ഭാരംകുറച്ചത് 20 കിലോ, വർക്കൗട്ടിനുശേഷമുള്ള ചിത്രംപങ്കുവെച്ച് സോനം കപൂർ

ഗർഭകാലത്തേക്കുറിച്ചും അതിനുശേഷമുള്ള മാതൃത്വത്തേക്കുറിച്ചുമൊക്കെ നിരന്തരം സമൂഹികമാധ്യമത്തിലൂടെ പങ്കുവെക്കാറുള്ളയാളാണ് ബോളിവുഡ് താരം സോനം കപൂർ. ഇപ്പോഴിതാ പ്രസവശേഷമുള്ള അതിശയിപ്പിക്കുന്ന മാറ്റത്തേക്കുറിച്ചുള്ള ചിത്രമാണ് സോനം പങ്കുവെച്ചിരിക്കുന്നത്. വർക്കൗട്ടിനു ശേഷമുള്ള റീൽ പങ്കുവെച്ചാണ് സോനം ഭാരംകുറഞ്ഞതിനേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുന്നത്.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സോനം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വർക്കൗട്ടിനുശേഷമുള്ള വീഡിയോക്കൊപ്പം 20 കിലോ കുറഞ്ഞെന്നും ആറുകിലോ കൂടി പോകാനുണ്ടെന്നും സോനം കുറിച്ചു.
ഈ മാസമാദ്യം പങ്കുവെച്ച മറ്റൊരു പോസ്റ്റിലും സോനം വണ്ണംകുറഞ്ഞതിനേക്കുറിച്ച് പങ്കുവെച്ചിരുന്നു. വീണ്ടും തനിക്ക് താനായി അനുഭവപ്പെടാൻ പതിനാറുമാസമെടുത്തെന്നാണ് സോനം പറഞ്ഞത്. ക്രാഷ് ഡയറ്റുകളോ ഭ്രാന്തമായ വർക്കൗട്ടുകളോ ഇല്ലാതെ കുഞ്ഞിനെ പരിചരിച്ചും അവനവന് കരുതൽ നൽകിയുമാണ് അതെന്നും സോനം പറഞ്ഞിരുന്നു.
2018 മേയിലാണ് സോനം ആനന്ദ് അഹൂജയെ വിവാഹം കഴിക്കുന്നത്. 2022-ൽ വായു എന്ന മകന് ജന്മം നൽകി.
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ
1 സ്നാക്സ് ഹെൽത്തിയാക്കാം
മിക്കയാളുകളും ഇടയ്ക്കിടെയുള്ള വിശപ്പകറ്റാൻ സ്നാക്സുകളിൽ അഭയം തേടുന്നവരാണ്. അവപലതും ബേക്കറി ഉത്പന്നങ്ങളുമായിരിക്കും. എരിവും പുളിയും മധുരവുമൊക്കെ നിറഞ്ഞ ഇവവീണ്ടും വണ്ണംവെക്കാൻ ഇടയാക്കുകയും ചെയ്യും. സ്നാക്സ് കഴിക്കണം എന്നുതോന്നുന്ന സമയങ്ങളിൽ ഹെൽത്തിയായവയ്ക്ക് പ്രാധാന്യം നൽകാം. കാർബോഹൈഡ്രേറ്റും പ്രോട്ടീനും ഫൈബറും നല്ലകൊഴുപ്പുമൊക്കെ അടങ്ങിയ സ്നാക്സുകൾ പകരംകഴിക്കാം. നട്സും പച്ചക്കറി സാലഡും പഴങ്ങളുമൊക്കെ പകരം കഴിക്കാം. ഇവ വയറുനിറഞ്ഞതുപോലെ തോന്നിക്കുകയും കൂടുതൽ ഭക്ഷണംകഴിക്കാതിരിക്കാൻ സഹായിക്കുകയും ചെയ്യും.
2 പതുക്കെ കഴിക്കാം, അളവു കുറയ്ക്കാം
പലരും ഭക്ഷണം അളവുനോക്കാതെ വാരിവലിച്ചു കഴിക്കുന്നവരാണ്. ഭക്ഷണം വേഗത്തിൽ കഴിക്കുന്നതും അളവിൽ ശ്രദ്ധിക്കാതിരിക്കുന്നതുമൊക്കെ വണ്ണംകൂട്ടുന്ന ഘടകങ്ങളാണ്. അതിനാൽ ഇവയിൽ മാറ്റംവരുത്തേണ്ടതും പ്രധാനമാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കലാണ് ആദ്യം ചെയ്യേണ്ടത്. ചെറിയ പാത്രത്തിൽ സാധാരണ എടുക്കുന്നതിനേക്കാൾ കുറച്ച് അളവിൽ ഭക്ഷണം എടുത്തുതുടങ്ങാം. പതിയെ പതിയെ അതിന്റെ അളവ് കുറച്ചുകൊണ്ട് വരികയും ചെയ്യാം. അതുപോലെ തന്നെ പതിയെ ചവച്ചരച്ചു കഴിക്കുകയും വേണം. ചോറും എണ്ണയും കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളുമൊക്കെ കുറച്ച് ആരോഗ്യപ്രദമായ ആഹാരങ്ങൾ കൂട്ടുകയും ചെയ്യണം.
3 വെള്ളത്തിൽ വീട്ടുവീഴ്ച്ച വേണ്ട
വണ്ണംകുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണോ? എന്നാൽ വെള്ളംകുടിക്കുന്നതിൽ വിട്ടുവീഴ്ച്ച ചെയ്യുകയേ അരുത്. വെള്ളം കുടിക്കുന്നത് വയറുനിറഞ്ഞതായി തോന്നിക്കുകയും ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിലും വെള്ളത്തിന്റെ പങ്ക് വളരെവലുതാണ്. ദിവസവും എട്ടുമുതൽ പത്തുഗ്ലാസോളം വെള്ളം കുടിക്കണം.
4 ഉറക്കം പ്രധാനം
വണ്ണംകുറയ്ക്കാൻ തുടങ്ങുന്ന പലരും ആഹാരത്തിലും വ്യായാമത്തിലും മാത്രമാണ് ശ്രദ്ധകേന്ദ്രീകരിക്കാറുള്ളത്. എന്നാൽ ഉറക്കത്തിനും വണ്ണംകുറയ്ക്കുന്നതിൽ വലിയപങ്കുണ്ട്. ശരീരത്തിന് മതിയായ ഉറക്കം ലഭിക്കാതിരിക്കുക വഴി ലെപ്റ്റിൻ എന്ന ഹോർമോണിന്റെ അളവിൽ ഏറ്റക്കുറച്ചിൽ വരികയും ഇത് വിശപ്പിനെ സ്വാധീനിക്കുകയും ചെയ്യും. താരതമ്യേന ഉറക്കം കുറഞ്ഞവരിൽ കൃത്യമായി ഏഴുംഎട്ടും മണിക്കൂർ ഉറങ്ങുന്നവരെ അപേക്ഷിച്ച് വണ്ണംകൂടുന്നതായി പലപഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഉറക്കം ചിട്ടയാകുന്നതിലൂടെ രാത്രികാലങ്ങളിൽ അനാവശ്യമായി സ്നാക്സ് കഴിക്കുന്ന ശീലവും ഇല്ലാതാകും.
5 വ്യായാമവും വേണം
വണ്ണംകുറയ്ക്കാൻ വ്യായാമം പ്രധാനമാണെന്നത് പലർക്കും അറിയുന്ന കാര്യമാണ്. വ്യായാമം മുടങ്ങാതെ ചെയ്യുന്നതിലൂടെ ആരോഗ്യകരമായി വണ്ണംകുറയ്ക്കാനാവും. വ്യായാമം സ്ഥിരമാക്കുക വഴി ഊർജം നിലനിർത്താനും കലോറി കുറയ്ക്കാനുമാവും. കലോറി കുറയ്ക്കുന്നതിലൂടെയാണ് മിക്കയാളുകൾക്കും പെട്ടെന്ന് വണ്ണം കുറയുന്നതായി കാണാറുള്ളത് . കുറച്ചുനാളത്തേക്ക് വ്യായാമം ചെയ്യുന്നതിനു പകരം സ്ഥിരമായി വ്യായാമം ചെയ്യുന്നതാണ് ഗുണം ചെയ്യുക.
Content Highlights: sonam kapoor weight loss photo