വജ്രാസനം പരിശീലിക്കാം, വീഡിയോ കാണാം

-
-

ഇരുന്നു കൊണ്ടു ചെയ്യുന്ന ആസനമാണ് വജ്രാസനം. ഇത് ഭക്ഷണം കഴിച്ച ശേഷം ചെയ്യാം. വജ്രാസനം ദഹനം എളുപ്പമാക്കുന്നു. ആര്‍ത്തവരോഗങ്ങള്‍, ഹെര്‍ണിയ, പൈല്‍സ് എന്നിവ ഉള്ളവര്‍ക്ക് ഈ ആസനം ഗുണകരമാണ്. 

ചെയ്യാന്‍ പാടില്ലാത്തവര്‍

അടുത്തിടെ കാലിനും അരക്കെട്ടിനും സര്‍ജറികള്‍ കഴിഞ്ഞവര്‍, കഠിനമായ മുട്ടുവേദനയുള്ളവര്‍ എന്നിവര്‍ ഇത് ചെയ്യാന്‍ പാടില്ല. ഈ ആസനം ചെയ്യുമ്പോള്‍  ചെറിയ കാല്‍ വേദന ഉണ്ടാകുന്നവര്‍ക്ക് ചെറിയ തലയിണയോ ടവ്വലോ കണങ്കാലിനടിയില്‍ വെക്കാവുന്നതാണ്. ദിവസവും പരിശീലിക്കുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ കുറയും. 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

  • നട്ടെല്ല് നിവര്‍ന്നിരിക്കണം.
  • കാല്‍മുട്ടുകള്‍ ചേര്‍ന്നിരിക്കണം. 
  • ശ്വാസത്തില്‍ ശ്രദ്ധിച്ചുകൊണ്ട് ചെയ്യണം. 

ചെയ്യേണ്ട വിധം

1.കാലുകള്‍ അകത്തി വെച്ച് കൈകള്‍ പുറകില്‍ വെച്ച്  കണ്ണടച്ച് ശിഥില ദണ്ഡാസനത്തില്‍ വിശ്രമിക്കുക. ഇരുന്നുകൊണ്ട് ചെയ്യുന്ന ആസനകള്‍ക്കു മുന്‍പോ ശേഷമോ ഈ ആസനത്തില്‍ വിശ്രമിക്കാവുന്നതാണ്. 

2.കാലുകള്‍ ചേര്‍ത്ത് കൈകള്‍ അരക്കെട്ടിനോട് ചേര്‍ത്ത് നിവര്‍ന്നിരിക്കുക. ഇതിനെ സ്ഥിതി (Base position)എന്ന് പറയുന്നു. ഇതിന്റെ പേര് ദണ്ഡാസനം എന്നാണ്. 

3. Count 1: ശ്വാസം നന്നായി  ഉള്ളിലേക്ക് എടുക്കുക. പുറത്തുവിട്ടുകൊണ്ട് വലത് കാല്‍മുട്ട് മടക്കി കണങ്കാലില്‍ ഇരിക്കുക.  

Count 2: വീണ്ടും ശ്വാസം ഉള്ളിലേക്കെടുക്കുക. ശ്വാസം പുറത്തുവിട്ടുകൊണ്ട് ഇടതു കാലും മുട്ടുമടക്കി കണങ്കാലില്‍ ഇരിക്കുക. കാല്‍മുട്ട് ചേര്‍ന്നിരിക്കാന്‍ ശ്രദ്ധിക്കണം. കൈകള്‍ കാല്‍മുട്ടില്‍ വെക്കുക. കണ്ണുകളടച്ചുകൊണ്ട് സാധാരണ ശ്വസനത്തില്‍ പറ്റുന്ന അത്രയും നിലനിര്‍ത്തുക. 

Count 3: ഇനി ശ്വാസം വളരെ സാവധാനം ഉള്ളിലേക്ക് എടുത്തുകൊണ്ട്  ഇടതുകാല്‍ നിവര്‍ത്തുക. ശ്വാസം പുറത്തുവിടുക. 

Count 4: ഇതുപോലെ തന്നെ വലതുകാലിലും ആവര്‍ത്തിക്കുക. പൂര്‍വ്വസ്ഥിതിയിലേക്ക് വന്ന് ശിഥില ദണ്ഡസനത്തില്‍ വിശ്രമിക്കുക. ശരീരത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ ശ്രദ്ധിക്കുക. 

വജ്രാസനം ചെയ്യേണ്ടത് എങ്ങനെയെന്ന് അറിയാം. വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. നിവേദിത പി. 
സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ മെഡിക്കല്‍ ഓഫീസര്‍
നാച്ചുറോപ്പതി & യോഗ വിഭാഗം
അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം & വിദ്യാപീഠം, വാവന്നൂര്‍, പാലക്കാട്

Content Highlights: Vajrasana Yoga 

Content Highlights: