ആരോഗ്യസമ്പന്നമായ ഭാവിക്കായി ഫാർമസിസ്റ്റ് ശാക്തീകരണം

Representative Image
Representative Image

1912 സെപ്റ്റംബർ 25 നാണ് ഇന്റർനാഷണൽ ഫാർമസിസ്റ്റ് ഫെഡറേഷൻ സ്ഥാപിക്കപ്പെട്ടത്. പിന്നീട് 2009 മുതൽ എല്ലാ വർഷവും സെപ്റ്റംബർ 25 ലോക ഫാർമസിസ്റ്റ് ദിനമായി ആചരിക്കുവാൻ ഇന്റർനാഷണൽ ഫാർമസിസ്റ്റ് ഫെഡറേഷൻ കൗൺസിൽ തീരുമാനിച്ചു. ഇന്ത്യയിൽ ലോക ഫാർമസിസ്റ്റ് ദിനം ആചരിക്കുവാൻ തുടങ്ങിയത് 2013-ലാണ്. ഓരോ വർഷവും ഫാർമസിസ്റ്റ് ദിനം ആഘോഷിക്കുന്നത് ഒരു പുതിയ ആശയത്തിൽ ഊന്നിയാണ്. ഈ വർഷത്തെ ആശയം 'Empowering Pharmacist for healthier future" എന്നതാണ്. അതായത് ആരോഗ്യകരമായ ഭാവിക്കു ഫാർമസിസ്റ്റിനെ ശാക്തീകരിക്കുക എന്നതാണ്.

മറ്റുരാജ്യങ്ങളിൽ ഫാർമസിസ്റ്റുകളെ ശാക്തീകരിക്കുവാൻ എടുത്ത നടപടികളിലേക്ക് ഒന്നെത്തിനോക്കാം. ഏതൊരു രാജ്യത്തെയും ആരോഗ്യ സംവിധാനത്തിന് മറ്റ് സംവിധാനങ്ങളുമായി സഹകരിച്ച് പ്രശ്നം പരിഹരിക്കുന്നതിന് ഒരു യോജിച്ച ശ്രമം ആവശ്യമാണ്. കോവിഡ് കാലയളവിൽ ലോകത്തിലെ പല രാജ്യങ്ങളും ഡോക്ടർമാരുടെ ദൗർലഭ്യം പരിഹരിക്കുവാനായി ഫാർമസിസ്റ്റിന്റെ സേവനം വിനയോഗിക്കുകയുണ്ടായി. യു.കെ., കാനഡ, നെതർലൻഡ്‌സ്‌ തുടങ്ങിയ രാജ്യങ്ങൾ രോഗികൾക്ക് പ്രാഥമിക പരിചരണം നൽകുവാൻ ഫാർമസിസ്റ്റിന്റെ സേവനം വിനയോഗിക്കുകയുണ്ടായി.

കോവിഡ് 19 ന്റെ മൂന്നാം തരംഗത്തിലേക്ക് ലോകം പ്രവേശിച്ചപ്പോൾ ആശുപത്രികളെ സമീപിക്കുന്ന രോഗികളുടെ എണ്ണം വളരെയധികം വർദ്ധിച്ചതിനാൽ കോവിഡ് രോഗികളെയും മറ്റ് രോഗികളെയും ചികിത്സിക്കേണ്ട ചുമതല ഡോക്ടർമാർക്ക് ബാധ്യതയായി. കോവിഡ് രോഗികൾക്ക് മുൻഗണന നൽകിക്കൊണ്ട് മറ്റ് രോഗികളെ പലപ്പോഴും ഒഴിവാക്കിയിരുന്നു. ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന വിവിധ കാരണങ്ങളാൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ ജോലിഭാരവും കൂടിക്കൊണ്ടിരിക്കുകയാണ്. ഫാർമസിസ്റ്റുകളുടെ നിർണായക പങ്ക് മനസ്സിലാക്കി, യുകെ, കാനഡ, നെതർലാൻഡ്‌സ്, മറ്റ് രാജ്യങ്ങൾ എന്നിവ പ്രാഥമിക പരിചരണ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള കഴിവുകൾ വളർത്തിയെടുക്കുന്നതിനായി ശാക്തീകരിച്ചിട്ടുണ്ട് .

ഓസ്‌ട്രേലിയയിൽ റോയൽ ഫാർമസ്യൂട്ടിക്കൽ സൊസൈറ്റി (ആർ‌പി‌എസ്), ഫാർമസ്യൂട്ടിക്കൽ സൊസൈറ്റി ഓഫ് ഓസ്‌ട്രേലിയ (പി‌എസ്‌എ) പോലുള്ള പ്രൊഫഷണൽ സ്ഥാപനങ്ങൾ ജനറൽ പ്രാക്ടീസ് ഫാർമസിസ്റ്റുകൾക്കായി ഉത്തരവാദിത്തങ്ങളും കാര്യക്ഷമതയും സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കാനഡയിൽ അസോസിയേഷൻ ഓഫ് ഫാക്കൽറ്റിസ് ഓഫ് ഫാർമസി (എ‌എഫ്‌പി‌സി) ഫാർമസിസ്റ്റുകളുടെ സേവനം കമ്മ്യൂണിറ്റിയിലും പ്രൈമറി ഹെൽത്ത് കെയർ ടീമിലും പ്രാഥമിക ആരോഗ്യ പരിപാലന മേഖലയിലും വിനയോഗിച്ചിട്ടുണ്ട് . യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ പ്രൈമറി കെയറിൽ പ്രവർത്തിക്കുന്ന ഫാർമസിസ്റ്റുകളുടെ പങ്കാളിത്തവും കഴിവുകളും ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

പ്രധാനമായും തൊഴിൽ ശക്തിയുടെ കുറവ് നികത്താൻ 2019 മുതൽ ക്ലിനിക്കൽ ഫാർമസിസ്റ്റുകളെ പൊതു പ്രാക്ടീസിൽ സംയോജിപ്പിക്കാൻ യുണൈറ്റഡ് കിംഗ്ഡം നടപടികൾ എടുത്തിട്ടുണ്ട്. അതുപോലെ നെതർലൻഡ്‌സിൽ ക്ലിനിക്കൽ ഫാർമസിസ്റ്റ് ഇതിനകം തന്നെ ജനറൽ പ്രാക്ടീസിന്റെ ഭാഗമായിട്ടുണ്ട്. സൗദി അറേബ്യ പ്രാഥമിക പരിചരണത്തിനും, മുതിർന്നവരെയും കുട്ടികളെയും പരിചരിക്കുന്നതിനും ഫാർമസിസ്റ്റിന്റെ സേവനം വിനിയോഗിച്ചുവരുന്നു.

ആഗോളതലത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഫാർമസി വർക്ക്ഫോഴ്‌സ് നൽകുന്ന സേവനങ്ങൾക്കായി ഇന്റർനാഷണൽ ഫാർമസ്യൂട്ടിക്കൽ ഫെഡറേഷൻ (FIP) വികസിപ്പിച്ചെടുത്ത കോംപിറ്റൻസി അസസ്‌മെന്റ് ഫ്രെയിംവർക്കുകൾ മറ്റ് നിരവധി രാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ട്.

മേല്പറഞ്ഞവയെല്ലാമാണ് വിദേശരാജ്യങ്ങളിൽ ഫാർമസിസ്റ്റിനെ ശാക്തീകരിക്കുവാനായി ചെയ്തുവരുന്ന നടപടികൾ. എന്നാൽ ഇന്ത്യയിൽ ഒഡിഷ സർക്കാർ മാത്രമാണ് ഒരു ഉത്തരവ് വഴി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടറുടെ അഭാവത്തിൽ രോഗികൾക്ക് ചില പ്രത്യേക മരുന്നുകൾ നിർദ്ദേശിക്കാൻ ഫാർമസിസ്റ്റുകളെ അനുവദിക്കുന്നത്.

ഫാർമസിസ്റ്റുകൾ - WHO-യുടെ നിർവചനം

ആരോഗ്യ ക്ഷേമ പരിശോധനകൾ നടത്തൽ, വിട്ടുമാറാത്ത രോഗങ്ങൾ കൈകാര്യം ചെയ്യൽ, മരുന്ന് മാനേജ്‌മെന്റ് നടത്തൽ, പ്രതിരോധ കുത്തിവയ്പ്പുകൾ എന്നിവയുൾപ്പെടെ വിശാലമായ സേവനങ്ങൾ നൽകുന്ന ഉയർന്ന പരിശീലനം ലഭിച്ച ആരോഗ്യ പ്രൊഫഷണലുകളാണ് ഫാർമസിസ്റ്റുകൾ.

ഫാർമസിസ്റ്റുകൾ മരുന്നുകൾ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ദ്ധ്യം നേടിയവരാണ്. സുരക്ഷിതവും ഗുണമേന്മയുമുള്ള മരുന്നുകൾ നൽകുന്നതിലും രോഗികൾക്ക് ഉപദേശങ്ങൾ നൽകുന്നതിലും കാലികമായ അറിവുള്ളവരാണ് ഫാർമസിസ്റ്റുകൾ. അങ്ങനെ, ലോകമെമ്പാടുമുള്ള ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ ഫാർമസിസ്റ്റുകൾ ഒരു അവിഭാജ്യ പങ്ക് വഹിക്കുന്നുവെന്ന് കാണാൻ കഴിയും.

പകർച്ചവ്യാധികൾ അല്ലാത്ത അസുഖങ്ങളും സാധാരണമായി കണ്ടുവരുന്ന അസുഖങ്ങളും (Minor ailments), വാക്സിനേഷൻ, രക്തസമ്മർദ്ദം, പനി, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയെല്ലാം ഫാർമസിസ്റ്റുകൾക്ക് ചെയ്യാൻ കഴിയുന്നവയാണ്. ഇതിലേക്കായി വേണ്ടിവന്നാൽ ആവശ്യമായ പരിശീലനം ആരോഗ്യവകുപ്പ് വഴി നൽകാവുന്നതാണ്. കോവിഡ് പോലുള്ള പ്രത്യേക സാഹചര്യങ്ങൾ ഭാവിയിൽ ഉടലെടുക്കുകയാണെങ്കിൽ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ ഫാർമസിസ്റ്റുകളുടെ സേവനം പ്രയോജനപ്പെടുത്തുകയാണ് ഫാർമസിസ്റ്റ് ശാക്തീകരണത്തിനായി സർക്കാർ തലത്തിൽ ചെയ്യേണ്ടത്. അധികച്ചെലവുകൾ ഇല്ലാതെ സർക്കാരിന് ഇത് ചെയ്യാൻ കഴിയും. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം പൗരന്മാരുടെ ആരോഗ്യസംരക്ഷണം സർക്കാരിന്റെ ചുമതലയാണ്. ഇത് കാര്യക്ഷമമായി നടപ്പാക്കാൻ സഹായിക്കുന്ന ഫാർമസിസ്റ്റ് ശാക്തീകരണത്തിനു വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കേണ്ടതുണ്ട്.

(സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ, മുൻ ഡയറക്ടറാണ് ലേഖകൻ)

Content Highlights: World Pharmacist Day is observed annually on September 25, established by the International Pharmaceutical Federation (FIP).