ഡോക്ടറെ കാണാൻ പോകുമ്പോൾ മറക്കരുത് മുൻകാല ചികിത്സാരേഖകൾ; കുറിപ്പ്

Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഡോക്ടർമാരോടും വക്കീലന്മാരോടും കള്ളംപറയരുതെന്നൊരു ചൊല്ലുണ്ട്. രോ​ഗിയുടെ കൃത്യമായ രോ​ഗവിവരങ്ങൾ അറിഞ്ഞാൽ മാത്രമേ ഡോക്ടർക്ക് ചികിത്സ ഫലപ്രദമാക്കാനാകൂ എന്നതുകൊണ്ടാണിത്. ഏതൊരു ചികിത്സയ്ക്ക് പോകുംമുമ്പും തൊട്ടുമുമ്പ് കഴിച്ച മരുന്നുകളേക്കുറിച്ചും ചെയ്ത ടെസ്റ്റുകളേക്കുറിച്ചും ഡോക്ടർമാരോട് പറയേണ്ടതുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യുന്നവരാണ് പലരും. ഫലമോ ഏതൊക്കെ മരുന്നുകൾ കഴിച്ചുവെന്നും ചെയ്ത പരിശോധനകൾ ഏതൊക്കെയെന്നും ഡോക്ടർക്ക് തിരിച്ചറിയാതിരിക്കുകയും ചികിത്സ എളുപ്പമാവാതിരിക്കുകയും ചെയ്യും.

ഇതേക്കുറിച്ച് പ്രസക്തമായൊരു കുറിപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് ഐ.എം.എ. സംസ്ഥാന പ്രസിഡന്റായ ഡോ.സുൾഫി നൂഹു. പഴയ ചികിത്സാരേഖകളില്ലാതെ രോ​ഗികൾ വരുന്നതിനേക്കുറിച്ചും അവ മൊബൈലിലെങ്കിലും രേഖയായി സൂക്ഷിക്കേണ്ടതിനേക്കുറിച്ചുമാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

മൊബൈലെടുത്ത് കിണറിലെയൂ

അങ്ങനെയാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്.
രോഗിയാണ്!
മൂന്നാമത്തെ വിസിറ്റാണ്.
അലർജിയും സൈനസൈറ്റിസുമാണ്  പ്രശ്നം.
ആദ്യ വിസിറ്റിലെ മരുന്നുകളുടെ കടലാസുകൾ ഒന്നും തന്നെ ഇല്ലാതെ രണ്ടാമത്തെ വരവ്.
പഴയ ചികിത്സാ രേഖകളില്ലാതെ  നോക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞപ്പോൾ തിരിച്ച് വീട്ടിൽ പോയി കുറിപ്പടികളുമായെത്തിയ വിദ്വാനാണ്.
ഇപ്പൊ മൂന്നാമത്തെ വിസിറ്റ്.
ഇപ്പോഴും തഥൈവ.
പ്രിസ്ക്രിപ്ഷൻ കടലാസില്ലാന്ന് മാത്രമല്ല മരുന്നുകളുടെ പേരും ഓർമ്മയില്ല.
അതായത് ഞാൻ ഗണിച്ചെടുക്കണം.
അദ്ദേഹത്തിൻ്റെ കൈയിലാണെങ്കിൽ ഒന്നര ലക്ഷത്തിലേറെ വിലയുള്ള സാംസങ് ഫോൾഡ്.
എനിക്ക് സത്യമായും അരിശം മൂത്തു.
"മൊബലെടുത്തു കിണറിൽ എറിയൂ".
"അല്ലെങ്കിൽ വല്ല  ആറിലോ, ഓടയിലോ വലിച്ചെറിയൂ".
"അതിനു പറ്റീല്ലെൽ  ബാത്റൂമിൽ പോയി ഫ്ലഷ് ചെയ്തു കളയൂ".
എനിക്ക് കലി!
അദ്ദേഹത്തിന് നിഷ്കളങ്കമായ ഒരു ചിരി.
മൊബൈലിൽ അത്യാവശ്യമുള്ള ചികിത്സാരേഖകളുടെ ഒരു ഫോട്ടോ എടുത്തിടാൻ സെക്കൻഡുകൾ മതിയാകും 
എന്നും എപ്പോഴും എവിടെയും ഉപയോഗിക്കാം.
അടുത്ത തവണ ഡോക്ടറിനെ കാണാൻ ചെല്ലുമ്പോൾ കൃത്യമായ രോഗനിർണയത്തിനും ചികിത്സയ്ക്കും അത് കൂടുതൽ സഹായിക്കും.
പക്ഷേ നമ്മുടെയൊക്കെ മൊബൈലിലോ.
ഈ ലോകത്തെ എല്ലാ ഗ്രൂപ്പുകളിലെയും വാട്സ് ആപ്പ് സന്ദേശങ്ങൾ.
വിവിധ ചാനലുകളിൽ വരുന്ന വാർത്തകളുടെ, ട്രോളുകളുടെ, റീലുകളുടെ അന്താരാഷ്ട്ര സമ്മേളനം.
ഇതൊക്കെ തിന്നൊടുക്കുന്ന മൊബൈൽ സ്പേസിന്റെ കാര്യം അതിഗംഭീരം.
ഈ ചവറൊക്കെ ചേർന്നാൽ മുക്കാൽ ഭാഗത്തോളം വരും.
ചികിത്സാ രേഖകളുടെ രണ്ട് ഫോട്ടോ എടുക്കാൻ ഇതിന്റെയൊക്കെ നൂറിൽ ഒരു ശതമാനം മൊബൈൽ സ്പേസ് വേണ്ട, സമയം  സെക്കൻഡുകളും 
അദ്ദേഹം ഇത്തവണയും വീട്ടിലേക്ക് തിരിച്ചുപോയി ചികിത്സാരേഖകൾ എടുക്കാൻ!
ചികിത്സയുടെ മാത്രമല്ല അത്യാവശ്യം മറ്റു ചില കാര്യങ്ങളുടെ കൂടെ ഫോട്ടോയെടുത്ത് മൊബൈലിൽ സൂക്ഷിക്കാൻ റോക്കറ്റ് ടെക്നോളജി ഒന്നും വേണ്ട തന്നെ!
ചിലപ്പോഴൊക്കെ ഒരു ചികിത്സാ രേഖയ്ക്ക് ജീവൻ രക്ഷിക്കാൻ കഴിയും!
ജീവൻറെ വിലയുള്ള ഫോട്ടോസ്!
അതിന് കഴിഞ്ഞില്ലെങ്കിൽ മൊബൈലെടുത്ത്  കിണറിൽ ഇടുന്നതാ ബുദ്ധി!
അവനവിടെ സ്വസ്ഥമായി കിടക്കട്ടെ!

Content Highlights: dr sulfi noohu faceboost importance of medical records