വൈറൽ ഹെപ്പറ്റൈറ്റിസ് മൂലം ഓരോദിവസവും മരിച്ചുവീഴുന്നത് 3000 പേർ ! നിസ്സാരമാക്കരുത് ലക്ഷണങ്ങൾ

നമ്മുടെ ശരീരത്തിലെ കരൾ കോശങ്ങളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് കരൾ വീക്കം അഥവാ വൈറൽ ഹെപ്പറ്റൈറ്റിസ് (viral hepatitis). മറ്റു പലകാരണങ്ങൾകൊണ്ടും കരൾവീക്കം ഉണ്ടാകാമെങ്കിലും വൈറസ് ബാധമൂലമുള്ള കരൾവീക്കം വളരെയധികം പ്രാധാന്യമർഹിക്കുന്നു.
പ്രധാനമായും അഞ്ചുതരത്തിലുള്ള വൈറസുകളാണ് കരൾ കോശങ്ങളെ മാത്രം സവിശേഷമായി ബാധിച്ച് കരൾ വീക്കം ഉണ്ടാക്കുന്നത്. ഇവയെ ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ (Hepatitis A, B, C, D, E) എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഇവയിൽ ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) എന്നീ വകഭേദങ്ങളാണ് ഏറ്റവും കൂടുതലായി രോഗികളിൽ കണ്ടുവരുന്നത്. ഈ രണ്ട് വൈറസുകൾ കാരണം മാത്രം പതിമൂന്ന് ലക്ഷത്തിലധികം രോഗികൾ എല്ലാ വർഷവും മരണപ്പെടുകയും ഏകദേശം മുപ്പതു ലക്ഷത്തിലധികം ആളുകൾ പുതുതായി രോഗബാധിതരാവുകയും ചെയ്യുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ആയതിനാൽ സമൂഹത്തിൽ ഇതേപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടി ആഗോളതലത്തിൽ എല്ലാവർഷവും ജൂലൈ ഇരുപത്തെട്ടിന് (July 28th), ലോക കരൾ വീക്കദിനം അഥവാ World Hepatitis Day ആയി ആചരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ (WHO) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വൈറൽ ഹെപ്പറ്റൈറ്റിസുമായി ബന്ധപ്പെട്ട അസുഖങ്ങൾ മൂലം ഓരോ ദിവസവും 3000 പേര്‍ വീതം മരിച്ചു വീഴുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്ന് ലോകത്ത് നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ ഈ സമൂഹത്തിൽ “നാം പ്രവർത്തിക്കേണ്ട സമയം ആയിരിക്കുന്നു”. അഥവാ “Its time for action” എന്നതാണ് ഈ വർഷത്തെ World Hepatitis Day സന്ദേശമായി നൽകിയിരിക്കുന്നത്. എന്താണ് ഈ സന്ദേശത്തിന്റെ യഥാർഥ ഉദ്ദേശ ലക്ഷ്യങ്ങൾ എന്ന് കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാന്‍ ശ്രമിക്കാം.
ഹെപ്പറ്റൈറ്റിസ് ടെസ്റ്റുകളും രോഗിനിർണയത്തിനുള്ള സൗകര്യങ്ങളും വിപുലമാക്കുന്നതിലൂടെ കൂടുതൽ രോഗികൾക്ക് ചികിത്സ സാദ്ധ്യമാക്കുന്ന സാഹചര്യം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ തുടക്കം കുറിക്കുക. വാക്‌സിനേഷനിലൂടെയും അവബോധ പ്രവർത്തങ്ങളിലൂടെയും ഹെപ്പറ്റൈറ്റിസ് പ്രതിരോധ പ്രവർത്തനങ്ങൾ ശാക്തീകരിക്കനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുക. ഹെപ്പറ്റൈറ്റിസ് രോഗനിർണ്ണയവും ചികിത്സയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കും സാമൂഹികാ ചികിത്സാ സംവിധാനങ്ങളിലേക്കും ലഭ്യമാക്കുന്നതിലൂടെ കൂടുതൽ പേരിലേക്ക് ചികിത്സ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾക്കു തുടക്കമിടുക.
കൂടുതൽ സാമൂഹികവും സാമ്പത്തികവുമായ ഇടപെടലുകളിലൂടെ ഹെപ്പറ്റൈറ്റിസ് പ്രതിരോധ ചികിത്സാ പ്രവർത്തനങ്ങളും നിർമ്മാർജന യജ്ഞവും ഊർജിതമാക്കുക.അതായത് ഹെപ്പറ്റൈറ്റിസിന് എതിരെയുള്ള പ്രവർത്തനങ്ങളിൽ ടെസ്റ്റിങ്ങിനും ചികിത്സയ്ക്കും വാക്‌സിനേഷനും കൂടുതൽ പ്രാമുഖ്യം നൽകി ഹെപ്പറ്റൈറ്റിസ് മുക്ത ലോകം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്.
ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
വിവിധതരം ഹെപ്പറ്റൈറ്റിസുകൾ (Hepatitis A, B, C, D, E)
ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C)
വൈറൽ ഹെപ്പറ്റൈറ്റിസിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്നതും സങ്കീർണതകൾ നിറഞ്ഞതും ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) എന്നിവയാണ്. രോഗബാധിതരായ ആളുകളുടെ രക്തം, മറ്റു ശരീരസ്രവങ്ങൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് ഈ രോഗങ്ങൾ പ്രധാനമായും പകരുന്നത്. രോഗിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർക്കും രോഗബാധിതയായ അമ്മയിൽ നിന്നു കുഞ്ഞുങ്ങളിലേക്കും ഈ രോഗം പകരാവുന്നതാണ്. ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) എന്നിവ ചില രോഗികളിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന ക്രോണിക് ഹെപ്പറ്റൈറ്റിസ് (Chronic Hepatitis) എന്ന അസുഖത്തിന് കാരണമാവുകയും കാലക്രമേണ ഇവ സിറോസിസ് (Cirrhosis), ലിവർ കാൻസർ(Liver cancer) തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങൾ ഉടലെടുക്കാൻ നിമിത്തമാവുകയും ചെയ്യുന്നു.
ഹെപ്പറ്റൈറ്റിസ് ഡി (Hepatitis D)
ഹെപ്പറ്റൈറ്റിസ് ബി (Hepatitis B) രോഗികളെ മാത്രം ബാധിക്കുന്ന വൈറസാണ് ഹെപ്പറ്റൈറ്റിസ് ഡി (Hepatitis D) വൈറസ്. ഒരുമിച്ചുള്ള ഹെപ്പറ്റൈറ്റിസ് ബി - ഡി (Hepatitis B - D) രോഗബാധ (Co-infection / Super infection) വളരെ തീവ്രതയുള്ളതും സങ്കീർണവുമാണ്.
ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസ് (Hepatitis A, E virus)
വൈറസ് ബാധയാൽ മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണപദാർഥങ്ങളിലൂടെയോ ആണ് ഈ രോഗങ്ങൾ പകരുന്നത്. ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) എന്നിവയെ അപേക്ഷിച്ച് സാധാരണ ഗതിയിൽ ദീർഘകാല സങ്കീർണതകൾക്ക് ഈ രോഗങ്ങൾ കാരണമാകാറില്ല.
രോഗലക്ഷണങ്ങൾ
മഞ്ഞപ്പിത്തം, ശരീരക്ഷീണം, വയറുവേദന, പനി, വിശപ്പില്ലായ്മ തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ഒരു ഡോക്ടറുടെ സേവനം തേടുകയും ആവശ്യമെങ്കിൽ ടെസ്റ്റുകൾക്ക് വിധേയനാകേണ്ടതുമാണ്.
ചികിത്സാമാർഗങ്ങൾ
ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) രോഗങ്ങൾക്ക് ഫലപ്രദമായ ആന്റിവൈറൽ ചികിത്സ ഇന്നു ലഭ്യമാണ്. ചികിത്സ കൃത്യസമയത്തു സ്വീകരിക്കുന്നതിലൂടെ രോഗം ഭേദമാക്കുന്നതിനും സിറോസിസ്, ലിവർ കാൻസർ തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങൾ ഉടലെടുക്കുന്നത് തടയുന്നതിനും കഴിയും. ഹെപ്പറ്റൈറ്റിസ് എ, ഇ (Hepatitis A, E) രോഗങ്ങൾക്ക് പ്രത്യേക ആന്റിവൈറൽ മരുന്നുകൾ ആവശ്യമില്ല. കൃത്യമായ രോഗീ പരിചരണത്തിലൂടെയും കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിനുള്ള ചികിത്സയിലൂടെയും ഈ രോഗങ്ങളെ നമുക്കു കീഴ്‌പ്പെടുത്താനാവും.
എങ്ങനെ പ്രതിരോധിക്കാം?
1. ശുചിത്വമുള്ള ആഹാരം, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ ഉറപ്പാക്കുന്നതിലൂടെ ഹെപ്പറ്റൈറ്റിസ് എ, ഇ (Hepatitis A, E) രോഗബാധ തടയാന്‍ കഴിയും. പ്രത്യേകിച്ചും യാത്രാവേളകളിൽ വൃത്തിഹീനമായ സാഹചര്യത്തിൽ നിന്നുള്ള ഭക്ഷണം, വെള്ളം എന്നിവ ഒഴിവാക്കേണ്ടതാണ്.
2. ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) രോഗങ്ങൾ പ്രതിരോധിക്കുന്നതിന് താഴെ പറയുന്ന മാർഗങ്ങൾ സ്വീകരിക്കാം.
- രക്തവുമായി സമ്പർക്കത്തിൽ വരുന്ന ഉപകരണങ്ങൾ (സൂചികൾ, ആശുപത്രി ഉപകരണങ്ങൾ എന്നിവ) ഒരിക്കൽ മാത്രം ഉപയോഗിക്കുന്നു വെന്ന് ഉറപ്പുവരുത്തുക. •
- ഷേവിംഗ് സെറ്റ്, ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കുവയ്ക്കാതിരിക്കുക.
- ടാറ്റു, അക്യുപങ്ചർ (tattoo, acupuncture) തുടങ്ങിയവ സുരക്ഷിതമായ സ്ഥലങ്ങളിൽ നിന്നു മാത്രം സ്വീകരിക്കുക.
- സുരക്ഷിതമായ ലൈംഗിക ബന്ധത്തിൽ മാത്രം ഏർപ്പെടുക.
- രോഗസാധ്യതയുള്ള സാഹചര്യത്തിലൂടെ കടന്നു പോകുന്നവര്‍ ഹെപ്പറ്റൈറ്റിസിന്റെ സ്‌ക്രീനിംഗ് ടെസ്റ്റുകൾക്ക് വിധേയരാവുക.
3. വാക്‌സിനുകൾ
ഹെപ്പറ്റൈറ്റിസ് എ (Hepatitis A), ഹെപ്പറ്റൈറ്റിസ് ബി (Hepatitis B) രോഗങ്ങൾക്ക് ഫലപ്രദമായ വാക്‌സിനുകൾ ഇന്നു ലഭ്യമാണ്. അവ സ്വീകരിച്ച് രോഗം പകരുന്നത് ഒഴിവാക്കാം.
വൈറൽ ഹെപ്പറ്റൈറ്റിസിനെക്കുറിച്ചുള്ള ശരിയായ അവബോധം വ്യക്തികളിൽ സൃഷ്ടിക്കപ്പെടുന്നതോടെ ഈ രോഗത്തെ നമുക്ക് പൂർണമായും നിയന്ത്രിച്ചു നിർത്താൻ സാധിക്കും.
പട്ടം എസ്.യു.ടി. ഹോസ്പിറ്റലിൽ കൺസൾട്ടന്റ് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ആണ് ലേഖകൻ.
Content Highlights: what is viral hepatitis world hepatitis day