പ്രതിവര്‍ഷം 80 ലക്ഷത്തിലധികം ആളുകളുടെ മരണത്തിന് കാരണം; വലിയ 'വില' കൊടുക്കേണ്ടി വരുന്ന പുകയില

'നിങ്ങള്ക്കിതെന്തു പറ്റി? ചിലയിടത്ത് പുക, ചിലയിടത്ത് ചാരം....' പരിഹാസത്തോടെയോ അവജ്ഞയോടെയോ നമ്മില്‍ അധികം പേരും തള്ളിക്കളയാറുള്ള പരസ്യങ്ങളിലൊന്നാണിത്. പുകയില നമ്മുടെ സമൂഹത്തില്‍ ഉണ്ടാക്കുന്ന മാരകമായ വിപത്തുകളിലേക്കൊന്ന് കണ്ണോടിച്ചു നോക്കാം.
ആഗോളതലത്തില്‍, പ്രതിവര്‍ഷം 80 ലക്ഷത്തിലധികം ആളുകള്‍ മരണപ്പെടുന്നതിന്റൈ പ്രധാന കാരണങ്ങളിലൊന്നാണ് പുകയില ഉപയോഗമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഇതില്‍ 70 ലക്ഷത്തിലധികം മരണങ്ങള് നേരിട്ടുള്ള പുകയില ഉപയോഗത്തിന്റെ ഫലമാണ്. അതേസമയം ഏകദേശം 1.2 ദശലക്ഷത്തിലധികം പേര് പുകവലിക്കാതെ തന്നെ പുകവലിയുടെ ഭാരം പേറേണ്ടി വരുന്നവരാണ്. കാന്‍സര്‍, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ തുടങ്ങിയ എല്ലാ സാംക്രമികേതര രോഗങ്ങളുടേയും (NCD) 16% ഉത്തരവാദി പുകയിലയാണ്.
പുകവലിയുടെ ആഗോള സാമ്പത്തിക ചെലവ് ഏകദേശം 1.4 ട്രില്യണ്‍ (ലക്ഷം കോടി) ആണെന്ന് കണക്കാക്കപ്പെടുന്നു. ഇത് ലോകത്തിന്റെ വാര്‍ഷിക ജിഡിപിയുടെ 1.8% ന് തുല്യമാണ്. ആരോഗ്യം സംബന്ധിച്ച ചെലവുകള്‍, അകാല മരണങ്ങള്, നമുക്ക് നഷ്ടമാകുന്ന ഉത്പാദനക്ഷമത തുടങ്ങിയ നഷ്ടങ്ങള്‍ വേറെയും.
ഇന്ത്യയില്‍, ഈ സാഹചര്യം ഇതിലേറെ ഭയാനകമാണ്. ലോകത്ത് പുകയിലയുടെ രണ്ടാമത്തെ വലിയ ഉപഭോക്താവും ഉത്പാദകരുമാണ് ഇന്ത്യ. ഗ്ലോബല്‍ അഡള്‍ട്ട് ടുബാക്കോ സര്‍വേ (GATS) 2016-17 റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ മുതിര്‍ന്നവരില്‍ 28.6 % പേരും ഏതെങ്കിലും രൂപത്തില്‍ പുകയില ഉപയോഗിക്കുന്നവരാണ്. പുകയില്ലാത്ത പുകയില ഉപയോക്താക്കളുടെ എണ്ണം 19.99 കോടിയാണ്. പുകവലിക്കാരായി 10 കോടി പേരും. ഇന്ത്യയില്‍ പുകയില ഉപയോഗം ഓരോ വര്‍ഷവും ഏകദേശം 1.35 കോടി മരണങ്ങള്‍ക്കാണ് കാരണമാകുന്നത്.
ആരോഗ്യ സൂചകങ്ങളുടെ കാര്യത്തില്‍ പലപ്പോഴും മുന്‍പന്തിയില്‍ നില്ക്കുന്ന കേരളം പുകവലിയുടെ കാര്യത്തില്‍ വലിയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ആരോഗ്യ സര്‍വെകള്‍ അനുസരിച്ച് നമ്മുടെ സംസ്ഥാനത്ത് മുതിര്‍ന്നവരില്‍ ഏകദേശം 12.7 % പേര് പുകയില ഏതെങ്കിലും രൂപത്തില്‍ ഉപയോഗിക്കുന്നവരാണ്. പുകവലിയെക്കാള്‍ പുകയില്ലാത്ത പുകയിലയാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. സിഗരറ്റ് ആന്റ് അദര്‍ ടുബാക്കോ പ്രൊഡക്ട്സ് ആക്ട് (COTPA) നടപ്പാക്കലും നിരവധി ബോധവല്‍ക്കരണ കാമ്പെയ്നുകളും ഉള്‍പ്പെടെ വിവിധ നടപടികളിലൂടെ സംസ്ഥാനത്തിന് പുകയില നിയന്ത്രണത്തില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം പുകയില ഉത്പന്നങ്ങളുടെ വില്പന നിരോധിക്കുന്നതിലും നിയമലംഘനങ്ങള്‍ക്ക് കര്‍ശനമായ ശിക്ഷ നടപ്പാക്കുന്നതിലും കേരളം മുന്‍കൈയെടുത്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ ജനസംഖ്യയില്‍ പുകയില ഉപയോഗത്തില്‍ ഗണ്യമായ കുറവുണ്ടാക്കിയെങ്കിലും കണക്കില്‍പ്പെടാത്ത പുകവലിക്കാരുടെയും മറ്റു പുകയില ഉപയോഗക്കാരുടെയും എണ്ണം കൂടി നോക്കിയാല്‍ ഞെട്ടിപ്പോകുന്ന അവസ്ഥയിലാണ് കേരളവും എന്ന് മനസ്സിലാക്കാം. പുതുതലമുറയില്‍ ഏതെങ്കിലും വിധത്തിലുള്ള ലഹരി പരീക്ഷിക്കുകയെങ്കിലും ചെയ്തിട്ടില്ലാത്തവരുടെ എണ്ണം കുറഞ്ഞുവരുന്നുവെന്നതുകൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കാം.
പുകയിലയുടെ ഭാരം കുറയ്ക്കുന്നതിലും ആത്യന്തികമായി ദശലക്ഷക്കണക്കിന് ജീവന് രക്ഷിക്കുന്നതിലും ലോകമെമ്പാടുമുള്ള ആരോഗ്യനിലവാരം മെച്ചപ്പെടുത്തുന്നതിലും ആഗോളവും പ്രാദേശികവുമായ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന അവസരമായി ലോക പുകയില വിരുദ്ധ ദിനം വര്‍ത്തിക്കുന്നു. എല്ലാ വര്‍ഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകയില ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതിനും പുകയില ഉപഭോഗം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ നയങ്ങള്‍ക്കായി വാദിക്കുന്നതിനുമായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള ഒരു സംരംഭമാണ് ഈ ദിനാചരണവും അനുബന്ധ പരിപാടികളും.
'പുകയില വ്യവസായത്തിന്റെ സ്വാധീനവലയത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുക' എന്നതാണ് ഈ വര്‍ഷത്തെ പുകയില വിരുദ്ധദിന സന്ദേശം. പുകയില ഉപയോഗം പൊതുജനാരോഗ്യത്തിന് കാര്യമായ ഭീഷണിയാണെന്ന സന്ദേശം ഊട്ടിയുറപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പുകയില ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി, ഗ്രാഫിക് ഹെല്‍ത്ത് മുന്നറിയിപ്പുകള്‍, പൊതു പുകവലി നിരോധനം, ശക്തമായ പുകയില വിരുദ്ധ കാമ്പെയ്നുകള്‍ എന്നിവയുള്‍പ്പെടെ സമഗ്രമായ പുകയില നിയന്ത്രണ നയങ്ങള്‍ കൂടുതല്‍ കര്‍ക്കശമായി നടപ്പിലാക്കുകയും വേണം.
(തലശ്ശേരി മിഷന് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റാണ് ലേഖകന്‍)
Content Highlights: world no tobacco day 2024