മരുന്നുകളുടെ ദുരുപയോഗം തടയാം, സുരക്ഷിത ഉപയോഗത്തിൽ ഫാര്‍മസിസ്റ്റുകള്‍ക്ക് നിർണായകപങ്ക്; വെറും മരുന്ന് വിൽപ്പനക്കാരല്ല അവർ

#ഡോ. ജിജിത്ത് യു.എസ്
എ.ഐ. നിർമിത ചിത്രം
എ.ഐ. നിർമിത ചിത്രം

നാല് ബില്യണിൽ അധികം വരുന്ന ഫാർമസി സമൂഹം ലോകത്തിലെ എല്ലായിടത്തും ആരോഗ്യ പുരോഗതിയിൽ ഫാർമസിസ്റ്റുകളുടെ കടമയും ഉത്തരവാദിത്വങ്ങളും ഓർമിപ്പിക്കുന്നതിനും അതിനുള്ള പ്രവർത്തനങ്ങളെ പോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി സെപ്റ്റംബർ 25ന് ലോക ഫാർമസിസ്റ്റ് ദിനമായി ആചരിക്കുന്നു. മരുന്ന് എന്ന് അർഥമുള്ള “ഫാർമക്കോൺ" എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ഫാർമസി എന്ന വാക്കിൻറെ ഉത്ഭവം. പഴയ കാലത്ത് ചികിത്സയും മരുന്നുകളും കൈകാര്യം ചെയ്‌തത്‌ ചികിത്സകൻ തന്നെയായിരുന്നു. എന്നാൽ പിന്നീട് മരുന്നുകളു ടെ എണ്ണവും നിർമ്മാണത്തിലെ സങ്കീർണ്ണതകളും ഇതിനൊരു മാറ്റമുണ്ടാക്കുകയും ഫാർമസി പ്രൊഫഷൻ്റെ വളർച്ച അനിവാര്യമാകുകയും ചെയ്തു. ഇന്ത്യയിൽ 1842 മുതൽ ഫാർമസി വിഷയം പഠിപ്പിച്ചിരുന്നു. എന്നാൽ 1937ൽ ആണ് ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ ഫാർമസി വിഭാഗം ആരംഭിച്ചത്. 1948 ലെ ഫാർമസി ആക്‌ടും, ഡ്രഗ്സ് ആന്റ് കോസ്മെറ്റിക് ആക്ടും (1940) പ്രൊഫഷന്റെ വളർച്ചയിൽ നിർണ്ണായക ഘടകമായി.

ഇന്ന് രണ്ട് വർഷത്തെ ഡിപ്ലോമാ ഇൻ ഫാർമസിയും, നാല് വർഷത്തെ ബിരുദ കോഴ്സും, രണ്ട് വർഷത്തെ ബിരുദാനന്തര ബിരുദവും, ആറ് വർഷത്തെ ഡോക്ടർ ഇൻ ഫാർമസിയും, ഗവേഷണ കോഴ്സുകളും ഇന്ന് ഇന്ത്യയിൽ വിവിധ കോളേജുകളിലായി ദേശീയ ഫാർമസി കൗൺസിലിൻ്റെ അംഗീകാരത്തോടുകൂടി നടത്തുന്നു. ഇന്ന് ഇന്ത്യയിൽ ഏകദേശം പത്തുലക്ഷത്തോളം ഫാർമസിസ്റ്റുകൾ ഫാർമസി അനുബന്ധ മേഖലയിൽ ജോലി ചെയ്‌തു വരുന്നു. ലോകത്തിലെ ആരോഗ്യ മേഖലയിലെ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന വലിയ പ്രൊഫഷനാണ് ഫാർമസി. ഇന്ന് പ്രധാനമായും ഫാർമസിസ്റ്റുകൾക്ക് കമ്മ്യൂണിറ്റി ഫാർമസി, റീടെയിൽ രംഗം, ഹോസ്‌പിറ്റൽ ഫാർമസി, ക്ലിനിക്കൽ ഫാർമസി, അധ്യാപന മേഖല, ക്ലിനിക്കൽ റിസർച്ച്, ഫാർമസിയുമായി ബന്ധപ്പെട്ട നിയമ മേഖലയിൽ തുടങ്ങി മരുന്നു നിർമ്മാണ മേഖലയിലെ ഗുണമേന്മ ഉറപ്പുവരുത്തുന്ന ലാബുകളിലും, പാക്കിംഗ്, ഗവേഷണ വിഭാഗത്തിലും, മാർക്കറ്റിംഗ് എന്നിവയിലും ഗവൺമെൻ്റ്, പ്രൈവറ്റ് മേഖലയിലും നിരവധി അവസരങ്ങളാണ് ഫാർമസിസ്റ്റുകൾക്കായി കാത്തിരിക്കുന്നത്.

മരുന്നുകളെ കുറിച്ച് ആധികാരികമായ വിവരം നൽകുന്നവരാണ് ഫാർമസിസ്റ്റുകൾ. അതുകൊണ്ടു തന്നെ മരുന്നുകൾ ശരിയായ അളവിലും വിലയിലും ഗുണമേന്മയിലും ലഭിക്കണമെന്നത് ഒരു പൗരന്റെ അവകാശം എന്നതുപോലെ പ്രധാനമാണ്. അവ കൈകാര്യം ചെയ്യേണ്ടത് ഈ രംഗത്ത് പ്രാവീണ്യം നേടിയവരാണെന്നതും മരുന്നുകളുടെ ദുരുപയോഗവും സ്വയം ചികിത്സയും തടയേണ്ടതും സമൂഹത്തിൻ്റെ ആരേഗ്യ സംരക്ഷണത്തിൽ മുൻപ ന്തിയിൽ നിൽക്കേണ്ടതും ഫാർമസിസ്റ്റുകളുടെ കടമയും ഉത്തരവാദിത്വവുമാണ്. ഇതിനെ ഓർമിപ്പിക്കുന്നതാണ് "ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കൂ ഫാർമസിസ്റ്റിനെക്കുറിച്ച് ചിന്തിക്കൂ" എന്ന ഈ തവണത്തെ ഫാർമസി ദിന വിഷയം.

മരുന്നുകൾ ഉണ്ടാക്കുന്ന പ്രക്രിയകളും മരുന്നുകൾ കണ്ടെത്തുന്നതിനുള്ള പ്രാഥമിക ഗവേഷണത്തെക്കുറിച്ചും, ശരീരത്തിലെ മരുന്നുകളുടെ പ്രവർത്തനങ്ങളും പ്രതിപ്രവർത്തനങ്ങളെക്കുറിച്ചും, മരുന്നുകളുടെ ഉപയോഗങ്ങളെക്കുറിച്ചും, മരുന്നുകളുടെ ആഗിരണവിതരണ അപചയ പ്രവർത്തനങ്ങളെക്കുറിച്ചും, മരുന്നുകളുടെ വിതരണ സംഭരണങ്ങളെക്കുറിച്ചും, അതുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകളും, സ്റ്റോർ മാനേജ്മെന്റിനെകുറിച്ചെല്ലാം പഠിക്കുന്നവരാണ് ഫാർമസിസ്റ്റുകൾ. അതുകൊണ്ടുതന്നെ ഫാർമസിസ്റ്റുകൾ മരുന്നുകളുടെ കാര്യത്തിൽ ഒരു സ്പെഷ്യലിസ്റ്റാണ്. രോഗികൾക്ക് മരുന്നുകളുടെ ഉപയോഗക്രമത്തെക്കുറിച്ച് വ്യക്തമായി പറഞ്ഞു കൊടുക്കാനും ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് സമൂഹത്തിനെ ബോധ്യപ്പെടുത്താനും ഫാർമസിസ്റ്റുകൾക്ക് കഴിയുന്നു.

ഇന്ന് ധാരാളം മരുന്നുകൾ കഴിക്കുന്നവരാണ് മലയാളികൾ. സ്വയം ചികിത്സയുടെ കാര്യത്തിലും ഓട്ടും പിന്നിലല്ല നമ്മൾ. വിവിധ ചികിത്സാവിഭാഗങ്ങളിൽ നിന്നും, ഡോക്ടർമാരിൽ നിന്നും മരുന്ന് കഴിക്കുമ്പോൾ അവ തമ്മിലുള്ള പരസ്‌പര പ്രവർത്തനങ്ങൾ മൂലം അപകടകരമായ സാഹചര്യം ഉണ്ടാകാറുണ്ട്. അതുപോലെത്തന്നെ മരുന്ന് കുറിപ്പടികളിലും ചില പിഴവുകൾ കണ്ടുവരാറുണ്ട്. ഇത്തരം കാര്യങ്ങൾ നിരീക്ഷിക്കാൻ കാര്യമായ സംവിധാനമില്ലാത്തത് പലപ്പോഴും ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കാറുണ്ട്. മരുന്നുകളുടെ പാർശ്വ ഫലങ്ങൾ കൊണ്ടുള്ള മരണം അമേരിക്ക പോലുള്ള രാജ്യത്ത് ഹൃദയ സംബന്ധമായ അസുഖങ്ങളേക്കാൾ കൂടുതൽ ആണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. എന്നാൽ ഇന്ത്യയിൽ ഇത്തരം പഠനങ്ങളുടെ കുറവ് നമ്മളെ ഈ കാര്യങ്ങളിൽ അജ്ഞരാക്കുന്നു.

നിർഭാഗ്യവശാൽ പൊതുജനത്തിനിടയിൽ ഫാർമസിസ്റ്റുകളുടെ സേവനത്തെക്കുറിച്ച് ചില അബദ്ധ ധാരണകൾ നിലവിലുണ്ട്. അതിനുദാഹരണമാണ് ഫാർമസിസ്റ്റുകൾ മരുന്ന് വിൽപ്പനക്കാർ മാത്രമായി കരുതപ്പെടുന്നത്. അതുകൊണ്ടു തന്നെ അവർ സമൂഹത്തിൽ വേണ്ടത്ര അംഗീകരിക്കപ്പെടുന്നില്ല എന്നതാണ് വാസ്‌തവം. പാശ്ചാത്യ രാജ്യങ്ങളിലെ ഫാർമസി സംവിധാനത്തെ അപേക്ഷിച്ച് ഇന്ത്യയിലെ ആരോഗ്യ രംഗത്തെ ഫാർമസി മേഖല ഇന്നും ശൈശവ ദിശയിൽത്തന്നെയാണ്.

മരുന്നുകൾ കൈകാര്യം ചെയ്യേണ്ടത് ഫാർമസിസ്റ്റുകൾ മാത്രമാണ് എന്ന കൃത്യമായ നിർദ്ദേശവും, ഫാർമസി സേവനങ്ങൾ ശക്തമായി നടപ്പിലാക്കുകയും ചെയ്‌താൽ സ്വയം ചികിത്സയും മരുന്നുകളുടെയും ആന്റിബയോട്ടിക്കുകളുടെയും ദുരുപയോഗം ഒരു പരിധി വരെ തടയുവാൻ സാധിക്കും. ഹോസ്‌പിറ്റൽ ഡ്രഗ് ഫോർമുല, പേഷ്യൻ്റ് ഹിസ്റ്ററി എന്നിവ തയ്യാറാക്കൽ, പേഷ്യന്റ് കൗൺസിലിങ്ങ്, അഡ്വേഴ്സസ് ഡ്രഗ് റിയാക്ഷൻ ക്ലിനിക്, വാർഡ് ഫാർമസി, സാറ്റലൈറ്റ് ഫാർമസി, ഡ്രഗ് ഇൻഫർമേഷൻ സെൻ്റർ, ടോക്സിക്കോളജിക്കൽ ലാബ്, പോയ്‌സൺ ഇൻഫർമേഷൻ സെൻ്റർ, ഹെൽത്ത് എഡ്യുക്കേഷൻ, പോസ്റ്റ് ട്രീറ്റ്‌മെൻ്റ് ഡ്രഗ് ക്ലിനിക്, ജീവിത ശൈലി രോഗങ്ങളുടെ ബോധവൽക്കരണം, ഫാർമക്കോ വിജിലൻസ് സെന്റർ തുടങ്ങി നിരവധി സേവങ്ങൾ ജനങ്ങൾക്ക് നൽകുവാൻ സാധിക്കും. നിർമ്മിത ബുദ്ധിയുടെ വരവോടുകൂടി ഇത്തരം സേവനങ്ങൾ കൂടുതൽ മികച്ചതും എളുപ്പവുമാകും. ഇത് പൊതുചികിത്സാ രംഗത്ത് ഒരു പുത്തൻ ഉണർവാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

(കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഡിപ്പാ. ഫാർമസ്യൂട്ടിക്കൽ സയൻസിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)

Content Highlights: World Pharmacists Day: Recognizing the Vital Role of Pharmacists in Healthcare