പല്ലിന് കമ്പിയിടൽ ചികിത്സ എത്രാമത്തെ വയസ്സിൽ ചെയ്തു തുടങ്ങാം ?

എല്ലാ പുഞ്ചിരിയും മനോഹരമാണ്. നമ്മൾ ആത്മവിശ്വാസത്തോടെ ചിരിക്കുമ്പോൾ കാണുന്നവരിലേക്കും അതുപടരും. മനസ്സുനിറഞ്ഞ് ചിരിക്കുന്നത് കുട്ടികളാണെങ്കിൽ അത് കാണുമ്പോൾ കിട്ടുന്ന സന്തോഷത്തിന് അതിരുകളുണ്ടാവില്ല. എന്നാൽ പലപ്പോഴും വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ഉണ്ടാകുന്ന മുഖ വൈകല്യങ്ങൾ കൊണ്ടും ദന്ത വൈകല്യങ്ങൾ കൊണ്ടും അവരുടെ ചിരിക്ക് മങ്ങലേൽക്കാറുണ്ട്. അത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ തേടി നിങ്ങൾ ഒരുപാട് അലഞ്ഞിട്ടുണ്ടോ? നിങ്ങളുടെ കുട്ടിയുടെ പല്ലും ചുണ്ടും കവിളും താടിയെല്ലുകളും എല്ലാം ഏറ്റവും അനുയോജ്യമായ രീതിയിൽ ഒരുമിച്ചു ചേർന്നുള്ള മനോഹരമായ ഒരു ചിരി നിങ്ങൾ ആഗ്രഹിച്ചിട്ടില്ലേ. അത് എങ്ങനെ സാധ്യമാക്കാം എന്നറിയാൻ ചില അറിവുകൾ നിങ്ങളുമായി പങ്കുവെക്കാം.
പല്ലിന്റെ നിറവും ക്രമീകരണവും മുഖത്തെ എല്ലുകളുടെ വളർച്ചയും മുഖപേശികളുടെ ചലനവും എല്ലാം ഒരു പുഞ്ചിരി പൂർണ്ണമാക്കുന്നതിന്റെ പിന്നിലെ പ്രധാന ഘടകങ്ങളാണ്. അങ്ങനെയൊരു പുഞ്ചിരിയിലേക്ക് എത്താനും ആവശ്യമെങ്കിൽ ചികിത്സ നൽകാനും ഒരു ദന്തരോഗവിദഗ്ദ്ധന് കഴിയും.
പല്ലിന് കമ്പിയിടൽ ചികിത്സ എത്രാമത്തെ വയസ്സിൽ ചെയ്തു തുടങ്ങാം എന്നുള്ളത് ഒരുപാട് പേരുടെ സംശയമാണ്. അതേക്കുറിച്ച് പറയുന്നതിനു മുമ്പ് പല്ലുകളിൽ കമ്പിയിടേണ്ട സാഹചര്യം എങ്ങനെയുണ്ടാകുന്നു എന്നും ഏതൊക്കെ മാർഗ്ഗങ്ങളിലൂടെ നമുക്കവ സങ്കീർണ്ണമായ അവസ്ഥയിലേക്കു പോകാതെ തടയാൻ കഴിയും എന്നും മനസ്സിലാക്കേണ്ടതുണ്ട്.
വൈകല്യങ്ങൾ ഉണ്ടായിക്കഴിഞ്ഞ് അവ ചികിത്സിക്കുന്നതിനേക്കാൾ എത്രയോ എളുപ്പമാണ് അവ ഉണ്ടാവാതെ സൂക്ഷിക്കുന്നത്. അല്ലെങ്കിൽ ഇനി മുതൽ നമുക്ക് പറഞ്ഞു തുടങ്ങാം ആ പ്രതിരോധ മാർഗങ്ങൾ തന്നെയാണ് ചികിത്സ എന്ന്.
ഈ വൈകല്യങ്ങൾ എന്താണ്, എങ്ങനെയാണ് അവ ഉണ്ടാകുന്നത്, കുട്ടികളുടെ അത്തരം വൈകല്യങ്ങൾ മാതാപിതാക്കൾക്ക് എങ്ങനെ മനസ്സിലാക്കാം, എങ്ങനെ അവ ഉണ്ടാകുന്നത് തടയാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കണം.
മനുഷ്യർക്ക് രണ്ടുതരത്തിലുള്ള പല്ലുകളാണുള്ളത്. പാൽപ്പല്ലുകളും സ്ഥിരം പല്ലുകളും. ആറു മാസം മുതൽ മൂന്നു വയസ്സുവരെ മുളച്ചു വരുന്ന 20 പല്ലുകൾ പാൽപ്പല്ലുകളാണ്. ആ പല്ലുകൾ പിന്നീട് വിവിധ സമയങ്ങളിലായി കൊഴിഞ്ഞുപോയി ഏതാണ്ട് 14 വയസ്സ് ആകുമ്പോഴേക്കും 28 സ്ഥിരം പല്ലുകൾ അവയുടെ സ്ഥാനത്ത് മുളച്ചുവരും.
പാൽപ്പല്ലുകൾക്കിടയിലെ വിടവുകൾ സ്വാഭാവികമായി ഉണ്ടാവുന്നതാണ്. വിടവുകൾ ഇല്ല എങ്കിൽ പാൽപ്പല്ലുകളെക്കാൾ വലിപ്പക്കൂടുതൽ ഉള്ള സ്ഥിരം പല്ലുകൾ മുളച്ചു വരുമ്പോൾ അവയ്ക്ക് സ്ഥലക്കുറവുണ്ടാകും. സ്ഥിരം പല്ലുകൾ നിര തെറ്റി വരാനുള്ള സാധ്യതയും കൂടും. സ്ഥിരം പല്ലുകൾ ക്രമമായി മുളച്ചു വരാനുള്ള വഴികാട്ടികളാണ് പാൽപ്പല്ലുകൾ. ആഹാരം നന്നായി ചവച്ചരയ്ക്കുന്നതിനും സംസാരശേഷിയുടെ വികസനത്തിനും അവ സഹായിക്കും.
6 മുതൽ 12 വരെയുള്ള പ്രായത്തിൽ കുട്ടികളിൽ പാൽപ്പല്ലുകളും സ്ഥിരം പല്ലുകളും ഒരുമിച്ച് കാണപ്പെടും. പാൽപ്പല്ലുകൾ അവയുടെ ക്രമമനുസരിച്ച് പൊഴിഞ്ഞ് ആ സ്ഥാനത്ത് സ്ഥിരം പല്ലുകൾ മുളച്ചു വരുന്നത് ഈ ഒരു കാലയളവിലാണ്. ചില സന്ദർഭങ്ങളിൽ പാൽപ്പല്ലുകൾ പൊഴിയേണ്ട സമയമാകുമ്പോൾ പൊഴിയാതിരിക്കുകയും അതിന്റെ വശങ്ങളിൽക്കൂടി സ്ഥിരം പല്ലുകൾ നിരതെറ്റി മുളച്ചു വരികയും ചെയ്യാറുണ്ട്. പൊഴിഞ്ഞു പോകേണ്ട സമയമായിട്ടും പാൽപ്പല്ലിനെ അവിടെത്തന്നെ നിലനിൽക്കാൻ അനുവദിച്ചാൽ ദന്തക്രമീകരണം തെറ്റുകയും കുട്ടിയുടെ മുഖത്തിന് അഭംഗിയും മറ്റു പല ദന്ത സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. പാൽപ്പല്ലുകൾ പൊഴിയുന്നതിനോടൊപ്പം സ്ഥിരം പല്ലുകൾ മുളച്ചു വന്ന് പുനക്രമീകരണം നടക്കുന്ന ഈ പ്രായത്തിൽ മേൽതാടിയിലെ മുൻ നിരയിലെ പല്ലുകൾ പൊങ്ങിയും വിടവുകളോടുകൂടിയും കാണപ്പെടാറുണ്ട്. ഇത് 'Ugli Duckling Stage' എന്നു പറയുന്ന താൽക്കാലിക അവസ്ഥയാണ്. അതിൽ അസ്വസ്ഥരാവേണ്ട കാര്യമില്ല. എന്നാൽ ഇതേ സമയത്ത് കുട്ടികളിൽ മറ്റുചില ദന്ത വൈകല്യങ്ങൾ കാണപ്പെടാറുണ്ട്. അത്തരം അസ്വാഭാവികമായ വൈകല്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദന്തരോഗ വിദഗ്ധന്റെ സഹായം തേടേണ്ടതാണ്.
വൈകല്യങ്ങളെ ചെറിയ പ്രായത്തിൽ തന്നെ കണ്ടറിഞ്ഞ് ചികിത്സിക്കാൻ പറ്റും എന്നുള്ളത് ആധുനിക വൈദ്യശാസ്ത്രം മുന്നോട്ട് വെക്കുന്ന വലിയൊരു സാധ്യതയാണ്. അതിനെ കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിഞ്ഞാൽ കുട്ടികളുടെ താടിയെല്ലുകളുടെയും പല്ലുകളുടെയും ക്രമീകരണങ്ങളിൽ ഉണ്ടാകുന്ന വൈകല്യങ്ങൾ കൂടുതൽ മോശമായ അവസ്ഥയിലേക്ക് പോകാതെ ചികിത്സിച്ചു ഭേദമാക്കാൻ പറ്റും. അതിനായി ഇത്തരം മുഖ-ദന്ത വൈകല്യങ്ങൾക്ക് കാരണമാകുന്ന കുട്ടികളിലെ ചില ദുശ്ശീലങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ട്. ഇത്തരം ശീലങ്ങൾ ഒന്നും ഇല്ലെങ്കിലും ചിലപ്പോൾ മുഖദന്തവൈകല്യങ്ങൾ ഉണ്ടാവാറുണ്ട്.
വിരൽ കുടിക്കൽ, വായിൽക്കൂടിയുള്ള ശ്വസനം, നാക്ക് തള്ളൽ, ചുണ്ട് കടിക്കൽ, ചുണ്ട് കുടിക്കൽ, പല്ലിറുമ്മൽ, നഖം കടിക്കൽ എന്നിവ കുട്ടികളിൽ കാണുന്ന ചില ദുശ്ശീലങ്ങളാണ്. ഒരു ഘട്ടം വരെ ഈ ശീലങ്ങൾ സ്വഭാവികമാണ്. ചികിത്സയൊന്നും ആവശ്യമില്ല. പക്ഷെ ഇവ പതിവുകളായി മാറുമ്പോഴാണ് അവ മുഖവൈകല്യങ്ങൾക്കും ദന്തവൈകല്യങ്ങൾക്കും കാരണമാകുന്നത്. ഈ സ്വഭാവശീലങ്ങളെ തടയാൻ അവയുടെ അടിസ്ഥാനകാരണങ്ങൾ എന്താണെന്നു കൂടി കണ്ടുപിടിക്കേണ്ടതുണ്ട്.
കുട്ടികളുടെ താടിയെല്ലിലെ അസ്ഥികൾ വളരെ മൃദുവാണ്, അതിനാൽ അത്തരം ശീലങ്ങൾ അവർ തുടരുകയാണെങ്കിൽ, മൃദുവായ താടിയെല്ലുകളുടെ ആകൃതി അതിൽ പ്രയോഗിക്കുന്ന ശക്തിയനുസരിച്ച് മാറും. അതിനാൽ ഇത്തരം ശീലങ്ങൾ തുടരുന്നതിന്റെ അനന്തരഫലങ്ങൾ കുട്ടിക്കും മാതാപിതാക്കൾക്കും മനസ്സിലാക്കിക്കൊടുത്തുകൊണ്ട് ഈ ശീലങ്ങൾ അവസാനിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ ചില കുട്ടികൾക്ക് ഈ ശീലം ഇല്ലാതാക്കാൻ ചില ഉപകരണങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള ചികിത്സ ആവശ്യമാണ്. അത്തരം ഉപകരണങ്ങളെ ഹാബിറ്റ് ബ്രേക്കിങ് അപ്ലയൻസസ്(Habit Breaking Appliances)എന്ന് വിളിക്കുന്നു.
ടങ് ക്രിബ് (Toung Crib) എന്നുപറയുന്ന ഉപകരണം അത്തരത്തിലൊന്നാണ്. കുട്ടിയുടെ വായയുടെ അളവെടുത്ത് അതിന് യോജിക്കുന്ന രീതിയിൽ ഈ ഉപകരണം തയ്യാറാക്കി വായ്ക്കുള്ളിൽ ഘടിപ്പിക്കാവുന്നതാണ്. പ്രത്യേകമായി അളവെടുത്തു തയ്യാറാക്കുന്നത് കൊണ്ട് വേദനയും മറ്റ് അസ്വസ്ഥതകളെയും ഒന്നും പേടിക്കേണ്ട ആവശ്യമില്ല. ഇത് ഘടിപ്പിച്ചു കഴിഞ്ഞാൽ വിരൽ വായിൽ വെക്കുമ്പോൾ അത് അണ്ണാക്കിൽ തട്ടുന്നത് തടയപ്പെടുകയും വിരൽ കുടിക്കുന്നതിലൂടെ കുട്ടിക്ക് ലഭിക്കുന്ന സംതൃപ്തി കിട്ടാതെ വരികയും ചെയ്യുന്നു. ഇതേ ഉപകരണം ഉപയോഗിച്ച് കൊണ്ട് തന്നെ നാക്ക് തള്ളൽ ശീലവും തടയാൻ സാധിക്കും. ശ്വസന പ്രക്രിയയ്ക്ക് തടസ്സം ഒന്നും ഇല്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷം 'ഓറൽ സ്ക്രീൻ' പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് വായിലൂടെയുള്ള ശ്വസനം തടയാവുന്നതാണ്. ഇത്തരം ശീലങ്ങൾ തടയാനും അതേക്കുറിച്ച് നിങ്ങളെ ബോധവാന്മാരാക്കാനുമുള്ള കൗൺസിലിംഗ്, അതുപോലെ വിവിധതരം വ്യായാമങ്ങൾ എന്നീ മാർഗങ്ങൾ ഏതുതരം ദുശ്ശീലമാണ് നിങ്ങളുടെ കുട്ടിക്ക് ഉള്ളത് എന്നതിനനുസരിച്ച് ഒരു ഡെന്റിസ്റ്റിന് നിർദ്ദേശിക്കാൻ സാധിക്കും.
മേൽപ്പറഞ്ഞ ശീലങ്ങൾ മൂലമോ അല്ലാതെയോ താടിയെല്ലുകളുടെ പരസ്പര ബന്ധത്തിലുണ്ടാകുന്ന അപാകതകൾ പരിഹരിക്കാൻ മുഖത്തോ വായ്ക്കകത്തോ ചില പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിച്ചുകൊണ്ട് എല്ലുകളുടെയും പേശികളുടെയും വളർച്ച നിയന്ത്രിക്കുന്ന ചികിത്സാരീതിയാണ് ഡെന്റോ ഫേഷ്യൽ ഓർത്തോ പീഡിക്സ്. 8 മുതൽ 12 വയസ്സ് വരെയാണ് ഈ ചികിത്സാരീതിക്ക് ഏറ്റവും അനുയോജ്യമായ സമയം അതാണ് കുട്ടികളുടെ എല്ലുകളുടെ വളർച്ച കാലഘട്ടം. 12 മുതൽ 14 വയസ്സ് ആകുമ്പോഴേക്കും താടിയെല്ലുകളുടെ വളർച്ച അവരിൽ പൂർണ്ണമാകുന്നു.
ചികിത്സ എപ്പോഴൊക്കെ?
- ചില ശീലങ്ങൾ കൊണ്ട് മുഖദന്തവൈകല്യം ഉള്ള കുട്ടികൾ
- ചിരിക്കുമ്പോൾ മോണ അധികമായി കാണുന്ന കുട്ടികൾ
- മേൽത്താടിയുടെയും കീഴ്ത്താടിയുടെയും വലുപ്പത്തിന്റെ അനുപാതത്തിൽ അപാകത ഉള്ള കുട്ടികൾ
- മേൽത്താടിയോ കീഴ്ത്താടിയോ വളർച്ച കുറവുള്ളവർ
- മേൽത്താടിയോ കീഴ്ത്താടിയോ വളർച്ച കൂടുതൽ ഉള്ളവർ
ചില സാഹചര്യങ്ങളിൽ 14 വയസ്സ് കഴിഞ്ഞും ഈ ചികിത്സ തേടാം എങ്കിലും ഏറ്റവും അനുയോജ്യം വളർച്ചാഘട്ടത്തിൽ തന്നെ ആണ്. ഈ ചികിത്സ വിജയകരമാകാൻ രക്ഷിതാക്കളുടെയും കുട്ടിയുടെയും പൂർണ സഹകരണം ആവശ്യമാണ്.
എല്ലുകളുടെ വളർച്ച പൂർണമായ അവസ്ഥയിൽ ആണ് ചികിത്സ തേടുന്നത് എങ്കിൽ ശാസ്ത്രക്രിയയിലൂടെ എല്ലുകളുടെ സ്ഥാനങ്ങൾക്ക് മാറ്റം വരുത്താൻ സാധിക്കും.
ഇതുവരെ പറഞ്ഞ ചികിത്സാ രീതികൾ എല്ലാം മുഖദന്തവൈകല്യങ്ങൾ കൂടുതൽ മോശമായ ഒരവസ്ഥയിലേക്ക് എത്തുന്നതിനു മുമ്പ് അവയെ പരിഹരിച്ച് നിങ്ങളുടെ കുട്ടിയുടെ സന്തോഷവും ചിരിയും അതിലൂടെ ആത്മവിശ്വാസവും വർദ്ധിപ്പിക്കും.
പല്ലുകളിൽ ഉണ്ടാകുന്ന വിടവുകൾ, പുറത്തേക്ക് തള്ളി വരൽ, നിര തെറ്റൽ തുടങ്ങിയ പ്രശ്നങ്ങൾ ഏത് പ്രായത്തിലും പരിഹരിച്ചു മാറ്റി നിങ്ങൾക്ക് സുന്ദരൻമാരും സുന്ദരികളും ആകാം എങ്കിലും താടിയെല്ലുകളുടെ വളർച്ചയിൽ ഉള്ള വ്യതിയാനങ്ങളും മുഖദന്തവൈകല്യങ്ങൾ ഉണ്ടാകുന്ന അവസ്ഥകളും നേരത്തെ പറഞ്ഞത് പോലെ തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കുന്നതാണ് ഏറ്റവും നല്ലത്.
ഇനിയും ആദ്യം ചോദിച്ച ചോദ്യത്തിന് ഉത്തരം കിട്ടിയില്ല എന്ന് തോന്നുന്നുണ്ടോ? എന്റെ കുഞ്ഞിന് എപ്പോൾ പല്ലിന് കമ്പിയിടാം എന്ന ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം പറയുക എളുപ്പമല്ല. മുകളിൽ പറഞ്ഞിരിക്കുന്നത് പോലെ കുട്ടികളുടെ പ്രായവും വളർച്ചയും ഒക്കെ നോക്കി കൃത്യമായ സമയങ്ങളിൽ അതാത് ചികിത്സകൾ തേടുക.
ലോഹങ്ങൾ കൊണ്ട് നിർമിച്ച വയറുകളുടെയും മറ്റ് ഉപകരണങ്ങളുടെയും സഹായത്താൽ നേരിയ ബലം ഉപയോഗിച്ച് കൊണ്ട് ക്രമീകരിച്ചെടുക്കുന്ന ചികിത്സാ രീതിയാണ് പല്ലിനു കമ്പിയിടൽ അഥവാ ഓർത്തോഡൊണ്ടിക് ട്രീറ്റ്മെന്റ്. ദന്ത ക്രമീകരണത്തിനായുള്ള ഇടപെടലുകൾ മുൻനിരയിലെ സ്ഥിരം പല്ലുകൾ മുളച്ചു വരുമ്പോൾ തന്നെ ചിലപ്പോൾ വേണ്ടി വന്നേക്കാം. താടിയെല്ലുകളുടെ വളർച്ചയെ ത്വരിതപ്പെടുത്താനുള്ള ഉപകരണങ്ങളും മുൻപേ ശ്രദ്ധിക്കാതെ പോയ പല ശീലങ്ങളാലും അല്ലാതെയും ആകൃതി നഷ്ടപ്പെട്ട താടിയെല്ലുകളെ സാധാരണ രീതിയിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്ന ഉപകരണങ്ങളും എല്ലാം ഇന്ന് ലഭ്യമാണ്. അശ്രദ്ധയും അറിവില്ലായ്മയും കൊണ്ട് ഒരിക്കലും ഒരു കുട്ടിയുടെ ആത്മവിശ്വാസവും സന്തോഷവും ചിരിയും നഷ്ടപ്പെടുത്താൻ പാടില്ല. കൃത്യമായ ഇടവേളകളിൽ കുട്ടികളെ ഡെന്റൽ ചെക്കപ്പിനായി കൊണ്ടുപോയി അവരുടെ താടിയെല്ലുകൾ, പല്ലുകൾ, നാവ്, മൂക്ക്, ചുണ്ടുകൾ ഇവയുടെല്ലാം വളർച്ച കൃത്യമായി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. അവയുടെ ആകൃതികളിൽ അസ്വാഭാവികത ഉണ്ടോ എന്ന് പരിശോധിക്കുക. ചികിത്സ ആവശ്യമാണെന്ന് കണ്ടാൽ ഒരിക്കലും വൈകിപ്പിക്കാതിരിക്കുക.
Content Highlights: What is the Right Time to Get Dental Braces