത്സയുടെ ഫലം കൂടുതല്‍ അനുകൂലമാക്കാനാണ് സാധ്യത.
കോവിഡിനെ തോല്‍പ്പിക്കാനുള്ള ഗവേഷണങ്ങള്‍ ഇപ്പോഴും ഊര്‍ജ്ജിതമായി നടന്നു കൊണ്ടിരിക്കുന്നു. ദിവസം കഴിയും തോറും നമ്മുടെ അറിവും നമ്മുടെ കയ്യിലുള്ള ആയുധങ്ങളും വിശാലമായിക്കൊണ്ടിരിക്കുന്നു. അതിനാല്‍ ഇന്ന് കോവിഡ് കിട്ടുന്നതിനേക്കാള്‍ നല്ലതായിരിക്കും നാളെ കിട്ടുന്നത്. ഒരു മാസം കഴിഞ്ഞിട്ടാണെങ്കില്‍ നിങ്ങളുടെ അപകട സാധ്യത അതിലും കുറയും. അങ്ങനെ ദിവസം നീട്ടിക്കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ ഒരു പക്ഷേ നിങ്ങള്‍ക്ക് കോവിഡ് കിട്ടാനുള്ള സാധ്യതയും കുറഞ്ഞു വരാം. കാരണം വാക്‌സിന്‍ വരുന്നവരേയോ ഹേര്‍ഡ് ഇമ്യൂണിറ്റി വരുന്ന വരേയോ നിങ്ങള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞാലോ? വൈറസിന്റെ വീര്യം കാലക്രമേണ കുറഞ്ഞാലോ? എല്ലാം കൊണ്ടും കോവിഡിനെ കഴിയുന്നത്ര കാലം അകറ്റി നിര്‍ത്തുന്നതു തന്നെ ബുദ്ധി. അതിനായി ലളിതമായ ചില കാര്യങ്ങള്‍ മാത്രമാണ് വീണ്ടും പറയാനുള്ളത്. ഒന്നര മീറ്ററില്‍ കൂടുതല്‍ ശാരീരിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈകള്‍ സോപ്പോ 70% ആള്‍ക്കഹോള്‍ ഉള്ള ഹാന്‍ഡ് സാനിറ്റൈസറോ ഉപയോഗിച്ച് കൃത്യമായി വൃത്തിയാക്കുക, കൈകള്‍ കൊണ്ട് മുഖത്ത് സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നീ ലളിതമായ കാര്യങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുക. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കുക.
Content Highlights: info clinic post on coronavirus
Content Highlights: