പനിക്കും ക്ഷീണത്തിനുമൊപ്പം ‌മാസങ്ങള്‍ നീളുന്ന കടുത്തവേദന; എന്താണ് ഷിംഗിൾസ്? പ്രതിരോധം എപ്രകാരം?

#അലീന മരിയ വര്‍ഗ്ഗീസ്
Representative image| Photo: Canva.com
Representative image| Photo: Canva.com

ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കുന്ന നിരവധി ആണികള്‍ കുത്തിയിറക്കുന്നതുപോലുള്ള വേദന, ഓരോ നിമിഷവും അസഹീനയമായ പൊള്ളല്‍, ഷിംഗിള്‍സ് ഒഴിവാക്കാന്‍ നിങ്ങള്‍ ഇന്നുതന്നെ ഡോക്ടറെ സമീപിക്കു. ടി.വി.യിൽ അമിതാഭ് ബച്ചന്‍ അഭിനയിക്കുന്ന ഈയൊരു പരസ്യം നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ആ പരസ്യത്തില്‍ പറയുന്ന ഷിംഗിള്‍സ് എന്താണെന്നറിയുമോ? നിങ്ങള്‍ക്ക് ഈ രോഗം വരാന്‍ സാധ്യതയുണ്ടോ?

മുമ്പ് ചിക്കന്‍ പോക്സ് ഉണ്ടായ ആളുടെ ശരീരത്തില്‍ ചിക്കന്‍പോക്സിന്റെ വൈറസ് കിടക്കുകയും അത് പിന്നീടെപ്പോഴെങ്കിലും വീണ്ടും ആക്ടിവേറ്റാകുകയും ചെയ്യുന്നതിനെ തുടര്‍ന്നുണ്ടാകുന്ന രോഗമാണ് ഷിംഗിള്‍സ് അഥവ ഹെര്‍പ്പിസ് സോസ്റ്റര്‍. ചിക്കന്‍പോക്സ് ഉണ്ടാക്കുന്ന അതേ വൈറസ് തന്നെയാണ് ഷിംഗിള്‍സ് രോഗബാധയ്ക്കും കാരണം. ചിക്കന്‍പോക്സ് വന്നുപോയി കാലങ്ങള്‍ക്കു ശേഷമായിരിക്കാം ഷിംഗിള്‍സ് വരുന്നത്.

ലക്ഷണങ്ങള്‍

തുടക്കത്തില്‍ പനിയുണ്ടാകുന്നതുപോലെയുള്ള ലക്ഷണങ്ങളും ഒപ്പം ക്ഷീണം, വേദന, ചൊറിച്ചില്‍, പെരുപെരുപ്പ്, തുടങ്ങിയ അസ്വസ്ഥതകളും ഷിംഗിള്‍സ് ബാധിക്കുന്നയാള്‍ക്ക് അനുഭവപ്പെടും. തുടര്‍ന്ന് സ്രവം നിറഞ്ഞ ചെറുകുമിളകള്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടും. ഈ കുമിളകളിലെ സ്രവം പറ്റുന്നയാള്‍ക്കും രോഗം വരാം. സമ്പര്‍ക്കത്തിലൂടെയും ഷിംഗിള്‍സ് പകരും. ഒരിക്കല്‍ ഷിംഗിള്‍സ് വന്നവര്‍ക്ക് വീണ്ടും വരാന്‍ സാധ്യതയുണ്ട്.

ശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങളിലാണ് ഈ രോഗം വരുന്നത്. മുഖത്തിന്റെ ഒരുവശം, നെഞ്ച് അല്ലെങ്കില്‍ ശരീരത്തിന്റെ മുകള്‍ ഭാഗം, വയറിന് താഴെയുള്ള ഭാഗം, ശരീരത്തിന്റെ പുറകുവശം എന്നിവിടങ്ങളിലാണ് ഷിംഗിള്‍സ് കൂടുതലായി വരുന്നത്. ചിക്കന്‍പോക്സ് വന്നിട്ടില്ലാത്ത ഒരാളിലേയ്ക്ക് ഷിംഗിള്‍സ് വന്നവരില്‍ നിന്ന് ചിക്കന്‍പോക്സിന്റെ വൈറസ് പകരും. അതായത് ഷിംഗിള്‍സ് ബാധിതരില്‍ നിന്ന് രോഗബാധയില്ലാത്ത ഒരാള്‍ക്ക് ചിക്കന്‍പോക്സ് ഉണ്ടാകാം.

ശ്രദ്ധിക്കേണ്ടവര്‍

അമ്പതുവയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍, പ്രതിരോധശക്തി കുറഞ്ഞവര്‍, പ്രമേഹബാധിതര്‍, ക്യാന്‍സര്‍ ബാധിതര്‍, അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധയമായവര്‍, സ്റ്റിറോയിഡ് പോലെ പ്രതിരോധശക്തി കുറയ്ക്കാനുള്ള മരുന്നു കഴിക്കുന്നവര്‍, ചെറിയ കുട്ടികള്‍, പ്രത്യേകിച്ച് മാസം തികയും മുമ്പ് ജനിച്ചകുട്ടികള്‍, അമ്പതുവയസിന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പെട്ടന്ന് ഷിംഗിള്‍സ് വരാന്‍ സാധ്യതയുണ്ട്.

ഷിംഗിള്‍സ് രോഗബാധിതര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി അസഹനീയമായ വേദനയാണ്. രോഗബാധയെ തുടര്‍ന്നുണ്ടാകുന്ന കുമിളകള്‍ ഉണങ്ങാന്‍ പത്തുദിവസംവരെ എടുക്കും. എന്നാല്‍ ഇതിനുശേഷം പോസ്റ്റ്‌ഹെര്‍പ്പറ്റിക്ക് ന്യൂറാള്‍ജിയ എന്ന് അവസ്ഥ രോഗബാധിതരില്‍ ഉണ്ടാകും. ഇതുമൂലം രോഗിക്ക് അസഹനീയമായ വേദന അനുഭവപ്പെടുന്നു. നാഡീഞരമ്പുകളാണ് സാധാരണ വേദനയെ നമ്മുടെ ശരീരത്തില്‍ നിന്ന് തലച്ചോറിലേയ്ക്ക് കൊണ്ടുവരുന്നത്. അതുകൊണ്ട് തന്നെ നാഡീഞരമ്പുകളുടെ അഗ്രഭാഗത്തെ ബാധിക്കുന്ന വേദന അസഹനീയമാണ്. തന്മൂലം സഹിക്കാന്‍ കഴിയാത്ത അതിശക്തമായ വേദന രോഗിക്ക് അനുഭവപ്പെടുന്നു. എന്നാല്‍ വേദന കുറയ്ക്കാന്‍ ന്യൂറോപതിക്ക് പെയിന്‍ മെഡിക്കേഷന്‍സ് ഉണ്ട്. ചിക്കന്‍പോക്സ് വന്നവരില്‍ ഷിംഗിള്‍സ് വരാതിരിക്കാന്‍ പ്രതിരോധവാക്സിനുണ്ട്. ചിക്കന്‍പോക്സ് വന്നവര്‍ വാക്സിന്‍ എടുത്താല്‍ ഷിംഗിള്‍സ് വരാതെ തടയാന്‍ കഴിയും.

രണ്ടാഴ്ച മുതല്‍ അഞ്ചാഴ്ചവരെയാണ് ഈ രോഗാവസ്ഥ നീണ്ടു നില്‍ക്കുന്നത്. എന്നാല്‍ ചിലരില്‍ ഇതു മാസങ്ങള്‍ കടന്ന് വര്‍ഷങ്ങള്‍ വരെ നീണ്ടുനില്‍ക്കാം. ചിക്കന്‍ പോക്സ് വന്നവരില്‍ എന്തെങ്കിലും ചെറുകുമിളകളോ അസ്വസ്ഥതകളോ ഉണ്ടായാല്‍ ഡോക്ടറിനെ സമീപിക്കണം. എത്രയും പെട്ടന്ന് ഡോക്ടറെ കണ്ടു മരുന്നു കഴിച്ചാല്‍ രോഗത്തിന്റെ തീവ്രതയും കാലാവധിയും കുറയ്ക്കാനാവും.

വിവരങ്ങൾക്ക് കടപ്പാട്

ഡോ: ഷേര്‍ലി
കണ്‍സള്‍ട്ടന്റ് ഫിസിഷന്‍
കിന്റര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പറ്റില്‍
ഇടപ്പള്ളി

Content Highlights: what is shingles symptoms causes and treatment