പ്രസവം സ്വഭാവികമല്ലേ, പിന്നെന്തിനാണ് ആശുപത്രിയും ഡോക്ടർമാരും? ഇതാണ് ഉത്തരം; കുറിപ്പ്

Representative Image| Photo: Canva.com
Representative Image| Photo: Canva.com

വീട്ടിൽ നടക്കുന്ന പ്രസവങ്ങളും അതുണ്ടാക്കുന്ന അപകടാവസ്ഥകളുമൊക്കെ നിരന്തരം ചർച്ചയാകാറുണ്ട്. അടുത്തിടെ തിരുവനന്തപുരത്ത് വീട്ടിൽ പ്രസവം നടത്തിയ യുവതിയും കുഞ്ഞും മരണപ്പെട്ട വാർത്ത പുറത്തുവന്നിരുന്നു. വീട്ടിൽ നടക്കുന്ന പ്രസവങ്ങളുണ്ടാക്കുന്ന അത്യാഹിതങ്ങളേക്കുറിച്ച് ഡോക്ടർമാർ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ് ഡോ. നെൽസൺ ജോസഫ്. ​ഗർഭകാലത്ത് ആശുപത്രിയിൽ പോയി ചെക്അപ് ചെയ്യേണ്ടതിന്റെ പ്രധാന്യത്തേക്കുറിച്ചും വീട്ടിലെ പ്രസവങ്ങൾ പ്രോത്സാഹിപ്പിക്കരുതാത്തതിനേക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് ഡോ.നെൽസൺ ജോസഫ്.

ഫേസ്ബുക് കുറിപ്പിലേക്ക്

നേരം വെളുക്കാത്തവർക്ക് വേണ്ടി മാത്രം 

1. പ്രസവം സിമ്പിളാണോ?
അല്ല. (പറയാമെടേ, താഴോട്ട് വായീര്)

2. ഗർഭകാലത്ത് ആശുപത്രിയിൽ പോവുന്നതും ചെക് അപ് നടത്തുന്നതും അനാവശ്യമാണോ?
അല്ല. 

3. എന്തുകൊണ്ടാണ് ആശുപത്രിയിൽ പോവുകയും വൈദ്യ പരിശോധനകൾ ചെയ്യുകയും ചെയ്യണമെന്ന് പറയുന്നത്?
ഇത് വായിക്കുന്ന 99.9%നും അറിയാവുന്ന ഒരു കാര്യമായിരിക്കും ഗർഭകാലം എന്ന് പറയുന്നത് ഒരു വ്യക്തിയുടെ ഉള്ളിൽ മറ്റൊരു ജീവൻ വളർന്ന് വരുന്ന സമയമാണ് എന്ന്. (ബാക്കിയുള്ള 0.1% തവിട് കൊടുത്താണ് പിള്ളേരെ വാങ്ങുന്നത് എന്ന് വിശ്വസിക്കുന്നവരായിരിക്കും)

ഏറ്റവും കുറഞ്ഞത് വയറിൻ്റെ വലിപ്പം കൂടിവരുന്നതെങ്കിലും കണ്ടിട്ടുണ്ടാവും. അപ്പൊ ഗർഭവതിയായ സ്ത്രീ ഒരുപാട് മാറ്റങ്ങളിലൂടെ കടന്ന് പോവുന്നുണ്ടെന്ന് പറഞ്ഞാൽ മനസിലാകേണ്ടതാണ്.
അതുകൊണ്ട് തന്നെ ഗർഭാവസ്ഥയിലുള്ള അമ്മയ്ക്കും കുഞ്ഞിനും നേരിടേണ്ടി വന്നേക്കാവുന്ന അപകടങ്ങൾ ഉണ്ടായേക്കാം. 
ഏറ്റവും സിമ്പിളായിട്ട് പറഞ്ഞാൽ അങ്ങനെ ഉണ്ടായേക്കാവുന്ന അപകടങ്ങൾ തടയാവുന്നത് തടയാനും നേരത്തെ കണ്ടെത്താനും അതനുസരിച്ച് മുന്നോട്ട് പ്ലാൻ ചെയ്യാനും ഒക്കെ വേണ്ടിയാണ് ഗർഭകാലത്ത് നടത്തുന്ന പരിശോധനകൾ.

ഏഴാം മാസത്തിൽ ഏഴ് പലഹാരങ്ങളോട് കൂടി ആഘോഷമായി പെണ്ണിനെ പ്രസവത്തിനു സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുന്ന ചടങ്ങ് ഓർമ കാണും പലർക്കും. 
ആദ്യത്തെ പ്രസവത്തിനേ അത്ര ആഘോഷങ്ങൾ സാധാരണ ഉണ്ടാവാറുണ്ടായിരുന്നുള്ളൂ. എന്തുകൊണ്ടായിരിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ?
ഞാൻ ആലോചിച്ചിട്ടുണ്ട്. എനിക്ക് അപ്പൊ തോന്നിയ ഒരു ഉത്തരവുമുണ്ട്. മാതൃമരണനിരക്ക് വളരെ ഉയർന്ന് നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. 
അന്ന് ആദ്യത്തെ പ്രസവം കഴിഞ്ഞ് കിട്ടിയാൽ പറയാം രക്ഷപ്പെട്ടെന്ന്. അതുകൊണ്ട് ആദ്യത്തെ പ്രസവത്തിന് അയയ്ക്കുന്നത് സന്തോഷമായിട്ടാവും..ഇനി തിരിച്ചു വരാൻ സാധ്യത കുറവുള്ള ഒന്നിലേക്ക് പോവുന്നതുപോലെ.

ഇപ്പൊ അങ്ങനല്ല. പ്രസവസമയത്ത് ഉണ്ടാകാവുന്ന പല സങ്കീർണതകളും നമുക്ക് മുൻ കൂട്ടി കണ്ടെത്താൻ കഴിയും. 
ഉള്ളിലുള്ള കുഞ്ഞിന്, ഗർഭാശയത്തിന്, അവിടത്തെ സാഹചര്യങ്ങൾക്ക് എന്തെങ്കിലും അപകടങ്ങളുണ്ടോയെന്ന് അറിയാൻ കഴിയും.....സ്കാനിങ്ങുകളും മറ്റ് പരിശോധനകളും കൊണ്ട്.
ഇതൊന്നും ചെയ്യാതെയിരിക്കുന്നത് കണ്ണ് മൂടിക്കെട്ടി വണ്ടിയോടിക്കുന്നതിനു തുല്യമാണ്.
അപകടമുണ്ടാവാതെയിരിക്കുന്നത് നിങ്ങളുടെ മിടുക്കല്ല. 
വഴിയേ പോവുന്നവരുടെ ഭാഗ്യമാണ്.

4. ഗർഭം സാധാരണപോലങ്ങ് കണ്ടാൽ പോരേ. ഇത്ര ശ്രദ്ധ ആവശ്യമുണ്ടോ?
ആരോഗ്യമുള്ള തലമുറയാണ് വേണ്ടതെങ്കിൽ ഇച്ചിരെ ശ്രദ്ധിച്ചേ പറ്റൂ.
ഇത്രമാത്രം മാറ്റങ്ങൾ ശരീരത്തിൽ വരുന്നുണ്ട്. അതിനൊപ്പം ഗർഭസ്ഥ ശിശു പോഷണത്തിനടക്കം ആശ്രയിക്കുന്നത് അമ്മയുടെ ശരീരത്തെയാണ്. 
അപ്പൊപ്പിന്നെ അതനുസരിച്ച് പോഷകാഹാരം കഴിക്കണമെന്നുള്ളത് സിമ്പിൾ ലോജിക്കാണ്. ഞാനത് കഴിച്ചില്ല എന്ന് വിളിച്ചറിയിക്കുന്നത് ഹീറോയിസമല്ല, മണ്ടത്തരമാണ്.
പ്രത്യക്ഷത്തിൽ ഒരു കുഴപ്പവും തോന്നിക്കാത്ത സ്ത്രീകൾക്കും ചിലപ്പൊ വിളർച്ചയുണ്ടാവാം. ഗർഭകാലത്ത് ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ അത് സങ്കീർണമാക്കുകയും ചെയ്യാം. 
ഒരു രോഗവുമില്ലാതെ പൂർണ ആരോഗ്യവതിയായ ഒരാൾക്ക് അങ്ങനെയാണെങ്കിൽ പിന്നെ മറ്റ് രോഗാവസ്ഥകൾ ഉള്ളവരുടെ കാര്യം എടുത്ത് പറയേണ്ടല്ലോ അല്ലേ?
ഇരട്ടി ശ്രദ്ധിക്കണം


5. പ്രസവം സ്വഭാവികമായി നടക്കുന്ന ഒന്നല്ലേ. പിന്നെ എന്തിനാണ് അതിന് ആശുപത്രിയും ഡോക്ടർമാരും?
അതെ, പ്രസവം സ്വഭാവികമായി നടക്കുന്ന ഒന്നാണ്. പക്ഷേ ചെറിയ ഒരു ട്വിസ്റ്റുണ്ട്. 
എല്ലാ പ്രസവങ്ങളും സ്വഭാവികമായി "വിജയകരമായി" നടക്കുന്ന ഒന്നല്ല.
കഴിഞ്ഞ ദിവസം ഒരാള് ഇട്ട കമൻ്റ് കണ്ടു. 
" പുറമെ നിന്ന് തെറ്റായ ഇടപെടലുകൾ ഒന്നുംതന്നെയില്ലെങ്കിൽ ഭൂമിയിൽ ജനിക്കാൻ വിധിക്കപ്പെട്ട ഓരോ ജീവനും ഏറ്റവും സുഖകരമായ രീതിയിൽ തന്നെ ജനിച്ചിരിക്കും " എന്ന്.
എങ്ങനേ?
 " ഭൂമിയിൽ ജനിക്കാൻ വിധിക്കപ്പെട്ട "
അതാണു ദാറ്റീസ്.
പ്രകൃതിയുടെ തീരുമാനത്തിനു വിട്ടുകൊടുത്തിരുന്ന ഒരു കാലത്ത് അങ്ങനെത്തെ ഒരു "വിധി" ഉണ്ടായിരുന്ന കുഞ്ഞുങ്ങൾക്ക് മാത്രമേ ജീവിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. 
ജനിക്കുന്നതിൽ നല്ലൊരു ശതമാനം കുഞ്ഞുങ്ങൾ മരിച്ചുകൊണ്ടിരുന്ന ഒരു കാലത്തെ ഓർമിപ്പിക്കുന്ന ഒരു ആചാരം കൂടി ചിലപ്പൊ കേട്ടിട്ടുണ്ടാവും.
ജനിക്കാൻ പോവുന്ന കുഞ്ഞിന് ഉടുപ്പ് വാങ്ങിക്കരുത് എന്ന് ചിലപ്പൊ പഴയ ആൾക്കാർ പറഞ്ഞ് കേട്ടിട്ടുണ്ടാവും. എന്തായിരുന്നിരിക്കാം കാരണം?
ജനിക്കുന്നതിൽ എത്ര കുഞ്ഞുങ്ങൾ "പ്രകൃതിയുടെ വിധി" അതിജീവിക്കും എന്ന് അറിയില്ല. അത് തന്നെ ആയിരിക്കും കാരണം.
അങ്ങനെ കുഞ്ഞുങ്ങളെ വിധിക്ക് വിട്ടുകൊടുക്കാൻ മനസില്ല എന്ന് സ്റ്റേറ്റും ഇവിടത്തെ കാലാകാലങ്ങളായുള്ള ആരോഗ്യസംവിധാനങ്ങളും നെഞ്ചു വിരിച്ചുനിന്ന് പറഞ്ഞതിൻ്റെ റിസൾട്ടാണ് ഒറ്റയക്കത്തിലേക്ക് ചുരുങ്ങിയ നവജാത ശിശു മരണനിരക്ക്.
നമ്മുടെ പിള്ളേരെ വിധിക്ക് വിട്ടുകൊടുക്കണോ.
വേണ്ട


6. തീർന്നോ?
ഇല്ല, കഴിഞ്ഞില്ല.
പല വോള്യങ്ങളുള്ള പുസ്തകങ്ങൾ നിറച്ച് എഴുതിവച്ചിരിക്കുന്നതൊക്കെ ഒറ്റ ഫേസ്ബുക് പോസ്റ്റിൽ തീരും എന്നുള്ള അബദ്ധമൊന്നും ചിന്തിച്ചേക്കല്ലേ.
ഒറ്റക്കാര്യം കൂടി പറഞ്ഞിട്ട് നിർത്താം.
നിയോനേറ്റൽ ടെറ്റനസ് എന്ന് കേട്ടിട്ടുണ്ടോ?
ഉണ്ടാവാൻ വഴിയില്ല. ടെറ്റനസിനെതിരായ കുത്തിവയ്പ് രണ്ട് ബൂസ്റ്റർ ഡോസ് അമ്മമാർക്ക് ലഭിക്കുന്നതിലൂടെയും യൂണിവേഴ്സൽ ഇമ്യൂണൈസേഷനിലൂടെയും പ്രസവസമയത്തെ വൃത്തി - ഇതെല്ലാത്തിലൂടെയും ഇല്ലായ്മ ചെയ്ത അസുഖമാണ്...
വീട്ടിലെ മുറിയിലാണോ ലേബർ റൂമിലാണോ അണുവിമുക്തമായിരിക്കുകയെന്ന് ചുമ്മാ കോമൺ സെൻസ് ഉപയോഗിച്ച് ചിന്തിച്ചാ മതി.
അങ്ങനെ എത്രയെത്ര സാഹചര്യങ്ങളെക്കുറിച്ച് പറയേണ്ടിവരുമെന്ന് ഓർക്കണം

7. ഇനി അവസാനത്തെ ആ മില്യൺ ഡോളർ ചോദ്യം
 "ആശുപത്രിയിലും മരണം സംഭവിക്കുന്നുണ്ടല്ലോ "
ഉണ്ട്. 

ഇത്രയൊക്കെ മുൻ കരുതലുകൾ എടുത്തിട്ടും മരണം സംഭവിക്കുന്നുണ്ട്. അപ്പൊ ഒരു മുൻ കരുതലുകളും പരിശോധനകളും ഇല്ലെങ്കിലത്തെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കിക്കോ.
ഹെൽമറ്റ് വച്ചും സീറ്റ് ബെൽറ്റ് ഇട്ടും ട്രാഫിക് നിയമങ്ങൾ പാലിച്ചും വാഹനം ഓടിക്കുന്നവരും അപകടത്തിൽ പെടുന്നുണ്ട്.
അപ്പൊ അതൊന്നും പാലിക്കാത്തവരുടെ അവസ്ഥ എന്തായിരിക്കും?

Content Highlights: dr nelson joseph facebook note on home birth