ശൈത്യകാലത്തെ തലവേദനയും ക്ഷീണവും, ഇതാകാം കാരണം; കരുതല്‍വേണം

Representational Image : Canva.com
Representational Image : Canva.com

വേനല്‍ക്കാലത്ത് മാത്രമാണ് നിര്‍ജലീകരണം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് എന്നായിരിക്കും ഒട്ടുമിക്ക ആളുകളുടേയും ധാരണ. എന്നാല്‍ ശൈത്യകാലവും നിര്‍ജലീകരണത്തിനിടയാക്കുകയും നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യും. ശൈത്യകാലത്ത് താപനില കുറയുന്നത് ശരീരം വിയര്‍ക്കുന്നത് കുറയ്ക്കും. കൂടാതെ ഇക്കാലത്ത് വെള്ളം കുടിയ്ക്കുന്നത് കുറയുകയും ചെയ്യും. എന്നാല്‍ ശ്വസനത്തിലൂടെയും ത്വക്കിലൂടേയും മറ്റ് ശരീരഭാഗങ്ങളിലൂടേയും ശരീരദ്രവങ്ങള്‍ നഷ്ടപ്പെടുന്നു. അതിനാല്‍ത്തന്നെ തണുപ്പുകാലത്തും ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്ന കാര്യത്തില്‍ ശ്രദ്ധ ആവശ്യമാണ്. 

ശീതകാലത്ത് പൊതുവേ അനുഭവപ്പെടുന്ന ചില ആരോഗ്യപ്രശ്‌നങ്ങള്‍ അറിഞ്ഞിരിക്കാം.

1. ക്ഷീണവും ബലഹീനതയും: നിര്‍ജലീകരണം മൂലം തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടാം. നിങ്ങളുടെ പേശികളുടേയും മറ്റ് അവയവങ്ങളുടേയും പ്രവര്‍ത്തനത്തെ നിര്‍ജലീകരണം ബാധിക്കുന്നതുകൊണ്ടാണ് ശരീരത്തിന് ക്ഷീണം അനുഭവപ്പെടുന്നത്. കാലാവസ്ഥയുടെ പ്രത്യേകതയും അലസതയ്ക്ക് കാരണമായേക്കാമെങ്കിലും ശരീരത്തിന് ആവശ്യമായ അളവില്‍ വെള്ളം കുടിയ്ക്കാന്‍ മറക്കരുതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

2. വരണ്ട ചര്‍മവും ചുണ്ടും: നിര്‍ജലീകരണം പ്രധാനമായും മനസ്സിലാക്കാനാകുന്നത് വരണ്ട ചര്‍മക്കാരിലാണ്. ശൈത്യകാലത്ത് വരണ്ട ചര്‍മമുള്ളവരില്‍ അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാകുന്നത് പതിവാണ്. ചുണ്ടുകള്‍ വരളുന്നതും പൊട്ടുന്നതും തണുപ്പുകാലത്ത് സാധാരണമാണ്. കാലുകളും വിണ്ടുകീറുന്നതും തണുപ്പുകാലത്താണ്. ത്വക്ക് വരണ്ട് പൊട്ടുന്നത് പലരിലും വേദനാജനകമായിത്തീരാറുമുണ്ട്. 

3. മൂത്രത്തിന്റെ അളവ് കുറയുന്നു: വെള്ളം കുടിയ്ക്കുന്നതിന്റെ അളവില്‍ കുറവുവരുന്നതോടെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കാനുള്ള പ്രവണത ശരീരം കാണിക്കും. ഇത് മൂത്രത്തിന്റെ അളവ് സ്വാഭാവികമായും കുറയുന്നതിന് കാരണമാകാറുണ്ട്. മൂത്രത്തിന്റെ നിറത്തിലുണ്ടാകുന്ന വ്യത്യാസം നിര്‍ജലീകരണത്തിന്റെ ഒരു സൂചനയാണ്. നിര്‍ജലീകരണം മൂലം മൂത്രത്തിന്റെ നിറം കൂടുതല്‍ മഞ്ഞനിറത്തിലാക്കാറുണ്ട്. ശൈത്യത്തില്‍ പൊതുവേ ദാഹം കുറയുന്നതിനാല്‍ പലപ്പോഴും ഈ ലക്ഷണങ്ങള്‍ അവഗണിക്കുന്നതിനിടയാക്കും. 

4. തലവേദന: ശരീരത്തിലെ ജലാംശം കുറയുന്നത് മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും തലവേദനയും തലചുറ്റലും അനുഭവപ്പെടുന്നതിന് കാരണമാകുകയും ചെയ്യും. തണുപ്പുകാലത്തെ  തലവേനയ്ക്ക് പിന്നില്‍ ജലദോഷമോ സൈനസ് അണുബാധയോ ആണെന്നാണ് പലപ്പോഴും കരുതുക. എന്നാല്‍ നിര്‍ജലീകരണം തലവേദനയ്ക്ക് പിന്നിലെ പ്രധാനകാരണമാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ഓര്‍മ്മിപ്പിക്കുന്നു. 

5. വായിലെ വരള്‍ച്ചയും ദാഹക്കുറവും: വരണ്ടിരിക്കുന്ന വായ ശരീരത്തിലെ നിര്‍ജലീകരണത്തിന്റെ പ്രധാനലക്ഷണമാണ്. വേനല്‍ക്കാലത്തെ അപേക്ഷിച്ച് ശൈത്യകാലത്ത് ദാഹം കുറവായിരിക്കും. വായ വരണ്ടിരിക്കുന്നത് നിര്‍ജലീകരണത്തെ സൂചിപ്പിക്കുകയും അത് കണക്കിലെടുത്ത് ധാരാളം വെള്ളം കുടിയ്ക്കുകയും വേണം. ദാഹത്തെ അവഗണിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും. 

തണുപ്പുകാലത്തെ നിര്‍ജലീകരണം ഏതുവിധത്തില്‍ പ്രതിരോധിക്കം? 

  • ആവശ്യാനുസരണം വെള്ളം കുടിയ്ക്കുക. ദാഹം അനുഭവപ്പെടുന്നില്ലെങ്കില്‍ പോലും ദിവസേന 2-3 ലിറ്റര്‍ വെള്ളം തീര്‍ച്ചയായും കുടിയ്ക്കണം. 
  • ജലാശം പ്രദാനം ചെയ്യുന്ന തരത്തിലുള്ളവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. സൂപ്പുകള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ തീര്‍ച്ചയായും ഭക്ഷണത്തിലുള്‍പ്പെടുത്തേണ്ടതുണ്ട്. 
  • ഔഷധഗുണമുള്ള പാനീയങ്ങള്‍, ചൂടുവെള്ളം എന്നിവ കുടിയ്ക്കാം. 
  • മുറിയ്ക്കുള്ളില്‍ ഹ്യുമിഡിഫൈയര്‍ ഉപയോഗിക്കാം. ഇത് ത്വക്കിലൂടേയും ശ്വസനത്തിലൂടേയുമുള്ള ജലാംശനഷ്ടം കുറയ്ക്കാന്‍ സഹായിക്കും.  
     

Content Highlights: Learn about Winter dehydration, its symptoms and how to prevent it.