‘‘ഇത് ശരിക്കും ആവശ്യമാണോ?’ എന്ന് സംശയിച്ച് ചികിത്സ വൈകിച്ചാൽ അപകടം; മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കും’

അനാവശ്യ ആൻജിയോപ്ലാസ്റ്റികൾ നടക്കുന്നുവെന്നും ഇതിനെതിരെ ക്യാംപയിൻ നടത്തണമെന്നുമുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കു പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തിയിരുന്നു. അനാവശ്യമായി ആൻജിയോപ്ലാസ്റ്റികൾ നടക്കുന്ന സാഹചര്യമുണ്ടെങ്കിൽ അതിനെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നും എല്ലാ ആൻജിയോപ്ലാസ്റ്റികളും അനാവശ്യമാണെന്ന തരത്തിലുള്ള പ്രസ്താവന അപകടകരവുമാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നു. മുഖ്യമന്ത്രിയുടെ ചില പരാമർശങ്ങൾ പൊതുജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനിടവരുത്തുന്നതാണെന്നും ചില വസ്തുതകൾ വ്യക്തമാക്കേണ്ടതുണ്ടെന്നും പറഞ്ഞ് പ്രശസ്ത ഹൃദ്രോഗവിദഗ്ധൻ ഡോ. ജോ ജോസഫും പ്രതികരണവുമായി രംഗത്തെത്തി. സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ആൻജിയോപ്ലാസ്റ്റി ആവശ്യമില്ലാതെയും ചെയ്യുന്നുവെന്ന പൊതുവായ സന്ദേശം രോഗികളുടെ മനസ്സിൽ സംശയം സൃഷ്ടിച്ചാൽ അതിന് അപകടകരമായ പ്രത്യാഘാതം ഉണ്ടാകാമെന്ന് ഡോക്ടർ കുറിച്ചത്.
ഒരു ഹൃദ്രോഗ വിദഗ്ധൻ എന്ന നിലയിൽ ഏറെ വേദനയോടെയാണ് കുറിപ്പ് എഴുതുന്നത് എന്ന ആമുഖത്തോടെയാണ് ഡോ. ജോ ജോസഫ് കുറിച്ചത്. അക്യൂട്ട് മയോകാർഡിയൽ ഇൻഫെക്ഷൻ, പ്രത്യേകിച്ച് STEMI പോലുള്ള സാഹചര്യങ്ങളിൽ അടഞ്ഞ കൊറോണറി രക്തധമനി എത്രയും വേഗം തുറന്ന് രക്തപ്രവാഹം പുനഃസ്ഥാപിക്കുകയാണ് ചികിത്സയുടെ പ്രധാന ലക്ഷ്യം. ചികിത്സ വൈകുന്ന ഓരോ നിമിഷവും കൂടുതൽ ഹൃദയപേശി നഷ്ടപ്പെടാൻ ഇടയാക്കാം. ഹൃദയാഘാതം സംഭവിച്ച ഒരാൾക്ക് അടിയന്തര പ്രൈമറി ആൻജിയോപ്ലാസ്റ്റി നിർദ്ദേശിക്കപ്പെട്ടിട്ടും ‘ഇത് ശരിക്കും ആവശ്യമാണോ?’ എന്ന് സംശയിച്ച് ചികിത്സ വൈകിപ്പിക്കുന്നത് അപകടകരമാണെന്ന് ഡോക്ടർ കുറിക്കുന്നു. ഹൃദ്രോഗവിദഗ്ധനോ, ആശുപത്രിയോ അനാവശ്യ ആൻജിയോപ്ലാസ്റ്റി നടത്തുന്നുവെന്ന പരാതിയുണ്ടെങ്കിൽ അത് അന്വേഷിച്ച് നടപടിയെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കൊറോണറി സ്റ്റെന്റുകളുടെ വിലയേക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിനും ഡോ.ജോ ജോസഫ് മറുപടി നൽകുന്നുണ്ട്. ഇന്ത്യയിൽ കൊറോണറി സ്റ്റെൻ്റുകളുടെ സീലിങ് പ്രൈസ് നിശ്ചയിക്കുന്നത് ആശുപത്രികളോ ഡോക്ടർമാരോ അല്ല മറിച്ച് കേന്ദ്ര സർക്കാരിന് കീഴിലുള്ള നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയാണെന്ന് അദ്ദേഹം കുറിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ പൊതുജനങ്ങളിൽ തെറ്റിദ്ധാരണയും ചികിത്സയെക്കുറിച്ച് അനാവശ്യ ഭയവും സൃഷ്ടിക്കാനിടയുള്ള ഭാഗങ്ങളിൽ വ്യക്തത വരുത്തുകയോ തിരുത്തുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഇത്തരത്തിലുള്ള മുന്നറിയിപ്പ് രോഗികളിൽ ചികിത്സയോടുള്ള സംശയമായി മാറരുതെന്ന് വ്യക്തമാക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകവും രംഗത്തെത്തിയിരുന്നു. അനാവശ്യ പരിശോധനകളും ചികിത്സകളും ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മാനിക്കുന്നുവെന്നും എന്നാൽ ഇത്തരം പ്രസ്താവനകൾ പൊതുസമൂഹത്തിൽ മറ്റൊരു തരത്തിലുള്ള ആശയക്കുഴപ്പത്തിനും ഇടയാക്കാൻ സാധ്യതയുണ്ടെന്നുമാണ് ഐഎംഎ പുറത്തുവിട്ട പത്രക്കുറിപ്പിൽ പറഞ്ഞത്.
കോഴിക്കോട്ടു നടന്ന കേരള ഹാർട്ട് കെയർ സൊെെസറ്റിയുടെ സിൽവർജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് രോഗികളെ അനാവശ്യമായി ആൻജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുന്നതിനെതിരേ കാംപെയ്ൻ നടത്തണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അഭിപ്രായപ്പെട്ടത്.
കുറിപ്പിന്റെ പൂർണരൂപത്തിലേക്ക്...
ഒരു ഹൃദ്രോഗ വിദഗ്ധൻ എന്ന നിലയിൽ ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത്.
കോഴിക്കോട് നടന്ന ഒരു പൊതുപരിപാടിയിൽ കേരള മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശൻ ആൻജിയോപ്ലാസ്റ്റിയെയും അതിൽ ഉപയോഗിക്കുന്ന coronary stent കളെയും കുറിച്ച് നടത്തിയ ചില പരാമർശങ്ങൾ പൊതുജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനിടയുള്ളതിനാൽ, ചില വസ്തുതകൾ വ്യക്തമാക്കേണ്ടത് അത്യാവശ്യമാണ്.
ആദ്യമായി, coronary കൊറോണറി സ്റ്റെൻ്റുകളുടെ വിലയെക്കുറിച്ചുള്ള പരാമർശം.
ഇന്ത്യയിൽ കൊറോണറി സ്റ്റെൻ്റുകളുടെ ceiling price ആശുപത്രികളോ ഡോക്ടർമാരോ തീരുമാനിക്കുന്നതല്ല. കേന്ദ്ര സർക്കാരിന് കീഴിലുള്ള National Pharmaceutical Pricing Authority — NPPA — ആണ് വില നിശ്ചയിക്കുന്നത്. 2026 ഏപ്രിൽ 1 മുതൽ Drug-Eluting Stent-കളുടെ ceiling price ₹39,186.03 ആണ്. അതുകൊണ്ട് ഒരു stent-ന്റെ വില ₹1.20 ലക്ഷം എന്ന തരത്തിലുള്ള പ്രസ്താവന നിലവിലുള്ള ഔദ്യോഗിക വിലയുമായി പൊരുത്തപ്പെടുന്നില്ല.
രണ്ടാമത്തെയും അതിലേറെ പ്രധാനപ്പെട്ടതുമായ വിഷയം, angioplasty ആവശ്യമില്ലാത്ത രോഗികൾക്കും അത് വ്യാപകമായി നിർബന്ധിച്ച് ചെയ്യിക്കുന്നു എന്ന ധാരണ സൃഷ്ടിക്കുന്ന പരാമർശമാണ്.
Angioplasty എല്ലാ രോഗികൾക്കും ആവശ്യമുള്ള ചികിത്സയല്ല. അതുപോലെ എല്ലാ angioplasty-കളും ഒരേ clinical സാഹചര്യത്തിൽ ചെയ്യുന്നവയുമല്ല.
Stable coronary artery disease ഉള്ള ചില രോഗികളിൽ മരുന്ന് ചികിത്സ, കൂടുതൽ പരിശോധന, physiology assessment, second opinion എന്നിവയ്ക്കുള്ള സമയം ഉണ്ടായേക്കാം. അവിടെ വ്യക്തമായ clinical judgement ആവശ്യമാണ്.
എന്നാൽ acute myocardial infarction, പ്രത്യേകിച്ച് STEMI പോലുള്ള സാഹചര്യങ്ങളിൽ സ്ഥിതി പൂർണ്ണമായും വ്യത്യസ്തമാണ്. അടഞ്ഞ കൊറോണറി രക്തധമനി എത്രയും വേഗം തുറന്ന് രക്തപ്രവാഹം പുനഃസ്ഥാപിക്കുകയാണ് ചികിത്സയുടെ പ്രധാന ലക്ഷ്യം. അതുകൊണ്ടാണ് ‘Time is Muscle’ എന്ന് പറയുന്നത്. ചികിത്സ വൈകുന്ന ഓരോ നിമിഷവും കൂടുതൽ ഹൃദയപേശി നഷ്ടപ്പെടാൻ ഇടയാക്കാം.
കേരളത്തിൽ നിലവിൽ തന്നെ ഹാർട്ട് അറ്റാക്കിന് ശേഷം രോഗികൾ ആശുപത്രിയിലെത്തുന്നതിൽ ഗണ്യമായ താമസം ഉണ്ടെന്ന് പഠനങ്ങൾ കാണിച്ചിട്ടുണ്ട്. ACS QUIK പഠനത്തിൽ symptom onset മുതൽ hospital presentation വരെ median സമയം പുരുഷന്മാരിൽ 238 മിനിറ്റും സ്ത്രീകളിൽ 300 മിനിറ്റുമായിരുന്നു. സ്ത്രീകൾക്ക് primary PCI ലഭിക്കുന്നതും താരതമ്യേന കുറവായിരുന്നു.
ഈ സാഹചര്യത്തിൽ ‘angioplasty ആവശ്യമില്ലാതെയും ചെയ്യപ്പെടുന്നു’ എന്നൊരു പൊതുവായ സന്ദേശം രോഗികളുടെ മനസ്സിൽ സംശയം സൃഷ്ടിച്ചാൽ അതിന് അപകടകരമായ പ്രത്യാഘാതം ഉണ്ടാകാം. ഹൃദയാഘാതം സംഭവിച്ച ഒരാൾ അടിയന്തര primary angioplasty നിർദ്ദേശിക്കപ്പെട്ടിട്ടും ‘ഇത് ശരിക്കും ആവശ്യമാണോ?’ എന്ന് സംശയിച്ച് ചികിത്സ വൈകിപ്പിക്കുന്ന സാഹചര്യം ഉണ്ടാകരുത്.
അതേസമയം മറ്റൊരു കാര്യവും വ്യക്തമായി പറയണം.
ഒരു cardiologist-ഓ ആശുപത്രിയോ medical ethics-ന് വിരുദ്ധമായി അനാവശ്യമായ procedure നടത്തുന്നു എന്ന വ്യക്തമായ പരാതി ഉണ്ടെങ്കിൽ, അത് അന്വേഷിക്കണം. Audit നടത്തണം. തെളിവുണ്ടെങ്കിൽ ശക്തമായ നടപടി എടുക്കണം. അതിൽ cardiology സമൂഹത്തിനും എതിർപ്പുണ്ടാകേണ്ട കാര്യമില്ല.
പക്ഷേ ചിലരുടെ തെറ്റായ പ്രവർത്തനമോ അത് സംബന്ധിച്ച ആരോപണങ്ങളോ മുഴുവൻ cardiology സമൂഹത്തെയും സംശയത്തിന്റെ നിഴലിലാക്കുന്ന തരത്തിലുള്ള പൊതുവായ പ്രസ്താവനകൾക്ക് ഇടയാക്കുമ്പോൾ അത് വലിയൊരു അപകടം സൃഷ്ടിക്കുന്നു — രോഗിയും ഡോക്ടറും തമ്മിലുള്ള ബന്ധം തകരാൻ ഇടയാക്കുന്നു.
കേരളത്തിന്റെ ആരോഗ്യനിലവാരം ഉയർത്തുന്നതിൽ cardiac care വലിയ പങ്കുവഹിച്ചിട്ടുണ്ട്. Emergency cardiology, coronary care units, cath labs, primary angioplasty , cardiac surgery, heart failure care എന്നിവ അനവധി ജീവനുകൾ രക്ഷിച്ചിട്ടുണ്ട്. അതിന് പിന്നിൽ സർക്കാർ സംവിധാനങ്ങളോടൊപ്പം പൊതുമേഖലയിലും സ്വകാര്യ മേഖലയിലും പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകരുടെ അധ്വാനമുണ്ട്.
അനാവശ്യ angioplasty ഉണ്ടെങ്കിൽ അത് തടയണം.
ആവശ്യമായ angioplasty വൈകാതെയും ഉറപ്പാക്കണം.
ഈ രണ്ടു ലക്ഷ്യങ്ങളും ഒരേസമയം സംരക്ഷിക്കുകയാണ് ഉത്തരവാദിത്തമുള്ള പൊതുജനാരോഗ്യ സമീപനം.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പ്രസ്താവന പൊതുജനങ്ങളിൽ തെറ്റിദ്ധാരണയും, പ്രത്യേകിച്ച് acute heart attack ചികിത്സയെക്കുറിച്ച് അനാവശ്യ ഭയവും സൃഷ്ടിക്കാനിടയുള്ള ഭാഗങ്ങളിൽ വ്യക്തത വരുത്തുകയോ തിരുത്തുകയോ ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
Content Highlights: VD Satheesan's call for a campaign against unnecessary angioplasties draws mixed reactions, highlighting concerns about public misconceptions and healthcare practices.