സാമന്തയെ ബാധിച്ച മയോസൈറ്റിസ് അത്ര നിസ്സാരമല്ല; രോഗത്തെക്കുറിച്ച് അറിയാം

കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യൻ താരം സാമന്ത റൂത് പ്രഭു മയോസൈറ്റിസിന് ചികിത്സ തേടുന്നതിന്റെ ഭാഗമായി കരിയറിൽ നിന്ന് ബ്രേക് എടുക്കുന്നുവെന്ന വാർത്ത പുറത്തുവന്നത്. കഴിഞ്ഞ വർഷമാണ് സാമന്ത രോഗവിവരം ആദ്യമായി ആരാധകരുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ മസിലുകളെ ദുര്‍ബലപ്പെടുത്തുന്ന മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ രോഗമാണ് തന്നെ ബാധിച്ചതെന്നാണ് ഇൻസ്റ്റഗ്രാമിലൂടെ സാമന്ത അറിയിച്ചത്. എന്താണ് സാമന്തയെ ബാധിച്ച മയോസൈറ്റിസ് എന്നും ലക്ഷണങ്ങളും ചികിത്സയും എന്തൊക്കെയാണെന്നും പരിശോധിക്കാം.
എന്താണ് മയോസൈറ്റിസ് ?
ശരീരത്തിന്റെ പ്രതിരോധശക്തി മസിലുകളെ കീഴ്പ്പെടുത്തുന്ന അവസ്ഥയാണിത്. ഇത് ശരീരത്തിലാകെ വീക്കത്തിനും വേദനയ്ക്കും കാരണമാകും. വിവിധ തരത്തിലുള്ള മയോസൈറ്റുകൾ ശരീരത്തിലെ വിവിധ മസിലുകളെ ബാധിക്കാം. എങ്കിലും കൈകളും തോൾഭാഗവും, കാലുകളും അരഭാഗവും, അടിവയറും നട്ടെല്ലും തുടങ്ങിയ ഭാഗങ്ങളിലെ മസിലുകളെയാണ് മയോസൈറ്റിസ് കൂടുതലായും ബാധിക്കുന്നത്.
ചിലരിൽ കണ്ണുകൾ, ഡയഫ്രം, ഈസോഫാഗസ് എന്നിവിടങ്ങളിൽ മസിൽ ക്ഷയത്തിനും കാരണമാകാം. മയോസൈറ്റിസിന്റെ യഥാർഥ കാരണത്തെക്കുറിച്ച് ഇനിയും വിദഗ്ധർക്ക് കണ്ടെത്താനായിട്ടില്ല. ലക്ഷണങ്ങൾക്ക് അനുസരിച്ച ചികിത്സയാണ് നൽകുക. വ്യായാമം, ശാരീരിക പ്രവർത്തനങ്ങൾ തുടങ്ങിയവ ചെയ്ത് രോഗം ബാധിച്ച ഭാഗങ്ങളിലെ മസിലുകളെ ശക്തിപ്പെടുത്താനും ഡോക്ടർമാർ നിർദേശിക്കാറുണ്ട്.
എല്ലുകള്‍ക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ്. നിരന്തരമായി വേദനയും ക്ഷീണവും അനുഭവപ്പെടുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണ്. ഇരിക്കാനും നില്‍ക്കാനുമുള്ള പ്രയാസം, തല ഉയര്‍ത്തിപ്പിടിക്കാനാവാത്ത അവസ്ഥ തുടങ്ങിയവയെല്ലാം മയോസൈറ്റിസ് രോഗത്തിന്റെ ലക്ഷണങ്ങളായി കണ്ടുവരാറുണ്ട്.
മയോസൈറ്റിസ് ഏതെല്ലാം വിധത്തിൽ
ലക്ഷണങ്ങൾക്കും രോഗം ബാധിച്ച ഭാഗത്തിനും അനുസരിച്ചാണ് ഡോക്ടർമാർ ഏതുതരം മയോസൈറ്റിസ് ആണെന്നു നിശ്ചയിക്കുക. പോളിമയോസൈറ്റിസ്, ഡെർമാറ്റോമയോസൈറ്റിസ്, ഇൻക്ലൂഷൻ ബോഡി മയോസൈറ്റിസ് എന്നിവയാണ് വിവിധ തരം വിഭാഗങ്ങൾ.
പോളിമയോസൈറ്റിസ്: ഒരേസമയം ഒന്നിലധികം മസിലുകളെ ബാധിക്കുന്ന വിധമാണ് പോളിമയോസൈറ്റിസ്. ഇരുന്നു കഴിഞ്ഞാലുടൻ എഴുന്നേൽക്കുമ്പോഴും പടികൾ കയറുമ്പോഴും വസ്തുക്കൾ ഉയർത്തുമ്പോഴുമൊക്കെ ബുദ്ധിമുട്ട് നേരിടുന്നത് പോളിമയോസൈറ്റിസിന്റ് ലക്ഷണങ്ങളാണ്. ശരീരത്തിന്റെ മധ്യഭാഗത്തും സമീപത്തുമുള്ള മസിലുകളെയാണ് ഇത് ബാധിക്കുന്നത്. കാലക്രമേണ ബാധിക്കുന്ന ഈ അവസ്ഥ കൂടുതലും പ്രായപൂർത്തിയായവരിലാണ് കാണാറുള്ളത്.
ഡെർമാറ്റോമയോസൈറ്റിസ്: മസിലുകൾക്ക് പുറമെ ത്വക്കിനെയും ബാധിക്കുന്ന അവസ്ഥയാണ് ഡെർമാറ്റോമയോസൈറ്റിസ്. മാസങ്ങളോളം എടുത്താണ് ഈ അവസ്ഥ പുരോഗതി പ്രാപിക്കുക. ചികിത്സ എത്ര നേരത്തേ ആരംഭിക്കുന്നുവോ അത്രത്തോളം അവസ്ഥ സങ്കീർണമാകാതിരിക്കും. ചിലരിൽ ഈ അവസ്ഥ ഗുരുതരമാവുകയും ചിലയിനം കാൻസർ സാധ്യത വർധിപ്പിക്കുകയും ചെയ്തേക്കാം.
ഇൻക്ലൂഷൻ ബോഡി മയോസൈറ്റിസ്: അമ്പതു വയസ്സിനു മുകളിലുള്ളവരെ ബാധിക്കുന്ന മസിൽ ഡിസീസാണ് ഇൻക്ലൂഷൻ ബോഡി മയോസൈറ്റിസ്. കൈകളിലെയും കാലുകളിലെയും മുട്ടിനു താഴെയുമുള്ള മസിലുകൾക്ക് ബലക്ഷയം സംഭവിക്കുകയാണ് ഇവിടെ ചെയ്യുന്നത്. തൊണ്ടയിലെ മസിലുകളെ ബാധിക്കുക വഴി വിഴുങ്ങാനും ബുദ്ധിമുട്ട് നേരിടാം. ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് ചെറിയ വസ്തുക്കൾ പോലും പിടിക്കാനോ, നടക്കാനോ, നിൽക്കാനോ, ഭക്ഷണം ഇറക്കാനോ, കൈകൾ കൊണ്ട് ബട്ടൺ ഇടുന്ന പ്രവർത്തി വരെ ചെയ്യാനോ ബുദ്ധിമുട്ട് നേരിടാം.
ലക്ഷണങ്ങൾ
- മസിലുകളുടെ ബലഹീനത
- സന്ധികളിലെയും മസിലുകളിലെയും വേദന
- അമിതക്ഷീണം
- വീക്കം
- ശ്വസിക്കാനും വിഴുങ്ങാനുമുള്ള ബുദ്ധിമുട്ട്
- മയോസൈറ്റിസ് ഏതുവിധമാണ് എന്നതിന് അനുസരിച്ച് ലക്ഷണങ്ങളും വ്യത്യാസപ്പെട്ടിരിക്കും.
കാരണം
മയോസൈറ്റിസിന് പിന്നിലെ കാരണത്തെക്കുറിച്ച് ഇപ്പോഴും വിദഗ്ധർക്ക് കണ്ടെത്താനായിട്ടില്ല. രോഗപ്രതിരോധശേഷി ശരീരത്തെ സംരക്ഷിക്കുന്നതിന് പകരം ആക്രമിക്കുന്നതിന്റെ ഫലമായാണ് മയോസൈറ്റിസ് പോലുള്ള ഓട്ടോഇമ്മ്യൂൺ ഡിസീസുകൾ ഉണ്ടാകുന്നത്. ലൂപസ്, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, സ്ക്ലീറോഡെർമ തുടങ്ങിയവ ഉള്ളവരിലും കോമൺ കോൾഡ്, ഇൻഫ്ലുവൻസ, എച്ച്.ഐ.വി. എന്നിവ ബാധിച്ചതിനു ശേഷം ചിലരിലും ഈ അവസ്ഥ കാണാറുണ്ട്.
സ്ഥിരീകരണം
ശാരീരിക പരിശോധനകൾക്കും ചില ടെസ്റ്റുകൾക്കും ശേഷമാണ് രോഗനിർണയം നടത്തുക. ലക്ഷണങ്ങൾക്കനുസരിച്ച് ശരീരത്തിന്റെ ചലനം പരിശോധിക്കുന്ന ഡോക്ടർമാർ ബ്ലഡ് ടെസ്റ്റുകൾ, എം.ആർ.ഐ, ഇ.എം.ജി., മസിൽ ബയോപ്സി എന്നിവ ചെയ്തതിനു ശേഷം രോഗസ്ഥിരീകരണം നടത്തും.
ചികിത്സ
മയോസൈറ്റിസിനു മാത്രമായ ചികിത്സ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ ലക്ഷണങ്ങൾ ലഘൂകരിച്ച് ദൈനംദിന പ്രവർത്തികൾ സുഗമമാക്കാനുള്ള ചികിത്സയാണ് നൽകുക. രോഗം ബാധിച്ച മസിലുകളെ കരുത്തമാക്കാൻ വ്യായാമവും സ്ട്രെച്ചിങ്ങും നിർദേശിക്കുകയും ചെയ്യും.
Content Highlights: What is myositis the condition actor Samantha Ruth Prabhu has been diagnosed with