തൊണ്ടയിൽ എന്തോ തടയുന്നതായി തോന്നാറുണ്ടോ? കാരണം ഇതാവാം

#ഡോ. അമ്മു ശ്രീപാർവതി
Representative Image| Photo: Canva.com
Representative Image| Photo: Canva.com

എൻറെ തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നു എന്ന പരാതിയുമായി ഒട്ടേറെ ആളുകൾ ഡോക്ടർമാരെ സമീപിക്കാറുണ്ട്. ഉമിനീർ ഇറക്കുമ്പോൾ തടസ്സം, ഭക്ഷണം കഴിക്കുവാൻ ബുദ്ധിമുട്ട്, നെഞ്ചരിച്ചിൽ/ഓക്കാനം  കിടക്കുമ്പോൾ തൊണ്ട കുത്തിച്ചുമ ഇങ്ങനെ പോകുന്നു അവരുടെ പരാതികൾ.

ഹൃദ്രോഗം മുതൽ കാൻസർ വരെ ഈ ലക്ഷണങ്ങൾക്കു പിന്നിൽ ഉണ്ടെന്ന ഭയവുമായാണ് മിക്കവരും എത്തുന്നത്. ഈ ലക്ഷണങ്ങൾ മിക്കപ്പോഴും അസിഡിറ്റി കൊണ്ട് ഉണ്ടാവുന്നതും അതിനുള്ള ചികിത്സ നൽകിയാൽ മാറാവുന്നതുമേയുള്ളു. ഭക്ഷണക്രമം കൊണ്ടും ചില്ലറ മരുന്നുകൾ കൊണ്ടും മാറാവുന്ന അസിഡിറ്റിയാണ് ഇവിടത്തെ വില്ലൻ.

രണ്ടു വിധത്തിലാണ് ഈ അസിഡിറ്റി ഒരു വ്യക്തിയെ ബാധിക്കുന്നത്. ഒന്നാമത് ഗ്യാസ്ട്രോ ഇൻസോഫാഗൽ റിഫ്ലക്സ്. രണ്ടാമതായി  ലാറിംഗോഫാരിഞ്ജൻറിഫ്ലക്സ്. ഗ്യാസ്ട്രോ ഇൻസോഫാഗൽ റിഫ്ലക്സ്ന്റെ ലക്ഷണങ്ങളിൽ പ്രധാനം തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നതായി അനുഭവപ്പെടുക എന്നതാണ്. മറ്റൊരു ലക്ഷണം വയറ്റിൽ നിന്നുള്ള പുളിച്ചുതികട്ടലും നെഞ്ചരിച്ചിച്ചിലുമാണ്.

ലാറിംഗോഫാരിഞ്ജൻറിഫ്ലക്സിന്റെ ലക്ഷണങ്ങളിൽ പ്രധാനം തൊണ്ടയിൽ കഫം പോലെ എന്തോ തടഞ്ഞിരിക്കുന്നതായുള്ള തോന്നലും ശബ്ദം അടയുന്നതുമാണ്. കിടക്കുമ്പോൾ ശ്വാസം തടഞ്ഞ് ഉടൻതന്നെ എഴുന്നേൽക്കാൻ തോന്നുക, വയർ വീർക്കുക എന്നിവയാണ് മറ്റുലക്ഷണങ്ങൾ.

കഴിക്കുന്ന ഭക്ഷണത്തിന്റെ ദൂഷ്യം കൊണ്ടോ ചിലപ്പോൾ അധികസമയം വിശന്നിരിക്കുന്നതു കൊണ്ടോ വയറ്റിലുണ്ടാകുന്ന ചില രാസപ്രക്രിയകളാണ് ഈ പ്രശ്നങ്ങൾക്കു കാരണം. അതിന് ആദ്യം ഒരു ഇ.എൻ.ടി  ഡോക്ടറെ കണ്ട് പരിശോധന നടത്തുകയും രോഗശമനത്തിനുള്ള മരുന്നുകൾ കഴിക്കുകയും വേണം. തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം ആഹാര രീതികളിൽ  മാറ്റം വരുത്തണം.

തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നതായുള്ള തോന്നൽ അസിഡിറ്റിയുടേതാണെന്ന് പൊതുവെ പറഞ്ഞെങ്കിലും വിദഗ്ധമായ പരിശോധനയിലൂടെ മാത്രമേ അതിന്റെ  യഥാർത്ഥ കാരണം കണ്ടെത്താൻ കഴിയൂ. അതിനാൽ വൈദ്യപരിശോധന അനിവാര്യവുമാണ്.

ഫ്ളക്സിബിൾ സ്കോപ്പിപ്പോലുള്ള സാങ്കേതിക മാർ​ഗങ്ങൾ ഉപയോ​ഗിച്ച് നിങ്ങളുടെ തൊണ്ടയിലെ അസ്വസ്ഥതകൾക്കുള്ള കാരണം ഒരു  ലാറിംഗോളജിസ്റ്റിന് കണ്ടെത്തുവാൻ കഴിയും. നെഞ്ചരിച്ചിലും പുളിച്ചുതികട്ടലും അധികരിക്കുന്ന അസ്വാസ്ഥ്യങ്ങളുമെല്ലാം എന്തുകൊണ്ടാണെന്ന് ഇതിന്റെ തുടർ പരിശോധനയിലൂടെ വ്യക്തമാകും. അപ്പോൾ അതനുസരിച്ചുള്ള ചികിത്സ നൽകുവാനും സാധിക്കും.

പട്ടം എസ്.യു.ടി. ​ഹോസ്പിറ്റലിൽ കൺസൾട്ടന്റ് ഇ.എൻ.ടി. ആണ് ലേഖിക.

Content Highlights: trouble swallowing from acid reflux