ജയിലുകളിലെ ക്ഷയരോഗ നിയന്ത്രണം ഫലപ്രദമാണ്; പക്ഷേ ചില വെല്ലുവിളികളുണ്ട്

#അനു സോളമന്‍
Representative Image| Photo: Gettyimages
Representative Image| Photo: Gettyimages

ക്ഷയരോഗം വ്യാപിക്കാന്‍ വളരെ സാധ്യത കൂടുതലുള്ള ഇടമാണ് ജയിലുകള്‍. പല സ്ഥലങ്ങളില്‍, പല സാഹചര്യങ്ങളില്‍ കഴിഞ്ഞിരുന്നവരാണ് ജയിലുകളുടെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ എത്തിച്ചേരുന്നത്. ഇവരില്‍ പല രോഗങ്ങളും ഉള്ളവര്‍ ഉണ്ടാകും. ചിലര്‍ക്ക് രോഗങ്ങളെക്കുറിച്ച് അറിവുണ്ടാകും, പക്ഷേ പുറത്തുപറയില്ല. ചിലരാകട്ടെ രോഗങ്ങള്‍ ഉണ്ടെന്ന് അറിയുന്നതു തന്നെ ജയിലില്‍ വെച്ചായിരിക്കും. നേരത്തെ വളരെയധികം ഉണ്ടായിരുന്ന ഒരു രോഗമാണ് ക്ഷയരോഗം. എന്നാല്‍ നിരന്തര പ്രവര്‍ത്തനങ്ങളുടെ ഫലമായി ക്ഷയരോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഇന്ന് കേരളത്തിലെ ജയിലുകള്‍ക്ക് സാധിക്കുന്നുണ്ട്. 

14 ജില്ലാ ജയിലുകള്‍, ഇവയ്ക്ക് കീഴില്‍ മൂന്നു വീതം സബ് ജയിലുകള്‍, മൂന്ന് സെന്‍ട്രല്‍ ജയില്‍, മൂന്ന് വിമന്‍ ജയിലുകള്‍, രണ്ട് ഓപ്പണ്‍ ജയിലുകള്‍ എന്നിങ്ങനെയാണ് കേരളത്തിലെ ജയിലുകളുടെ കണക്ക്. ഇവിടെയെല്ലാം ക്ഷയരോഗികള്‍ക്ക് മികച്ച നിരീക്ഷണവും ചികിത്സയുമാണ് ലഭിക്കുന്നത്. നിലവില്‍ കേരളത്തിലെ ജയിലുകളില്‍ ക്ഷയരോഗികളുടെ എണ്ണം വളരെ കുറവാണ്. ഇതിന് കാരണം ടി.ബി. സെന്ററുകളും ജയില്‍ വിഭാഗവും യോജിച്ചുള്ള പ്രവര്‍ത്തനമാണ്. 

കോഴിക്കോട് ജില്ലാ ജയിലിലെ ക്ഷയരോഗ നിയന്ത്രണം മികച്ച ഒരു ഉദാഹരണമാണ്. ഇവിടെ നിലവില്‍ രണ്ടു കേസുകള്‍ മാത്രമേ ഉള്ളൂ. ഒരാളെ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ വിശദമായ മെഡിക്കല്‍ പരിശോധനകള്‍ നടത്തുന്ന പതിവുണ്ട് ജയിലുകളില്‍. ക്ഷയരോഗ ലക്ഷണങ്ങള്‍ ഉണ്ടോയെന്നും സാധ്യതകള്‍ ഉണ്ടോയെന്നും ഇതുവഴി മനസ്സിലാക്കുന്നു. ക്ഷയരോഗ പരിശോധനയ്ക്കായി തടവുകാരനെ പുറത്തേക്ക് കൊണ്ടുപോകേണ്ട കാര്യമില്ല. ജില്ല ടി.ബി. സെന്ററില്‍ അറിയിച്ചാല്‍ കഫ പരിശോധനയ്ക്കുള്ള ജീവനക്കാരെ അവിടെ നിന്നും ജയിലിലേക്ക് അയക്കും. കഫപരിശോധനയ്ക്കായി സാംപിള്‍ എടുത്ത് ടി.ബി. സെന്ററില്‍ എത്തിച്ച് പരിശോധന നടത്തി ഫലം എത്രയും വേഗത്തില്‍ അറിയിക്കും. ക്ഷയരോഗം തിരിച്ചറിഞ്ഞാല്‍ ചികിത്സ കൃത്യമായി ആരംഭിക്കും. ഇതിന് ടി.ബി. സെന്ററിന്റെ കൃത്യമായ മേല്‍നോട്ടവും ഫോളോഅപ്പും ഉണ്ടാകും. രോഗികളെ മറ്റ് തടവുകാരില്‍ നിന്ന് ഐസൊലേറ്റ് ചെയ്ത് മരുന്നും ഭക്ഷണവും നല്‍കി പ്രത്യേക സെല്ലിലാണ് പാര്‍പ്പിക്കുക. ജയില്‍ ഡോക്ടറുടെ സേവനവും ആവശ്യമെങ്കില്‍ ലഭ്യമാക്കാറുണ്ട്. ക്ഷയരോഗം, എച്ച്.ഐ.വി., എസ്.ടി.ഡി. രോഗങ്ങള്‍(Sexually Transmitted Diseases) എന്നിവയുള്ളവരെ ഇത്തരത്തില്‍ മാറ്റിപ്പാര്‍പ്പിച്ച് ചികിത്സ നല്‍കുന്നുണ്ട്. 

ReadMore: കോവിഡും പ്രമേഹവും ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിന് ഭീഷണിയാകുന്നു; വേണം വെര്‍ച്വല്‍ നിരീക്ഷണവും

എന്നാല്‍ പുറത്തുള്ള ക്ഷയരോഗികളെ അപേക്ഷിച്ച് പലപ്പോഴും ജയിലുകളിലെ ക്ഷയരോഗ നിയന്ത്രണത്തില്‍ ചില പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. 

ജയിലില്‍ നിന്ന് ഇറങ്ങിയാല്‍ ചികിത്സയും ഫോളോഅപ്പും ഇല്ല

ഇതൊരു പ്രതിസന്ധിയാണ്. കുറ്റവാളികളായതിനാല്‍ തന്നെ പലപ്പോഴും അവര്‍ ജാമ്യം നേടിയോ പരോള്‍ ലഭിച്ചോ ശിക്ഷ കഴിഞ്ഞോ പുറത്തിറങ്ങിയാല്‍ പിന്നെ അവരെ കണ്ടെത്താനും ക്ഷയരോഗ ചികിത്സ തുടര്‍ന്ന് നല്‍കാനും സാധിക്കുന്നില്ല. സ്വമനസ്സാലെ ചികിത്സ തേടുന്നവര്‍ ഇവരില്‍ വളരെ കുറവാണ്. ചിലര്‍ക്ക് വിലാസം പോലും ഉണ്ടാവില്ല. അന്യസംസ്ഥാനക്കാരാണെങ്കില്‍ പിന്നെ അവരെ കണ്ടെത്തുക തന്നെ വലിയ ബുദ്ധിമുട്ടായിരിക്കും. ഈ ഘട്ടത്തില്‍ അവരുടെ ക്ഷയരോഗ ചികിത്സയും പാതിയില്‍ നിന്നുപോകും. ചികിത്സ പൂര്‍ത്തിയാക്കാനാവാതെ വന്നാല്‍ അത് ക്ഷയരോഗാണുക്കള്‍ മരുന്നിനെ പ്രതിരോധിക്കുന്ന അവസ്ഥയായ എം.ഡി.ആര്‍.ടി.ബി.യ്ക്ക് (Multidrug-resistant tuberculosis) കാരണമാകും. ഇത് ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിന് വെല്ലുവിളിയാണ്.  

ReadMore: ക്ഷയരോഗികളില്‍ വിഷാദരോഗം; എങ്ങനെ തിരിച്ചറിയാം? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്‌

''ജയിലില്‍ ഒരിക്കല്‍ തമിഴ്‌നാട്ടുകാരനായ ഒരാള്‍ എത്തി. ക്ഷയരോഗമുണ്ടെന്ന് പറഞ്ഞു. പരിശോധനയില്‍ എച്ച്.ഐ.വിയും ഉണ്ടെന്ന് അറിഞ്ഞു. ഇതിന് മുന്‍പ് അയാള്‍ ഉണ്ടായിരുന്ന സ്ഥലവുമായി ബന്ധപ്പെട്ടപ്പോഴാണ് അറിയുന്നത് ഇയാള്‍ അവിടെ എച്ച്.ഐ.വിയ്ക്കുള്ള എ.ആര്‍.ടി. ചികിത്സ സ്വീകരിച്ചിരുന്നുവെന്ന്്. അയാള്‍ പറയാതിരുന്നതായിരുന്നു. അങ്ങനെ അയാള്‍ക്ക് എച്ച്.ഐ.വി.യ്ക്കും ക്ഷയരോഗത്തിനുമുള്ള ചികിത്സ നല്‍കിത്തുടങ്ങി. പക്ഷേ, ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം ഫോളോ അപ്പ് ഒന്നും ഉണ്ടായില്ല. ഇനി ഇതുപോലെ മറ്റൊരു സ്ഥലത്ത് എത്തുമ്പോള്‍ ആയിരിക്കും കണ്ടെത്താനാവുക. ക്ഷയരോഗ ചികിത്സ പാതിവഴിയില്‍ മുടങ്ങിയതിനാല്‍ ഇനി നാളുകള്‍ക്ക് ശേഷം വീണ്ടും തിരിച്ചറിയുമ്പോഴേക്കും അത് എം.ഡി.ആര്‍.ടി.ബി. ആകാന്‍ ഇടയായിട്ടുണ്ടാകും''- കോഴിക്കോട് ജില്ലാ ജയിലിലെ ഇന്റഗ്രേറ്റഡ് കൗണ്‍സലിങ് ആന്‍ഡ് ടെസ്റ്റിങ് സെന്ററിലെ കൗണ്‍സിലറായ ശ്രീബേഷ് പറയുന്നു

ശ്രീബേഷ്

ശിക്ഷയനുഭവിക്കുന്നവരാണെങ്കില്‍ ചികിത്സാകാലം കൃത്യമായി ഫോളോഅപ്പ് ചെയ്യാനും മരുന്ന് നല്‍കാനും സാധിക്കും. എന്നാല്‍ റിമാന്‍ഡ് തടവുകാര്‍, ജാമ്യം ലഭിച്ച് പോകുന്നവര്‍, ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ എന്നിവരില്‍ പലരും ജയിലിന് പുറത്തിറങ്ങിക്കഴിഞ്ഞാല്‍ പിന്നെ ചികിത്സ തുടരുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം.

മയക്കുമരുന്ന് കേസുകളാണ് കോഴിക്കോട് കൂടുതലും വരുന്നത്. ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടോയെന്ന് സ്വയം തിരിച്ചറിയാന്‍ പോലും സാധിക്കാറില്ല. എന്ത് ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും അവര്‍ മയക്കുമരുന്ന് ഉപയോഗിക്കും. ചികിത്സയും കൃത്യമായി സ്വീകരിക്കില്ല. അത്തരക്കാരെ കൈകാര്യം ചെയ്യാന്‍ അത്ര എളുപ്പമല്ല. മാത്രമല്ല. അവര്‍ പിന്നീട് പുറത്തിറങ്ങിയാല്‍ അവരെ ഫോളോഅപ്പിനായി കണ്ടെത്താന്‍ തന്നെ സാധിക്കാറില്ല. ഇന്ന് ഇവിടെയാണെങ്കില്‍ നാളെ വേറെ സ്ഥലത്തായിരിക്കും. വിലാസമോ ഫോണ്‍ നമ്പറോ പോലും ഉണ്ടായിരിക്കില്ല. രോഗകാര്യത്തിനല്ല കേസിന്റെ കാര്യത്തിനാണ് പോലീസ് കൂടുതല്‍ പരിഗണന നല്‍കുക. മയക്കുമരുന്നിന് അടിമകളായ ക്ഷയരോഗികള്‍ രോഗവ്യാപനത്തിന് ഇടയാക്കുന്നവരാണ്. ഇവരെ കണ്ടെത്താനും ചികിത്സയ്ക്ക് എത്തിക്കാനും എന്‍.ജി.ഒയുമായി സഹകരിച്ചാണ് കോഴിക്കോട് ടി.ബി. സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ വഴി ഇത്തരക്കാരെ ടി.ബി. സെന്ററിലെത്തിച്ച് വേണ്ട ചികിത്സ നല്‍കുന്നുണ്ട്. അത് വിജയകരമായി മുന്നോട്ട് പോകുന്നുണ്ട്. 

''മുന്‍പൊക്കെ ജയിലില്‍ കഴിയുന്നവര്‍ക്ക് ക്ഷയരോഗമുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ അവരെ ഡോക്ടറുടെ അടുത്തേക്ക് റഫര്‍ ചെയ്യാനും ചികിത്സയ്ക്ക് കൊണ്ടുപോകാനുമൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. കാരണം, തടവുകാരെ പുറത്തേക്ക് കൊണ്ടുപോകാന്‍ പോലീസ് സംരക്ഷണം വേണം. അതിന് നിയമപരമായ പല കാര്യങ്ങള്‍ ചെയ്യാനുമുണ്ട്. ഇത് അല്പം ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ടി.ബി. സെന്റര്‍ അധികൃതര്‍ ഇവിടെ വന്ന് ആവശ്യമായ കാര്യങ്ങള്‍ നേരിട്ട് ചെയ്തുതരുന്നതിനാല്‍ വളരെ സുരക്ഷിതമായി ഇക്കാര്യങ്ങള്‍ ചെയ്യാനാവുന്നുണ്ട്. അതത് മേഖലകളിലെ സര്‍ക്കാര്‍ ആശുപത്രികളുമായി ചേര്‍ന്ന് ചികിത്സയ്ക്കുള്ള സംവിധാനങ്ങള്‍ ഒരുക്കാറുമുണ്ട്. 

എക്‌സ്‌ട്രോ പള്‍മണറി ടി.ബി. ഉള്ള ഒരാള്‍ ഇപ്പോള്‍ ഇവിടെയുണ്ട്. അയാള്‍ക്ക് അറിയില്ലായിരുന്നു ക്ഷയരോഗമുണ്ടെന്ന്. വയറുവേദനയാണ് ലക്ഷണം കണ്ടത്. പരിശോധനകള്‍ നടത്തിയപ്പോള്‍ ക്ഷയരോഗം ബാധിച്ചിരിക്കുന്നതായി കണ്ടെത്തി. വയറിലായിരുന്നു ക്ഷയരോഗം(Abdominal tuberculosis). പിന്നീട് അയാളെ അഡ്മിറ്റ് ചെയ്ത് ചികിത്സിക്കേണ്ടി വന്നു''- ശ്രീബേഷ് കൂട്ടിച്ചേര്‍ത്തു. 

ജയിലുകളില്‍ കൗണ്‍സലിങ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജയിലിലേക്ക് എത്തുന്ന ഓരോ തടവുകാര്‍ക്കും പരിശോധന നടത്തി രോഗലക്ഷണങ്ങള്‍ ഉണ്ടോയെന്ന് തിരിച്ചറിയും. ചുമ, ഭാരക്കുറവ് തുടങ്ങിയ ക്ഷയരോഗ ലക്ഷണങ്ങള്‍ എന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചറിയും. ഇത്തരം ലക്ഷണങ്ങളുള്ളവരെ അപ്പോള്‍ തന്നെ ടി.ബി. സെന്ററിലേക്ക് റഫര്‍ ചെയ്യും. പിന്നീടുള്ള കാര്യങ്ങള്‍ ടി.ബി. സെന്റര്‍ ചെയ്യും. എച്ച്.ഐ.വി. ടെസ്റ്റ് കൂടി ഇതിനോടൊപ്പം ചെയ്യുന്നുണ്ട്. എച്ച്.ഐ.വി. ബാധിതര്‍ക്ക് വേണ്ട ചികിത്സയും ജയിലുകളില്‍ നല്‍കുന്നുണ്ട്. 

സെന്‍ട്രല്‍ ജയിലുകളില്‍ ഒരു ടി.ബി. വിങ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ജയില്‍ ഡോക്ടറും ലഭ്യമാണ്. കോഴിക്കോട് ജില്ലാ ജയിലില്‍ ആഴ്ചയില്‍ രണ്ടുദിവസമാണ് ഡോക്ടറുണ്ടാവുക. പക്ഷേ, അടിയന്തിര ആവശ്യങ്ങള്‍ക്ക് ഡോക്ടറെത്തും. സ്ഥിരം ഡോക്ടറില്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. 

ഡോ. പി.പി. പ്രമോദ്കുമാര്‍

സബ് ജയിലുകള്‍ കേന്ദ്രീകരിച്ച് ക്യാംപുകള്‍ ഇടയ്ക്ക് നടത്താറുണ്ട്. ഇതുവഴി ക്ഷയരോഗികളെ തിരിച്ചറിയാനാകും. ഇനി ക്യാംപ് ഇല്ലാത്ത സമയത്ത് അവിടെ ഒരാളില്‍ ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ അവിടെയെത്തി വേണ്ട കാര്യങ്ങള്‍ ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്.  

ജയിലിലെ ഉദ്യോഗസ്ഥര്‍ക്ക് ക്ഷയരോഗത്തെക്കുറിച്ച് നിശ്ചിത ഇടവേളകളില്‍ പരിശീലന ക്യാംപുകള്‍ സംഘടിപ്പിക്കാറുണ്ട്. ഇതുവഴി ക്ഷയരോഗത്തെക്കുറിച്ചും, രോഗം തിരിച്ചറിയുന്നത് എങ്ങനെയെന്നതിനെക്കുറിച്ചും, സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ഉദ്യോഗസ്ഥര്‍ക്ക് അറിവ് ലഭിക്കുന്നു. അത് ജയിലുകളിലെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്ന് കോഴിക്കോട് ജില്ലാ ടി.ബി. ഓഫീസര്‍ ഡോ. പി.പി. പ്രമോദ്കുമാര്‍ പറയുന്നു.  

''ഓരോ ജയിലുകളിലെയും ടി.ബി. നിയന്ത്രണത്തിന് അതത് ജില്ലകളിലെ ടി.ബി. സെന്ററുകളുടെ സഹകരണമുണ്ടായാല്‍ വളരെ കൃത്യമായി നടപ്പിലാക്കാന്‍ സാധിക്കും. കോഴിക്കോട് ഇതിന് ഉദാഹരണമാണ്. ജയിലില്‍ കഴിയുന്നവരെ പോലീസ് സംരക്ഷണയില്‍ പുറത്തുകൊണ്ടുവന്ന് കഫപരിശോധന നടത്തുകയും ചികിത്സ നല്‍കുകയും ചെയ്യുന്നതിനേക്കാള്‍ എളുപ്പം ടി.ബി. സെന്ററുകളിലെ ജീവനക്കാര്‍ ജയിലുകളിലെത്തി സാംപിള്‍ എടുക്കുന്നതാണ്. വളരെ പെട്ടെന്ന് തന്നെ ചികിത്സ തുടങ്ങാന്‍ ഇതുവഴി സാധിക്കും. ജീവനക്കാരുടെ കുറവും മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടെങ്കിലും അത് മറികടക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. അതിന് തയ്യാറായി ഇറങ്ങിയാല്‍ മതി. അത് നടക്കും. എല്ലാ ജയിലുകളും ഈ മാതൃക പിന്തുടര്‍ന്നാല്‍ മതി. കോഴിക്കോട് ടി.ബി. സെന്റര്‍ ആ മാതൃകയാണ് മുന്നോട്ടുവെയ്ക്കുന്നത്''- ഡോ. പി.പി. പ്രമോദ്കുമാര്‍ പറയുന്നു. 

Content Highlights: Tuberculosis, Effective TB prevention and control measures in Kerala Jails, Prisons, Correctional Homes

Content Highlights: