‘നാണംകുണുങ്ങികളും ഇൻട്രോവെർട്ടുമാവാം’; എൻപിഡി ഉള്ളവർക്കൊപ്പമുള്ള ജീവിതം ദുസ്സഹമാവും, തിരിച്ചറിയണം

അവനെന്തൊരു ടോക്സിക്കാണ്, അവൾ അൽപം നാർസിസ്റ്റാണു കേട്ടോ എന്നൊക്കെ പലപ്പോഴും പറയുന്നതുകേട്ടിട്ടുണ്ടാവും. ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കപ്പെടുമ്പോഴും അവനവനു മാത്രം പ്രാധാന്യം നൽകിയുള്ള പെരുമാറ്റരീതികൾ കാണുമ്പോഴുമൊക്കെയാണ് ഇത്തരത്തിൽ പൊതുവേ പറയുക. എന്നാൽ ഇവയേക്കാളൊക്കെ കുറച്ചുകടന്ന തലമായ നാർസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ എന്ന അവസ്ഥയേക്കുറിച്ച് സാമൂഹികമാധ്യമങ്ങളിൽ ചർച്ചകൾ ഉയരുകയാണിപ്പോൾ. നാർസിസ്റ്റിക് പേഴ്ണാലിറ്റി ഡിസോർഡറുള്ള മുൻകാമുകനേക്കുറിച്ചുള്ള നടി അനുപമ പരമേശ്വരന്റെ തുറന്നുപറച്ചിലാണ് ഇതിന്റെ ആക്കം കൂട്ടിയത്. എൻപിഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ പ്രശ്നം ഉള്ളവരെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്നും കാലങ്ങളായി ഇക്കൂട്ടർക്കൊപ്പം ജീവിച്ചിട്ടും പുറത്തുവരാൻ വൈകിയെന്നുെമാക്കെ നിരവധിപേർ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചു. എന്താണ് നാർസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ എന്നും തിരിച്ചറിഞ്ഞ് സഹായം തേടേണ്ടത് എത്രത്തോളം പ്രധാനമാണെന്നും പങ്കുവെക്കുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ സൈക്യാട്രിക് വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. വർഷ വിദ്യാധരൻ.
അനുപമയുടെ തുറന്നുപറച്ചിലിലൂടെ നിരവധി പേർക്ക് ഈയവസ്ഥയെക്കുറിച്ച് മനസ്സിലാക്കാനായി. നാർസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ ഉള്ളവരെ എങ്ങനെ തിരിച്ചറിയാം?
ഏറ്റവും പ്രധാനപ്പെട്ട കാര്യം സാധാരണ നാർസിസ്റ്റ് എന്നുപറയുന്നതും നാർസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ എന്ന എൻ.പി.ഡിയും ഒന്നല്ല എന്നതാണ്. പല സാഹചര്യങ്ങളിലും ഈ വാക്കുകൾ അമിതമായി ഉപയോഗിക്കപ്പെടുന്നതു കാണാറുണ്ട്. എൻ.പി.ഡി ഡയഗ്നോസിസിനുവേണ്ടി ആശ്രയിക്കുന്നത് ഇന്റർനാഷണൽ ക്ലാസിഫിക്കേറ്ററി സിസ്റ്റങ്ങളെയാണ്. ഒരാൾ താൻ സ്വയം വലിയ ആളാണെന്നു കരുതുന്നതുകൊണ്ടോ, പ്രശംസ ആഗ്രഹിക്കുന്നതുകൊണ്ടോ എൻ.പി.ഡി ഉണ്ടെന്നു പറയാനാകില്ല . എന്നാൽ ഇത് സ്ഥിരമായ പാറ്റേണാണോയെന്നു ശ്രദ്ധിക്കണം. താൻ മറ്റുള്ളവരേക്കാൾ പ്രത്യേകതയുള്ള ആളാണെന്ന തോന്നൽ, നിരന്തരം അംഗീകാരവും പ്രശംസയും വേണ്ടിവരിക, വിമർശനം സ്വീകരിക്കാൻ ബുദ്ധിമുട്ട്, സ്വന്തം ആവശ്യങ്ങൾക്കായി മറ്റുള്ളവരെ ഉപയോഗപ്പെടുത്തുക, മറ്റുള്ളവരുടെ വികാരങ്ങളും ആവശ്യങ്ങളും തീരെ മനസ്സിലാക്കാൻ കഴിയാതിരിക്കുക, തനിക്കുമാത്രം പ്രത്യേക പരിഗണന ലഭിക്കണം എന്ന തോന്നൽ, മറ്റുള്ളവരുടെ വിജയത്തിൽ അസൂയപ്പെടുകയോ, അവർക്ക് തന്നോട് അസൂയയുണ്ടെന്നോ കരുതുക, പുറത്തുനിന്ന് ആത്മവിശ്വാസമുണ്ടെന്നു തോന്നുമെങ്കിലും ഉള്ളിൽ ആത്മവിശ്വാസം വളരെ കുറഞ്ഞിരിക്കുക തുടങ്ങിയവയൊക്കെയാണ് എൻ.പി.ഡിയുള്ളവരിൽ പ്രധാനമായി കണ്ടുവരുന്നത്.
എൻ.പി.ഡി ഉണ്ടോയെന്ന് സ്വയം പരിശോധിക്കുന്നതെങ്ങനെ?
ഇന്റർനെറ്റിൽ പറയുന്നതുപോലെ ഞാനൊരു നാർസിസ്റ്റാണോയെന്ന ചോദ്യാവലി ഉപയോഗിച്ച് സ്വയം നിർണയിക്കുന്നത് അത്ര എളുപ്പമാവില്ല. എങ്കിലും സ്വയം കണ്ടെത്താൻ ചില വഴികളുണ്ട്. ആരെങ്കിലും വിമർശിച്ചാൽ അത് സ്വീകരിക്കാൻ വളരെ ബുദ്ധിമുട്ടാറുണ്ടോ, അംഗീകാരം കിട്ടിയില്ലെങ്കിൽ ആത്മവിശ്വാസം തകരുന്നുണ്ടോ, മറ്റുള്ളവരുടെ വിജയത്തെ വ്യക്തിപരമായി ഭീഷണിയായി കാണുന്നുണ്ടോ., മറ്റുള്ളവരുടെ വികാരങ്ങളേക്കാൾ അവനവന്റെ ആവശ്യങ്ങൾ മാത്രം പ്രധാനമെന്ന് തോന്നാറുണ്ടോ, ബന്ധങ്ങളിൽ ആവർത്തിച്ച് പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ കാരണം മറ്റുള്ളവർ മാത്രമാണ് എന്നാണോ കരുതാറുള്ളത്? എന്നെല്ലാം പരിശോധിക്കുക. ഇവയിൽ ചിലതുമാത്രം ഉണ്ടെന്നുകരുതി എൻ.പി.ഡി ആണെന്നു പറയാൻ പറ്റില്ല. സ്ഥിരവും വ്യാപകവും ബന്ധങ്ങളിലും വ്യക്തിജീവിതങ്ങളിലുമൊക്കെ കാര്യമായ പ്രശ്നങ്ങൾ ഉണ്ടാവുമ്പോഴാണ് ഡിസോർഡർ എന്നുപറയുക.
എൻ.പി.ഡി ഉള്ള ഒരു വ്യക്തിയുടെ ചുറ്റും സഹവസിക്കുന്നവരുടെ ജീവിതം എത്രത്തോളം ദുസ്സഹമായിരിക്കും?
എൻ.പി.ഡിയുള്ള വ്യക്തിയുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നവർക്ക് നിരന്തരം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവരും. സ്വന്തം അഭിപ്രായം പറയാൻ ഭയപ്പെടുകയും തന്റെ തെറ്റാണോയെന്ന സംശയംവരികയും ചെയ്യും. വൈകാരികമായി തകരുകയും ഒരാളുടെ ആവശ്യങ്ങൾക്കുമാത്രമാണ് എപ്പോഴും പരിഗണിക്കപ്പെടുന്നതെന്ന് തിരിച്ചറിയുന്നത് നിരാശരാക്കും. ബന്ധങ്ങളുടെ തുടക്കത്തിൽ ഇത് കാര്യമായി ബാധിക്കാറില്ലെങ്കിലും പോകെപ്പോകെ തിരിച്ചറിയാൻ തുടങ്ങും. അതേസമയം തന്നെ എൻ.പി.ഡി ഉള്ള എല്ലാവരും അബ്യൂസീവ് സ്വഭാവമുള്ളവരാണെന്നും പറയാനാവില്ല. പെരുമാറ്റം എത്തരത്തിലാണ് എന്നതിനെ ആശ്രയിച്ചാണ് അപകടസാധ്യത വിലയിരുത്തുക. എൻ.പി.ഡി ഉള്ള വ്യക്തിക്കും വിഷാദം, ഉത്കണ്ഠ, തൊഴിലിടത്തിലും വ്യക്തിബന്ധങ്ങളിലും പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ ഉണ്ടാവാം.
ഒരാൾ ടോക്സിക്കാണെന്ന് നിർവചിക്കുന്ന ലക്ഷണങ്ങളും എൻ.പി.ഡിയുടേതും തമ്മിൽ സാമ്യമില്ലേ? രണ്ടും തമ്മിൽ ബന്ധമുണ്ടോ?
രണ്ടുംതമ്മിൽ സാമ്യങ്ങളുണ്ട്, പക്ഷേ ഒന്നല്ല. ടോക്സിക് എന്നത് സൈക്യാട്രിക് ഡയഗ്നോസിസ് അല്ല. ഒരു വ്യക്തിയുടെ പെരുമാറ്റം മറ്റുള്ളവർക്ക് നിരന്തരം ഹാനികരമാണെന്ന് വിവരിക്കാൻ സാധാരണ ഉപയോഗിക്കുന്ന പദമാണത്. മാനിപ്പുലേഷൻ, കൺട്രോൾ ചെയ്യൽ, കളിയാക്കൽ, ബൗണ്ടറി ഭേദിക്കൽ തുടങ്ങിയവയുള്ളയാളെ ടോക്സിക് എന്നുവിളിക്കാം. പക്ഷേ അയാൾക്ക് എൻ.പി.ഡി ഉണ്ടെന്നു പറയാനാവില്ല. അതുപോലെ എൻ.പി.ഡി ഉള്ളയാളുടെ എല്ലാ പെരുമാറ്റങ്ങളും ടോക്സിക്കായിരിക്കണമെന്നുമില്ല. ലളിതമായി പറഞ്ഞാൽ ടോക്സിക് എന്നത് പെരുമാറ്റപ്രശ്നവും എൻ.പി.ഡി എന്നത് ക്ലിനിക്കൽ പേഴ്സണാലിറ്റി ഡിസോർഡറുമാണ്.
എൻ.പി.ഡി തിരിച്ചറിയപ്പെടാതെ പോയാൽ എത്രത്തോളം സങ്കീർണമാവും? തുടക്കത്തിലേ തിരിച്ചറിഞ്ഞാലുള്ള പ്രയോജനങ്ങൾ എന്തൊക്കെയാണ്?
എൻപിഡിക്ക് കാൻസർ പോലെയൊക്കെ ഘട്ടങ്ങൾ പറയാനാവില്ല. എന്നാൽ ജീവിതത്തിന്റെ വിവിധഭാഗങ്ങളിൽ പ്രശ്നങ്ങൾ തീവ്രമായി തുടങ്ങും. പ്രത്യേകിച്ച് തിരസ്കരണങ്ങൾ നേരിടുക, പരാജയപ്പെടുക, കളിയാക്കലുകൾ നേരിടുക എന്നീ സാഹചര്യങ്ങളിലൊക്കെ പെരുമാറ്റം പ്രശ്നമാകാം. വിഷാദം, ഉത്കണ്ഠ, സാമൂഹികബന്ധങ്ങളിൽ നിന്നു വിട്ടുനിൽക്കുക, അമിതദേഷ്യം, ബന്ധങ്ങളിലെ തകർച്ച, തൊഴിലിടത്തിലെ പ്രശ്നങ്ങൾ, വികാരങ്ങൾ നിയന്ത്രണാതീതമാവുക, ചിലഘട്ടങ്ങളിൽ ആത്മഹത്യാചിന്ത തുടങ്ങിയവ വരെയുണ്ടാകാം.
ആദ്യമേ തിരിച്ചറിയുന്നത് വ്യക്തിയെ പ്രതികരണങ്ങളെ നേരിടാനും എംപതിയുണ്ടാകാനും വിമർശനങ്ങളെ ഉൾക്കൊള്ളാനും വികാരങ്ങളെ നിയന്ത്രിക്കാനുമൊക്കെ പ്രാപ്തമാക്കും. ബന്ധങ്ങളിൽ ഹെൽത്തി ബൗണ്ടറികൾ നിലനിർത്താനും കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങൾ ഒഴിവാക്കാനും മാനസികാരോഗ്യ പ്രശ്നങ്ങളെ നേരിടാനും ലഹരിയിലേക്ക് വഴിതെറ്റാതിരിക്കാനുമൊക്കെ സഹായിക്കും. എന്നാൽ നേരത്തേ തിരിച്ചറിയുന്നതുകൊണ്ട് പെട്ടെന്നുതന്നെ ഈയവസ്ഥയെ മറികക്കാം എന്നു പറയാനാവില്ല. വർഷങ്ങളെടുത്താണ് പെരുമാറ്റം രൂപപ്പെടുന്നത്. മാറ്റങ്ങളുണ്ടാവാനും വർഷങ്ങളെടുക്കും.
എൻ.പി.ഡി ഉള്ളവർ പലപ്പോഴും ഇൻട്രോവെർട്ടുകളും നാണംകുണുങ്ങികളും ഉൾവലിയുന്ന സ്വഭാവമുള്ളവരുമൊക്കെയായിരിക്കും. ഇതുമൂലം തിരിച്ചറിയലും പ്രയാസമാകുമോ?
എൻ.പി.ഡി ഉള്ള എല്ലാവരും പുറമേക്ക് ധാർഷ്ട്യമുള്ളവരോ, എക്സ്ട്രൊവെർട്ടുകളോ ആണെന്നത് വലിയ തെറ്റിദ്ധാരണയാണ്. നാണംകുണുങ്ങികളും ഇൻട്രൊവെർട്ടുകളും വിമർശനങ്ങളെ ഭയമുള്ളവരും സെൻസിറ്റീവ് സ്വഭാവമുള്ളവരുമായി നിരവധിപേരുണ്ട്. തിരസ്കരണങ്ങളെ ഭയം, വിലമതിക്കുന്നില്ലെന്ന തോന്നലൊക്കെയുണ്ടാവും. പുറമേക്ക് സൈലന്റായതുകൊണ്ട് നാർസിസ്റ്റ് അല്ലെന്നും അമിത ആത്മവിശ്വാസത്തോടെ കാണുന്നവരെ നാർസിസ്റ്റ് ആണെന്നും പറയാനാവില്ല. പെരുമാറ്റത്തിനൊപ്പം ബന്ധങ്ങളെ കൈകാര്യം ചെയ്യൽ, എംപതി തുടങ്ങിയവയെല്ലാം പരിശോധിച്ചുവേണം എൻ.പി.ഡി. ആണോയെന്ന് വിലയിരുത്തൽ.
എൻ.പി.ഡി. ഉണ്ടെന്നു തിരിച്ചറിഞ്ഞാൽ പെട്ടെന്ന് സ്വഭാവപരമായ മാറ്റങ്ങൾ വരുത്താൻ ഇക്കൂട്ടർക്ക് കഴിയാറുണ്ടോ? എന്തെല്ലാം തരത്തിലുള്ള ചികിത്സാരീതികളാണ് നൽകിവരിക?
പെട്ടെന്ന് മാറ്റാൻ കഴിയാറില്ല. കാരണം ഇത് വ്യക്തിയുടെ ആഴത്തിലുള്ള സ്വഭാവപരമായ പ്രശ്നങ്ങളുടെ ഭാഗമാണ്. സ്കീമാഫോക്കസ്, സിബിടി, സപ്പോർട്ടീവ് സൈക്കോതൈറാപ്പി, സൈക്കോഡൈനാമിക് തുടങ്ങിയ സൈക്കോതെറാപ്പി ചികിത്സകളാണ് നൽകിവരാറുള്ളത്. ചികിത്സയുടെ ലക്ഷ്യം നല്ല മനുഷ്യനാക്കുക എന്നല്ല മറിച്ച് സ്വയം പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് എംപതിയുണ്ടാക്കാനും ബന്ധങ്ങൾ മെച്ചപ്പെടുത്താനുമാണ്. ഇതിനൊപ്പം വിഷാദം,മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവയുണ്ടെങ്കിൽ അതിനുള്ള ചികിത്സയും നൽകും.
പൊതുവേ ഇത്തരം പെരുമാറ്റപ്രശ്നങ്ങൾ ഉള്ളവർക്ക് സമൂഹത്തിൽ വില്ലൻ പരിവേഷമായിരിക്കും. സഹായംലഭിക്കേണ്ട വിഭാഗമല്ലേ ഇവരും? എത്തരത്തിലാണ് ഇവരെ നേരിടേണ്ടത്?
എൻ.പി.ഡി. ഉള്ളവരെ നേരിടുമ്പോൾ ബാലൻസ് ആയുള്ള സമീപനമാണ് വേണ്ടത്. എൻ.പി.ഡിയുള്ള വ്യക്തിയും മാനസികമായി ബുദ്ധിമുട്ടുന്നുണ്ട്. പക്ഷേ അവരുടെ പെരുമാറ്റം മൂലം ചുറ്റുമുള്ളവർ അതിലേറെ ബൂദ്ധിമുട്ടുകയാണ്. എൻ.പി.ഡി ഉള്ള വ്യക്തിക്ക് സഹായം വേണം എന്നതിനൊപ്പം ആ വ്യക്തിയുടെ പെരുമാറ്റംമൂലമുള്ള പ്രശ്നങ്ങൾ മറ്റുള്ളവർ സഹിക്കേണ്ട കാര്യവുമില്ല. ഉപദ്രവകരമായുള്ള പെരുമാറ്റത്തിന് മാനസികാരോഗ്യപ്രശ്നം ഒരു ന്യായീകരണമല്ല. ഒരാളെ നാർസിസ്റ്റ് എന്നു ലേബൽ ചെയ്യുന്നതിനേക്കാൾ ആവശ്യമുള്ളിടത്ത് സഹായം നൽകാനും ഹെൽത്തി ബൗണ്ടറികൾ ഒരുക്കാനുമാണ് എല്ലാവരും ശ്രമിക്കേണ്ടത്.
Content Highlights: Differentiating between general toxic behavior and clinical Narcissistic Personality Disorder (NPD)., Identifying NPD in introverted or shy individuals who may not fit the extroverted stereotype., Recognizing the impact of living with someone who has NPD and establishing healthy boundaries.