സ്ട്രോക്കാണ് എന്ന് സംശയം തോന്നിയാൽ ഉടൻ ചെയ്യേണ്ടതെന്ത്?; വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

#ഡോ. വിവേക് നമ്പ്യാർ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

കേരളം ആരോഗ്യ ചികിത്സാരംഗത്ത് പാശ്ചാത്യ രാജ്യങ്ങളുമായി കിടപിടിക്കുന്ന രീതിയിൽ വളർന്നിട്ടുണ്ട്. എങ്കിലും കാർഡിയോ വാസ്കുലാർ രോഗങ്ങൾ അഥവാ ഹൃദയത്തിൻറെയും രക്തക്കുഴലുകളിലെയും തകരാറുകളാൽ സംഭവിക്കുന്ന ഹാർട്ട് അറ്റാക്ക് , സ്ട്രോക്ക് മുതലായവയാൽ മരണപ്പെടുന്ന ആളുകളുടെ എണ്ണം ആശങ്കാജനകമായി തുടരുന്നു.

തലച്ചോറിലേക്കുള്ള അല്ലെങ്കിൽ തലച്ചോറിനുള്ളിലെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന തകരാറുകളാൽ സ്‌ട്രോക്ക് അഥവാ പക്ഷാഘാതം സംഭവിക്കുമ്പോൾ രോഗിയുടെ ചുറ്റുമുള്ളവരുടെ അവബോധമില്ലായ്മയാൽ സ്‌ട്രോക് സംഭവിച്ചവർക്ക് ശരിയായ സമയത്ത് ചികിത്സ ലഭ്യമാകാത്ത അവസ്ഥയുണ്ട്.

കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയാൽ ഭൂരിഭാഗം സ്‌ട്രോക്ക് രോഗികളെയും മരണത്തിൽ നിന്നും പക്ഷാഘാതത്താൽ സംഭവിക്കാവുന്ന ഗുരുതര രോഗാവസ്ഥകളിൽ നിന്നും രക്ഷിക്കാൻ സാധിക്കും. അനിയന്ത്രിതമായ രക്തസമ്മർദ്ദം, പ്രമേഹം, അമിതവണ്ണം തുടങ്ങിയ ഘടകങ്ങൾ മൂലം കേരളത്തിൽ സ്ട്രോക്ക് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പക്ഷാഘാതത്തിൽ നിന്ന് സ്വയം പ്രതിരോധിക്കുന്നതിനും മുതിർന്നവരെ സംരക്ഷിക്കുന്നതിനും ഏവർക്കും ഇതേപ്പറ്റി ശരിയായ അവബോധം ആവശ്യമാണ്.

എന്താണ് സ്ട്രോക്ക് ?

നമ്മുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് തടസ്സപ്പെടുകയോ രക്തസ്രാവം സംഭവിക്കുകയോ ചെയ്യുന്നത് മൂലമുണ്ടാകുന്ന അവസ്ഥയാണ് സ്ട്രോക്ക്. ഇങ്ങനെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നത് വഴി ഓക്‌സിജനും പോഷകവസ്തുക്കളും ലഭിക്കാതെ മസ്തിഷ്കത്തിലെ കോശങ്ങൾ അതിവേഗം നശിച്ചു പോകുന്നു. പ്രധാനമായും രണ്ടു തരത്തിലുള്ള സ്ട്രോക്കുകളാണ് ഉള്ളത് .

തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നത് മൂലം സംഭവിക്കുന്ന ഇസ്കീമിക് സ്ട്രോക്ക്, തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുന്നതുകൊണ്ട് സംഭവിക്കുന്ന ഹെമറാജിക് സ്ട്രോക്ക് എന്നിവയാണവ.

എന്താണ് സ്ട്രോക്കിന്റെ ലക്ഷണങ്ങൾ ?

മുഖത്തെ പേശികളിൽ വലിവ് അനുഭവപ്പെടുന്നത്, മുഖമോ ചുണ്ടോ കോടിപ്പോവുക, സംസാരത്തിലെ അവ്യക്തത, കൈ-കാൽ ബലഹീനത, കാഴ്ച മങ്ങൽ, തലവേദന എന്നിവയാണ് സ്ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങൾ. ഇവയിലേതെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ചികിത്സ തേടേണ്ടതാണ്. രോഗിയെ സ്ട്രോക്ക് ചികിത്സാസൗകര്യം ഉള്ള ആശുപത്രിയിൽ എത്രയും വേഗം എത്തിക്കുക എന്നതാണ് ചികിത്സയുടെ ഫലപ്രാപ്തിക്ക് പ്രധാനം. അതിനാൽ "സമയം തന്നെയാണ് മസ്തിഷ്കം" എന്നതാണ് സ്ട്രോക്ക് ചികിത്സയുടെ മുഖ്യ സന്ദേശം തന്നെ.

എന്തുകൊണ്ടാണ് പ്രായമായവരിൽ സ്ട്രോക്കിന്റെ അപകടസാധ്യത കൂടുതൽ?

പ്രായം കൂടുന്തോറും രക്തക്കുഴലുകളുടെ ഇലാസ്തികത കുറയുന്നതും കട്ടി കൂടുന്നതുമാണ് പ്രധാന കാരണങ്ങളിൽ ഒന്ന്. അറുപത് വയസ്സിനു മുകളിലുള്ളവരിൽ രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, ഹൃദ്രോഗങ്ങൾ മുതലായ അസുഖങ്ങൾക്കുള്ള സാധ്യത കൂടുതലായതിനാൽ അനുപാതികമായി സ്ട്രോക്കിന്റെ സാധ്യതയും കൂടുന്നു. കൂടാതെ ചില മരുന്നുകളുടെ ഉപയോഗം , ശരീരത്തിൻ്റെ ചലന ക്ഷമത കുറയുന്നത്, മസ്തിഷ്കത്തിലെ രക്തയോട്ടം കുറയുക തുടങ്ങിയ ഘടകങ്ങളും അപകടസാധ്യത വർധിപ്പിക്കുന്നു.

സ്ട്രോക്കാണ് എന്ന് സംശയം തോന്നിയാൽ ഉടനെ നമ്മൾ ചെയ്യേണ്ടത് എന്തെല്ലാമാണ്?

സ്ട്രോക്ക് സംഭവിച്ചതിനുശേഷം ഓരോ മിനിറ്റും നിർണായകമാണ് എന്ന് തിരിച്ചറിയുക. രോഗിയെ ഉടൻതന്നെ സ്ട്രോക്ക് കെയർ യൂണിറ്റുകളുള്ള ആശുപത്രികളിലേക്ക് എത്തിക്കുക. രക്തയോട്ടം തടസ്സപ്പെടുത്തുന്നത് മൂലം വന്ന സ്ട്രോക്ക് ആണെങ്കിൽ മൂന്നു മുതൽ നാലര മണിക്കൂറിനുള്ളിൽ 'ത്രോംബോലൈറ്റിക്' മരുന്ന് നൽകി രക്തയോട്ടം പുനഃസ്ഥാപിക്കാം. ഇത്തരത്തിൽ വളരെ നേരത്തെ തന്നെ ചികിത്സ ആരംഭിക്കുന്നതിലൂടെ രോഗിക്ക് ഉണ്ടായേക്കാവുന്ന സ്ഥിരമായ ശാരീരിക മാനസിക വൈകല്യം ഒഴിവാക്കാൻ കഴിയും.

കേരളത്തിലെ പ്രമുഖ സർക്കാർ, പ്രൈവറ്റ് ആശുപത്രികളിൽ എല്ലാം തന്നെ ആധുനിക സ്ട്രോക്ക് ചികിത്സാ യൂണിറ്റുകൾ ലഭ്യമാണ്. സി.ടി സ്‌കാൻ , എം.ആർ.ഐ. സ്കാൻ, പരിശീലനം നേടിയ ന്യൂറോളജി ചികിത്സാ സംഘങ്ങൾ, അടിയന്തര ചികിത്സാ സംവിധാനങ്ങൾ എന്നിവ ഉള്ളവയാണ് ഇത്തരം യൂണിറ്റുകൾ.

സ്ട്രോക്ക് വന്നതിനുശേഷം രോഗിയുടെ തുടർന്നുള്ള ജീവിതമാണ് സ്ട്രോക്കിന്റെ ചികിത്സയിലെ മറ്റൊരു പ്രധാന ഭാഗം. ദീർഘകാലത്തെ പരിചരണത്തിനും ചികിത്സക്കും ശേഷമാണ് പലരും ശാരീരിക ശേഷി പൂർണ്ണമായോ ഭാഗികമായോ വീണ്ടെടുക്കുന്നത്. ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, എന്നിവ ആവശ്യം വന്നേക്കാം. രോഗിയെ ദൈനംദിന ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ ഒപ്പമുള്ളവരുടെയും സമൂഹത്തിന്റെയും മാനസിക പിന്തുണയും പ്രധാന പങ്കുവഹിക്കുന്നുണ്ട്.

സ്ട്രോക്ക് വരാതിരിക്കാൻ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്?

രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിക്കുക, ദിവസേന കുറഞ്ഞത് 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക.

കൊഴുപ്പ്, ആർട്ടിഫിഷ്യൽ സ്വീറ്റ്നേഴ്സ്, എന്നിവ അടങ്ങിയ ഭക്ഷണങ്ങളും ജങ്ക്ഫുഡുകളും ഒഴിവാക്കി കൃത്യമായ പോഷണം ഉറപ്പാക്കുന്ന പോഷകാഹാരം ഡയറ്റിൽ ഉൾപ്പെടുത്തുക. പുകവലിയും മദ്യപാനവും ഒഴിവാക്കുക തുടങ്ങിയ ജീവിതശൈലി മാറ്റങ്ങൾ സ്ട്രോക്ക് പ്രതിരോധത്തിന്റെ കാതലായ ഘടകങ്ങളാണ്.

സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാനും ഉടൻ ചികിത്സ തേടാനും പ്രായമായവർ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളും സമൂഹവും മുന്നോട്ടുവരണം.

കൊച്ചി അമൃത ഹോസ്പിറ്റലിൽ സ്ട്രോക്ക് ഡിവിഷൻ വിഭാഗം മേധാവിയാണ് ലേഖകൻ.